ee

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി. എഫിന് ഏറ്റ തിരിച്ചടിയുടെ ധാർമികമായ ഉത്തരവാദിത്വമേറ്റെടുത്ത് ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കില്ല എന്ന തീരുമാനത്തിലെത്തി. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി തന്നെയാണ് രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചത്. പിണറായി വിജയനെ നേർക്കുനേർ നേരിടാൻ രമേശ് ചെന്നിത്തലയ്‌ക്ക് സാധിക്കുമോ എന്ന ആശങ്ക ആസ്ഥാനത്താക്കി തുടക്കം മുതൽക്കു തന്നെ സർക്കാറിനെ കടന്നാക്രമിക്കുന്ന നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. സർക്കാരിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ആരോപണങ്ങളിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ റോൾ തന്നാൽ ആകും വിധം നിറവേറ്റി. കഴിഞ്ഞ നാല് വർഷക്കാലം സർക്കാരിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന നിരവധി ആരോപണങ്ങൾ ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്നു. സ്‌പ്രിംഗ്ലർ കെ ഫോൺലൈഫ് മിഷൻ വിവാദം

തുടങ്ങി ഇത്തരം ആരോപണങ്ങളിൽ എല്ലാം സർക്കാരിന് പ്രതിരോധം തീർക്കേണ്ടതായും വന്നു. തുടക്കത്തിൽ
ഈ ആരോപണങ്ങളെ ചിരിച്ചു തള്ളിയ മുഖ്യമന്ത്രിക്കും സർക്കാരിനും ഇതേ ആരോപണങ്ങളെ ഗൗരവമായി എടുക്കേണ്ടി വരികയും അവയ്‌ക്കെല്ലാം പ്രതിരോധം തീർക്കേണ്ടിയും വന്നു. ലൈഫ് മിഷൻ സ്വർണ്ണക്കടത്ത് തുടങ്ങിയ നിരവധി വിഷയങ്ങളിൽ സർക്കാരിന് തിരിച്ചടി സംഭവിക്കുമോ എന്ന് പോലും തോന്നിച്ച ഘട്ടത്തിൽ
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിന് വലിയതോതിൽ വിജയം നേടാനായി. ഇതോടെ സർക്കാരിന് ശ്വാസം നേരെ വീണെങ്കിലും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സഭയ്‌ക്കു അകത്തും പുറത്തും ചെന്നിത്തലയ്‌ക്ക്
നിറഞ്ഞുനിൽക്കാൻ ആയി എന്നതുതന്നെയാണ് വാസ്തവം. ഇക്കാലമത്രയും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാതെ നിൽക്കുകയായിരുന്നു ഉമ്മൻചാണ്ടി. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും ഏറ്റ കനത്ത തിരിച്ചടിയെ തുടർന്ന് ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വരണമെന്ന് ആവശ്യം കോൺഗ്രസിന് അകത്തുനിന്നും ഘടകകക്ഷികൾക്ക് ഇടയിൽ നിന്നും ഉയർന്നു. അർഹിക്കുന്ന പദവി നൽകി ഉമ്മൻചാണ്ടിയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഹൈക്കമാൻഡിനു മുന്നിലെത്തി .അങ്ങനെയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയുടെ ചെയർമാനായി ഉമ്മൻചാണ്ടിയ്‌ക്ക് നിയമനം ആകുന്നത്. സ്വാഭാവികമായും ഒരു ചോദ്യം ഇവിടെ ഉയരുന്നത്
അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അല്ലെങ്കിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നതാണ്.
ഉമ്മൻചാണ്ടിയുടെ വരവോടുകൂടി ചെന്നിത്തലയുടെ നില പരുങ്ങലിലായി എന്ന് കരുതുന്നവരുമുണ്ട് .ദേശീയ രാഷ്ട്രീയത്തിൽ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കളം മാറ്റി ചവിട്ടിയ പി. കെ. കുഞ്ഞാലിക്കുട്ടി പോലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശവാദം ഉന്നയിക്കാൻ സാധ്യത വിരളമല്ല. ഈ രാഷ്ട്രീയ പരിതസ്ഥിതി നിലനിൽക്കുന്ന അതേ കാലത്ത് ഓൺലൈനിൽ സജീവമായ ഒരു മലയാളചലച്ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ". ജിയോ ബേബി സംവിധാനം ചെയ്ത ഈ സിനിമ നമ്മുടെ വീടുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. അടുക്കളകളിൽ തളച്ചിടപ്പെടുന്ന വിദ്യാസമ്പന്നരായ സ്ത്രീകളുടെ അവസ്ഥയാണ് സിനിമയിൽ.
പ്രത്യക്ഷത്തിൽ നിർദോഷം എന്ന് തോന്നുന്ന കുടുംബഅന്തരീക്ഷത്തിലും സ്ത്രീകൾ എത്രമാത്രം പുരുഷ മേൽക്കോയ്‌മയ്‌ക്ക് മുന്നിൽ തളച്ചിടപ്പെടുന്നു എന്ന വാസ്തവമാണ് സിനിമ തുറന്നുകാട്ടുന്നത്. വളരെ ജനപ്രിയം അല്ലാത്ത ഒ.ടി.ടി പ്ലറ്റ്‌ഫോമിൽ റിലീസ് ചെയ്‌തെങ്കിലും ഈ സിനിമ സാമൂഹിക മാദ്ധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുകയുണ്ടായി. ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള പോസിറ്റീവ് റിവ്യൂ കൊണ്ട് നിറഞ്ഞു. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ ഇത്ര മാത്രം ചർച്ച ചെയ്യപ്പെട്ട മറ്റൊരു മലയാള സിനിമ ഉണ്ടോ എന്ന് പോലും സംശയമാണ് .

ഈ സിനിമയിലെ നായികയുടെ അവസ്ഥയോട് ചെന്നിത്തലയുടെ നിലവിലുള്ള അവസ്ഥയെ താരതമ്യം ചെയ്തുകൊണ്ട് കേരളകൗമുദിയിൽ വരച്ച 'ദ ഗ്രേറ്റ് കോണ്ഗ്രസ് കിച്ചൻ" എന്ന കാർട്ടൂൺ വളരെയധികം ജനപ്രിയ ജനപ്രിയമായി. കോൺഗ്രസിന്റെ അടുക്കളയിൽ അടുപ്പിൽ ഊതിയും പാത്രം കഴുകിയും തുണി നനച്ചുംവെള്ളം കോരിയും വിറക് വെട്ടിയും കാലം കഴിക്കാൻ വിധിക്കപ്പെട്ട ചെന്നിത്തല ആയിരുന്നു കാർട്ടൂണിലെ പ്രധാനകഥാപാത്രം. തനിക്കുവേണ്ടി മുഖ്യമന്ത്രി കുപ്പായം അലക്കിയത് ഉണങ്ങിയോ എന്നാണ് ഉമ്മൻചാണ്ടി ചെന്നിത്തലയോട് ചോദിക്കുന്നത്. ഏറെ ചർച്ചകൾക്ക് വഴിതെളിച്ച ഈ സിനിമയുമായി നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ചേർത്തുവെവച്ച് വരച്ച കാർട്ടൂൺ ഏറെ ജനപ്രിയം ആവുകയും ഒരുപാട് മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്‌തു. ടി.വി ചാനലുകളിലെ സംവാദ വേദികളിലും ഈ കാർട്ടൂൺ പരാമർശിക്കപ്പെട്ടു എന്നത് ഏറെ സന്തോഷം നൽകി.