ചുമർചിത്ര കല, കേരളീയതയുടെ ദേവതാസങ്കല്പം, ദേശചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ, മ്യൂറൽസ് ഓഫ് കേരള തുടങ്ങി നിരവധി
ഗ്രന്ഥങ്ങളുടെ രചയിതാവായ ഡോ. എം.ജി. ശശിഭൂഷൺ കലാചരിത്രരംഗത്ത് അരനൂറ്റാണ്ട് പിന്നിടുകയാണ്
കലാചരിത്രകാരനും ചുമർചിത്രകലാ ഗവേഷകനുമായ ഡോ. എം.ജി. ശശിഭൂഷൺ കലാചരിത്രരംഗത്ത് അര നൂറ്റാണ്ട് പിന്നിടുകയാണ്. ഇക്കഴിഞ്ഞ ജനുവരി 6 ന് 70 വയസ് പൂർത്തിയാക്കിയ ശശിഭൂഷൺ കേരളത്തിലെ ചുമർചിത്ര കല, കേരളീയതയുടെ ദേവതാസങ്കല്പം, ദേശചരിത്രം കേരളീയ ക്ഷേത്രങ്ങളിലൂടെ, മ്യൂറൽസ് ഓഫ് കേരള തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരളീയ ചുമർചിത്ര കലയുടെ ചരിത്രം, സൗന്ദര്യം, നവോത്ഥാനം എന്നിവ വിലയിരുത്തുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും ചുമരുകളിൽ നൂറ്റാണ്ടുകളായി രേഖകളുടെയും വർണബോധത്തിന്റേയും ഒരു മായാലോകം സൃഷ്ടിക്കുകയാണ് ചുമർചിത്രങ്ങൾ. വർണ്ണ പ്രതിപാദനത്തിലും വിഷയ ആവിഷ്കരണത്തിലും അതിന്റെ പരമ്പരാഗതമായ തനിമ എന്നും നിലനിർത്താൻ ചുമർചിത്രങ്ങൾക്ക് സാദ്ധ്യമായിട്ടുണ്ട്. ശൈവ വൈഷ്ണവ സങ്കല്പങ്ങൾക്ക് ദൈവീക പരിവേഷം നൽകുന്ന ചുമർചിത്രങ്ങൾ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒളിമങ്ങാത്ത ശ്രോതസുകളായി നിലകൊള്ളുന്നു. ചരിത്രഭാഷയിൽ പറഞ്ഞാൽ 8-ാം നൂറ്റാണ്ടിൽ ആരംഭിച്ച ഈ കലാശാഖ ഇന്ന് കേരളത്തിൽ വളരെ അധികം പ്രാഗത്ഭ്യം നേടിക്കഴിഞ്ഞു.നൂറ്റാണ്ടുകൾ പഴക്കമാർന്ന പല ക്ഷേത്രങ്ങളിലെ ചിത്രങ്ങളും ഇന്ന് വേണ്ട രീതിയിൽ സംരക്ഷണം ലഭിക്കാതെയും, പ്രകൃതിയുടെ പ്രഹരംകൊണ്ടും കാലഹരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാഴ്ച കുറച്ചൊക്കെ നാം കണ്ടുകൊണ്ടിരിക്കുന്നു. എങ്കിലും, ചിത്രങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും സാധിക്കുന്നുണ്ട് എന്നത് അല്പം ആശ്വാസമാകുന്നുണ്ട്. ഇന്നത്തെ ഈ കാഴ്ചപ്പാടിൽ ചുമർചിത്രകലക്ക് ഉണ്ടായ വളർച്ചയും അതോടൊപ്പം തന്നെ ഈ കലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും വിശകലനം ചെയ്യപ്പെടേണ്ടത് അനിവാര്യതയാണ്.
