തൃശൂർ: ഷട്ടിൽ കളിക്കിടെ മിമിക്രി കലാകാരൻ കുഴഞ്ഞ് വീണ് മരിച്ചു. വെള്ളാങ്ങല്ലൂർ കുന്നത്ത് വളപ്പിൽ കരീം മകൻ കലാഭവൻ കബീർ (47) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഷട്ടിൽ അക്കാഡമിയിൽ കളിക്കുന്നതിനിടെ തളർന്നു
വീഴുകയായിരുന്നു. ഉടൻ തന്നെ സഹകരണ ആശുപത്രിയി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇറക്കിയിരുന്ന മാരുതി കാസറ്റ്സ് ഉടമയാണ് കബീർ. കലാഭവൻ മണിയുമായി ചേർന്നുള്ള നിരവധി ഗാനങ്ങൾ ഹിറ്റായിട്ടുണ്ട്. ഇപ്പോൾ മിമിക്രി വേദികളിൽ സജീവമായിരുന്നില്ല. ബിൽഡിംഗ് കോൺട്രാക്ട് ജോലി ചെയ്തുവരികയായിരുന്നു കബീർ.
കെ.കെ.ടി.എം കോളേജിൽ പഠിച്ച് കൊണ്ടിരിക്കെ മിമിക്രി വേദിയിൽ സജീവമായിരുന്ന കബീർ ഡി.സോൺ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഡിഗ്രി പഠനത്തിന് ശേഷമാണ് കലാഭവനിൽ ചേർന്നത്. ഭാര്യ ഷിഫ. മക്കൾ.ഹുസാന,അമാന,അമീൻ. സംസ്കാരം നടത്തി.