supreme-court

ന്യൂഡൽഹി: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്‌പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന പരാമർശമടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. തൊലിപ്പുറത്ത് തൊടാതെയുളള ലൈംഗികാതിക്രമത്തിൽ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ പരാമർശവും ഇതോടെ റദ്ദായി. മൂന്ന് വനിതാ അഭിഭാഷകർ നൽകിയ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയെ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്‍വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെ കെ വേണുഗോപാൽ പറഞ്ഞു. കൃത്യമായ ഒരു ഹർജി തയ്യാറാക്കി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് നിർദേശിച്ചു.

പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കകം പ്രതിയോട് തിരികെ ജയിലിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. 31 വയസായ ഒരാൾ 12 വയസുളള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഞെട്ടിക്കുന്ന പരാമർശം നടത്തിയത്.

കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുളളിലൂടെ സ്പർശിക്കണമായിരുന്നു. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കേസിൽ കോടതിയുടെ വിധിന്യായം.