നടനത്തിന്റെ ആറാട്ട് തീർത്ത വരിക്കാശേരി മനയിൽ വീണ്ടും മോഹൻലാൽ
'ആറാട്ടി "ന്റെ ചിത്രികരണത്തിനെത്തിയ മോഹൻലാൽ തന്റെ പ്രിയപ്പെട്ട മനയിൽ ചിലവിട്ടത് 12 ദിനങ്ങൾ .
ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ആറാട്ടി "ന്റെ ചിത്രീകരണത്തിനാണ് മോഹൻലാൽ ഒറ്റപ്പാലത്തെ വരിക്കാശേരി മനയിലെത്തിയത്. മനയുമായി മോഹൻലാലിന് ഏറെ വൈകാരിക ബന്ധമുണ്ട്. മോഹൻലാൽ മന സ്വന്തമാക്കി എന്നു വരെ ഒരു കാലത്ത് പ്രചാരണമുണ്ടായിരുന്നു.
തന്റെ ചലച്ചിത്ര ജീവിതത്തിൽ തകർപ്പൻ വിജയങ്ങൾ നൽകിയ പല കഥാപാത്രങ്ങൾക്കും, സിനിമകൾക്കും പശ്ചാത്തലമായത് ഈ മനയാണ്. ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം മുതലായ 'സ്ഫോടനാത്മക "മായ സിനിമകളിലെ മോഹൻലാൽ നായകകഥാപാത്രങ്ങൾക്ക് പൗരുഷഭാവം ഇരട്ടിപ്പിച്ച് നൽകിയത് വരിക്കാശേരി മനയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പിറക്കുന്ന ഭാഗ്യ മണ്ണായി മന മോഹൻലാലിനൊപ്പം ചേർത്തുവയ്ക്കപ്പെട്ടു. ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ തീരങ്ങളിൽ ചിത്രീകരണത്തിനെത്തുന്ന ലാൽ സിനിമകളുടെ ഒരു സീൻ എങ്കിലും മനയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കാൻ ഷാജി കൈലാസ് അടക്കം പല സംവിധായകരും ശ്രദ്ധിച്ചിരുന്നു. മോഹൻലാലും, വരിക്കാശേരി മനയും ഒന്നിക്കുന്ന മുഹൂർത്തം ആരാധകരും, സിനിമാപ്രേമികളും കാത്തിരിക്കുന്നതും, നെഞ്ചേറ്റുന്നതുമാണ്. 'ആറാട്ടി "ലൂടെ ആരാധകരുടെ ആ കാത്തിരിപ്പാണ് യാഥാർത്ഥ്യമായത്.
വരിക്കാശേരി മനയിലെത്തിയ ലാൽ ഏറെ വൈകാരിക ഭാവത്തോടെയാണ് ഇങ്ങനെ പറഞ്ഞത്.
' ഞാൻ എന്റെ തറവാട്ടിൽ തിരിച്ചെത്തിയ പോലൊരു ഫീൽ... "
പിന്നെ ആ പൂമുഖത്തെ ചാരുകസേരയിലൊരു വിശാലമായൊരു ഇരിപ്പും; ലാൽ സ്റ്റൈലിൽ..
മംഗലശേരി നീലകണ്ഠനെ ഓർമ്മിപ്പിച്ചു കൊണ്ട് ...
ആ ഭാവ ഗാംഭീര്യത്തോടെ തന്നെ. അന്നേരം മന മുറ്റത്ത് ഒരശ്ശരീരി പോലെ മുണ്ടയ്ക്കൽ ശേഖരന്റെ ഘനഗാംഭീര്യമായ ശബ്ദം മുഴങ്ങുന്നത് പോലെ ..
'നീലാണ്ടാ.. ,നീ വീണ്ടും വന്നൂ ല്ലേ..." എന്നൊരു ഭീഷണി സ്വരം നിറഞ്ഞ പോലെ ...
ശേഖരനുണ്ടെങ്കിലേ നീലകണ്ഠൻ നീലകണ്ഠനാവൂ... ആ ഗാംഭീര്യം പൂർണമാവൂ..