കലാരംഗത്തെ പ്രവേശനം
കേരളത്തിലെ ഏറ്റവും വലിയ ചുമർച്ചിത്രങ്ങളിലൊന്നായ ഗജേന്ദ്രമോക്ഷം വരച്ചിട്ടുള്ള കായംകുളത്തെ കൃഷ്ണപുരം കൊട്ടാരത്തിനടുത്തുള്ള സ്കൂളിലായിരുന്നു പ്രൈമറി സ്കൂൾ വിദ്യാഭ്യാസം. സ്കൂളിൽ പോകുമ്പോഴും മടങ്ങുമ്പോഴും കൃഷ്ണപുരം കൊട്ടാരത്തിനു വലം വച്ചിരുന്നു. കൊട്ടാരത്തിനടുത്തുള്ള മിഷൻ ഹോസ്പിറ്റൽ സ്വാതിതിരുനാൾ മഹാരാജാവ് (1829-1847) സ്ഥാപിച്ച കോടതികളിലൊന്നായിരുന്നു. കൃഷ്ണപുരമെന്ന വിസ്മൃത രാജധാനിയാണ് ചരിത്രത്തെ അറിയാൻ എന്നെ പ്രേരിപ്പിച്ചത്. ചെട്ടിക്കുളങ്ങരയിലെ തേരും കുതിരയും ഓച്ചിറ കെട്ടുകാഴ്ചകളും ഓച്ചിറക്കളിയുമെല്ലാം കുട്ടിക്കാലത്തെ അത്ഭുതങ്ങളായിരുന്നു. കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷത്തെ മനസിലാക്കാനുള്ള അന്വേഷണങ്ങളാണ് ചുമർചിത്ര പഠനത്തിലേയ്ക്ക് എന്നെ നയിച്ചത്. ഇനിയും അവശേഷിക്കുന്ന ഇരുനൂറോളം വരുന്ന ചുമർചിത്രസങ്കേതങ്ങളിൽ പോകാനും അവയെല്ലാം കാമറയിൽ പകർത്താനും കേരള പുരാവസ്തുവകുപ്പിന്റെ സഹായം എനിക്ക് ആവശ്യമായിരുന്നു. ഏറ്റുമാനൂരിൽ 1981-ൽ ആരംഭിച്ച ചുമർച്ചിത്ര പഠനകേന്ദ്രത്തിന്റെ ആദ്യത്തെ ഡോക്യുമെന്റേഷൻ ഓഫീസറായി അഞ്ചുവർഷക്കാലം ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. അക്കാലത്താണ് പാരമ്പര്യ ചിത്രകാരനായ മമ്മിയൂർ കൃഷ്ണൻകുട്ടി നായരാശാനെ പരിചയപ്പെടാൻ കഴിഞ്ഞത്. ഗുരുവായൂർ ദേവസ്വത്തിന്റെ ചുമതലയിൽ ഒരു പഠനകേന്ദ്രം തുടങ്ങാൻ അന്നത്തെ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം കെ.എ. ചന്ദ്രഹാസന്റെ നേതൃത്വത്തിൽ ഞങ്ങൾ ഏതാനും പേർ തീവ്രമായി ആഗ്രഹിച്ചു. വൈകാതെ അത് സഫലമായി. മമ്മിയൂർ കൃഷ്ണൻകുട്ടിനായർ ആശാൻ പ്രിൻസിപ്പലും ഞാൻ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഓഫീസറും ആയി 1989-ൽ പഠനകേന്ദ്രം നിലവിൽ വന്നു.
നവോത്ഥാനം
കലാചരിത്രം തയ്യാറാക്കുക എളുപ്പമല്ല. മഹോദയപുരം ആസ്ഥാനമാക്കി പെരുമാക്കന്മാർ കേരളം ഭരിക്കുകയോ അതല്ലെങ്കിൽ നിയന്ത്രിക്കുകയോ ചെയ്തിരുന്ന നാളുകളിലാണ്, കൂടിയാട്ടം പോലുള്ള കലാരൂപങ്ങൾക്കു ഇവിടെ പ്രചാരം ലഭിക്കുന്നത്. ഇക്കാലത്താണ് ക്ഷേത്രവാസ്തുശില്പത്തിന്റെയും അതിന്റെ ഭാഗമായുള്ള ചുമർച്ചിത്ര രചനയുടെയും ദാരുശില്പങ്ങളുടെയും ആദ്യത്തെ നവോത്ഥാനം. ഓവിയന്മാർ ആയിരുന്നു ചിത്രങ്ങൾ വരച്ചത്. കൃഷ്ണനാട്ടം പോലെയുള്ള കലാരൂപങ്ങളുടെയും മേല്പ്പത്തൂരിനെയും പൂന്താനത്തെയും എഴുത്തച്ഛനെയും മാനവേദനെയും പോലുള്ള കവികളുടെ കാലമായ പതിനാറാം നൂറ്റാണ്ടും ആലേഖന കലകളുടെ സുവർണ്ണക്കാലമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലേയും പത്തൊമ്പതാം നൂറ്റാണ്ടിലേയും കേരളത്തിന്റെ ദൃശ്യചരിത്രം തയ്യാറാക്കാൻ നമ്മുടെ ചുവർചിത്രങ്ങൾ സഹായിക്കുന്നുണ്ട്. ഈ സാദ്ധ്യത ചരിത്രകാരന്മാർ ഇനിയും വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. തൊടീക്കളം