തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ചാക്കയിലുള്ള ബ്രഹ്മോസ് എയ്റോ സ്‌പേസ് തിരുവനന്തപുരം ലിമിറ്റഡിന്റെ 5.3 ഏക്കർ കൂടി ഏറ്റെടുക്കും. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നത് ബ്രഹ്മോസിന്റെ ഭാവിയിലുള്ള വികസനത്തെ കൂടി ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികൾ എതിർപ്പുമായി രംഗത്ത് വന്നതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. മിസൈൽ യൂണിറ്റിന്റെ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ ബ്രഹ്മോസ് എയ്റോസ്‌പേസ് സ്റ്റാഫ് ഫെഡറേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ലഭിച്ചതടക്കമുള്ള ഭൂമി കൂടി ഉൾപ്പെടുന്നതാണ് ബ്രഹ്മോസിന്റെ 5.3 ഏക്കർ. വിമാനത്താവള വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ളിഷ്‌മെന്റ് ഇതിനോടകം 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവിടെ ടർബോറാൻ എൻജിൻ അടക്കം സമയബന്ധിതമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഭൂമിക്ക് പകരം എന്ത്?
വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി ബ്രഹ്മോസിന് മറ്റെവിടെയെങ്കിലും ഭൂമി നൽകുമയോന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരു ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിൽ ഇത് ബ്രഹ്മോസിന്റെ വികസനത്തെ അപ്പാടെ ബാധിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ ആശങ്ക. പകരം ഭൂമി ലഭിക്കുകയാണെങ്കിൽ 5.3 ഏക്കർ ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്ന് തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ഏറ്റെടുക്കുന്നതിന് തുല്യമായ ഭൂമി ചാക്ക ഐ.ടി.ഐയ്ക്ക് സമീപത്ത് നൽകണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രഹ്മോസിലെ തൊഴിലാളികൾ.
വിമാനത്താവളത്തിനായി 55,000ചതുരശ്രഅടി വരുന്ന പുതിയ ടെർമിനൽ നിർമ്മിക്കാൻ 18.30ഏക്കർ ഭൂമിയാണ് വേണ്ടത്. നിലവിൽ താൽക്കാലിക ലൈസൻസ് മാത്രമുള്ള വിമാനത്താവളത്തിന് റൺവേയുടെ വീതി ഇരുവശങ്ങളിലും 150 മീറ്റർ വീതം വർദ്ധിപ്പിക്കേണണ്ടതുണ്ട്. റൺവേയുടെ നീളം കൂട്ടുന്നതിനായി ബ്രഹ്മോസിലും ട്രാൻവൻകൂർ ടൈറ്രാനിയം പ്രോഡ്ക്ട് ലിമിറ്റഡിൽ നിന്നുമായി 13 ഏക്കർ ഭൂമി വേണ്ടിവരും. സമാന്തരമായ ടാക്സിവേ നിർമ്മിക്കുന്നതിന് ചാക്ക ഫയർ സ്‌റ്റേഷന് വശത്തുള്ള ഭൂമി വേണം. ഇതിനെല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനം അത്യാവശ്യമാണ്.
അതേസമയം, വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. വിമാനത്താവള നടത്തിപ്പ് ചുമതല സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകുകയോ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരുകയോ വേണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതിനിടെ വിമാനത്താവളം പാട്ടത്തിന് നൽകാനുള്ള കരാർ ഒപ്പിടാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുണ്ട്.
2008ലാണ് ഇന്ത്യ- റഷ്യ സംയുക്ത സംരഭമായ മിസൈൽ പദ്ധതിയുടെ ഭാഗമായി ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിനെ പൊതുമേഖലയിലുള്ള കെൽടെക് ഏറ്റെടുത്ത് ബ്രഹ്മോസ് എന്ന് പുനർനാമകരണം ചെയ്തത്.