മനയുടെ പൂമുഖത്തെ ആ ചാരുകസേര മംഗലശ്ശേരി നീലകണ്ഠനെ തിരിച്ചറിഞ്ഞ പോലെ ,കാത്തിരുന്ന പോലെ തോന്നിച്ച ആ രംഗം കണ്ട് നിന്നവർ നെഞ്ചേറ്റി.
വരിക്കാശ്ശേരി മനയുടെ പൂമുഖത്തെ ആ ചാരുകസേരയിൽ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വീണ്ടുമിരുന്നു. മംഗലശേരി നീലകണ്ഠന്റെ അതേ ഗാംഭീര്യ ഭാവത്തോടെ..
മോഹൻലാലിന്റെ 60ാം പിറന്നാളിന് ആരാധകർ നേർന്ന വേറിട്ട ആശംസകളിൽ ഒന്നായിരുന്നു ഇത്. ലാലേട്ടനെ ഒരിക്കൽ കൂടി വരിക്കാശേരി മനയുടെ പൂമുഖത്ത് ആ ചാരുകസേരയിൽ ഗാംഭീര്യ ഭാവത്തോടെ
കാണണം. ഒരിക്കൽ കൂടി മീശ പിരിച്ച്
''അഴിഞ്ഞാടണം.. ""
ഇതിന് മോഹൻലാൽ ചിരി ചേർത്ത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
'എല്ലാം നടക്കട്ടെ ... അതൊക്കെ സംഭവിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഞാനും അങ്ങനെയൊക്കെ ആഗ്രഹിക്കുന്നു... " എന്നായിരുന്നു.
അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ആറാട്ടിലെ നായക കഥാപാത്രത്തിനായി വേഷമിട്ട ലാൽ വരിക്കാശേരി മനയുടെ പൂമുഖത്തെ ചാരുകസേരയിൽ പ്രൗഢിയോടെ, ഗാംഭീര്യ ഭാവത്തോടെ ഇരിക്കുന്ന രംഗം ബി.ഉണ്ണിക്കൃഷ്ണൻ ചിത്രീകരിക്കുകയും ചെയ്തു.
വരിക്കാശേരിയുടെ മണ്ണിൽ ലാൽ 'അഴിഞ്ഞാടിയ " ആ സിനിമകൾ, കഥാപാത്രങ്ങൾ പലരും ഈ നിമിഷം ഓർത്തു പോയി .
ചിത്രീകരണം കണ്ട് നിന്നവരുടെ മനസിൽ മംഗലശേരി നീലകണ്ഠനും, ജഗന്നാഥനും, ഇന്ദുചൂഢനുമൊക്കെ അഭ്രപാളിയിലെന്ന പോലെ തെളിഞ്ഞു.
12 ദിവസം നീണ്ട് നിന്ന ആറാട്ടിന്റെ ചിത്രീകരണമാണ് മനയിൽ നടന്നത്.
വരിക്കാശേരി മനയും, വാഴാലിക്കാവും, നിളയും, നൃത്തവും, പുഴയും,പൂതനും, തിറയും, കാവടിയും,അങ്ങനെ വള്ളുവനാടൻ മണ്ണിലെ ഭാഗ്യമുദ്രകളെയൊക്കെ കാമറയിലാക്കി 'ആറാട്ട് " സംഘം ഒറ്റപ്പാലത്ത് നിന്ന് മടങ്ങി. പ്രേക്ഷകരെ ആവേശത്തിന്റെ ആറാട്ടിലാടിക്കാൻ വേണ്ട ചേരുവകൾ ചേർത്ത് വെച്ചതാണ് ഈ മോഹൻലാൽ സിനിമ .
വരിക്കാശേരിമനയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മോഹൻലാൽ ഒരുവട്ടം കൂടി തിരിഞ്ഞു നോക്കി...
'ഈ തറവാട്ടിലേക്ക് ഇനിയും വരണം എന്ന മോഹത്തോടെ...
വരാമെന്ന വാക്കോടെ.. "