ക്ഷേത്രത്തിൽ അന്ന് യുവരാജാവായിരുന്ന പഴശി കേരളവർമ്മ തമ്പുരാനെ ചിത്രീകരിച്ചിട്ടുണ്ട്. പാലക്കാട്ടെ കോട്ടയിൽ നിന്ന് ടിപ്പുസുൽത്താന്റെ സൈന്യത്തെ ഒഴിപ്പിച്ച ഈസ്റ്റിന്ത്യാകമ്പനിയുടേയും തിരുവിതാംകൂർ സൈന്യത്തിന്റെയും ചിത്രീകരണം കാഞ്ഞൂർ പള്ളിയിൽ ഉണ്ടായിരുന്നു. തിരുവട്ടാർക്ഷേത്രത്തിലെ ഉത്സവ ശീവേലിയുടെ ചിത്രീകരണത്തിൽ മാർത്താണ്ഡവർമ്മയെ കാണാമായിരുന്നു. സേതുലക്ഷ്മിബായിയുടേയും സേതു പാർവ്വതീ ബായിയുടേയും നാളുകളിൽ തിരുവിതാംകൂർ ഭരിച്ചിരുന്നത് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥന്മാരായിരുന്നുവെന്ന് തിരുവനന്തപുരത്തെ വലിയ കൊട്ടാരത്തിലെ ചുമർചിത്രങ്ങൾ സൂചിപ്പിക്കുന്നു. കൊച്ചിയിലെ മന്തുരോഗ ത്തിന്റെ വ്യാപ്തിയെക്കുറിച്ച് എളങ്കുന്നപ്പുഴ ക്ഷേത്രത്തിലെ ഒരു ചിത്രം അറിവ് തരുന്നു. ചെറുകിട രാജ്യങ്ങളുടെ അസ്തമയവും മാർത്താണ്ഡവർമ്മ മഹരാജാവിന്റെ വടക്കോട്ടുള്ള ജൈത്രയാത്രയും പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടും കേരളീയ ആലേഖന കലകൾക്ക് അവിസ്മരണീയമായിരുന്നു.
സൗന്ദര്യശാസ്ത്രം
അഞ്ചു പ്രാഥമിക വർണങ്ങൾ ഉപയോഗിച്ചും രേഖാചടുതലയ്ക്ക് പ്രാധാന്യം കൊടുത്തും വിഗ്രഹശാസ്ത്രത്തെ കഴിയുന്നത്ര പിന്തുടർന്നും വരയ്ക്കുന്ന ചിത്രങ്ങളായിരുന്നു കേരളത്തിലെ ചുമർചിത്രങ്ങൾ. കാവിച്ചുവപ്പ്, വെള്ള, മഞ്ഞ, കറുപ്പ്, ഹരിതനീലം എന്നിവയാണ് കേരളത്തിലെ ചുമർചിത്രങ്ങളിൽ പൊതുവെ കണ്ടുവരുന്നത്. ഇന്നത്തെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെടുന്ന തിരുനന്ദിക്കരയിലെ പ്രാചീന ഗുഹാക്ഷേത്രത്തിന്റെ മച്ചിൽ കാണുന്ന ചിത്രാവശിഷ്ടങ്ങളാണ് കേരളീയ ശൈലിയിലുള്ള ചുമർച്ചിത്രങ്ങളിൽ വച്ച് ഏറ്റവും പ്രാചീനം. ഇവയുടെ രചനാകാലം ഒൻപതാം നൂറ്റാണ്ടാണെന്നും അതല്ല പത്താം നൂറ്റാണ്ടാണെന്നും കലാചരിത്രകാരന്മാർ വ്യത്യസ്തങ്ങളായി നിരീക്ഷി ക്കുന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ചുമർച്ചിത്രങ്ങളാണ് ഏറ്റവും കൂടുതലായി കേരളത്തിൽ ഇന്ന് കണ്ടുവരുന്നത്. അതിനു മുമ്പുണ്ടായിരുന്ന ചിത്രങ്ങളിൽ മിക്കതും നമ്മുടെ പൂർവികരുടെ അശ്രദ്ധകാരണം നശിപ്പിക്കപ്പെടുകയായിരുന്നു. വ്യത്യസ്തങ്ങളായ ചാക്ഷുഷ കേന്ദ്രവും (Optical Centre) ജ്യാമിതിയ കേന്ദ്രവും (Geometric Centre) സൃഷ്ടിച്ചുകൊണ്ട് ചിത്രങ്ങൾക്കു ചലനപ്രതീതി സൃഷ്ടിക്കുവാൻ അജന്തയിലെയും ചിത്തണ്ണാ വാസലിലെയും കലാകാരന്മാരെപ്പോലെ കേരളീയ കലാകാരന്മാരും ശ്രദ്ധിച്ചിരുന്നു. ഏറ്റുമാനൂരെ നടരാജചിത്രവും മറ്റും പ്രശസ്തമായത്, ഈ പ്രത്യേകത കൊണ്ടു കൂടിയാണ്. കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷ ചിത്രത്തിനും പനയന്നാർ കാവിലെയും മട്ടാഞ്ചേരി കൊട്ടാരത്തിലെയും രാമായണ ചിത്രീകരണങ്ങൾക്കും പത്മനാഭപുരത്തെയും പുണ്ഡരീകപുരത്തെയും വേണുഗോപാല ചിത്രങ്ങൾക്കും ഈ പ്രത്യേകത പ്രകടമാണ്.
കാലാനുസൃതമായ മാറ്റം
തന്ത്രസമുച്ചയത്തിലും ശില്പരത്നത്തിലും ദേവീദേവന്മാരുടെ സ്വരൂപ വർണ്ണനകളുണ്ട്. ഇവയെ ധ്യാനങ്ങൾ എന്നാണ് പറയുക. ദേവീദേവന്മാർ പ്രദർശിപ്പിക്കുന്ന മുദ്രകളും ആഭരണങ്ങളും ധ്യാനങ്ങളിൽ വിശദമായി പ്രതിപാദിക്കാറുണ്ട്. ശില്പരത്നത്തിലെ ചിത്രലക്ഷണ (പതിനാറാം നൂറ്റാണ്ട്) ഭാഗത്ത് ചുമരുകൾ തയ്യാറാക്കുന്ന വിധവും ചായങ്ങൾ നിർമ്മിക്കുന്ന രീതിയും ബ്രഷുകൾ ഉണ്ടാക്കുന്ന വിധവും വരയ്ക്കുന്ന സമ്പ്രദായങ്ങളും വിശദമാക്കിയിട്ടുണ്ട്. ഇവയെല്ലാം ചുമർച്ചിത്ര രചന അഭ്യസിക്കുന്നവരെ അത്യന്തം സഹായിക്കുന്ന പാഠങ്ങളാണ്. തന്ത്രസമുച്ചയത്തിലെയും ശില്പരത്നത്തിലെയും പാഠങ്ങൾക്കു പുറമേ കലാകാരന്മാരെ സഹായിക്കാനുള്ള വിവരണങ്ങളും തിരുവനന്തപുരത്തെ മാന്യുസ്ക്രിപ്റ്റ് ലൈബ്രറിയിൽ കണ്ടിട്ടുണ്ട്. മുൻകാലങ്ങളിൽ ക്ഷേത്രങ്ങളിൽ വരച്ചിരുന്നവർക്ക് ഇവയെല്ലാം ഗുരു ഉപദേശങ്ങളായി പ്രചരിച്ചിട്ടുണ്ടാവണം. എന്നാൽ ഇന്ന് ക്ഷേത്രങ്ങളിലെ ആലേഖനങ്ങൾകൊണ്ടു മാത്രം ഒരു കലാകാരന് ജീവിക്കാനോ സർഗവ്യാപാരം സഫലമാക്കാനോ കഴിയുകയില്ല. അയാൾക്ക് ക്യാൻവാസ് ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ ചുമർച്ചിത്ര ശൈലിയിൽ ആധുനിക വർണങ്ങളിൽ ചിത്രങ്ങൾ വരയ്ക്കേണ്ടി വരും. ഇങ്ങനെ ചെയ്യുന്നതിനിടയിൽ അലൗകിതാവിഷ്കരണ സൃഷ്ടിക്കായി പുതുസമ്പ്രദായങ്ങൾ പരീക്ഷിക്കാവുന്നതാണ്. എന്നാൽ വിജയിച്ചുവെന്നു തോന്നുന്ന ഒരു പ്രത്യേക സമ്പ്രദായം വീണ്ടും വീണ്ടും ആവർത്തിക്കുന്നത് ആശാസ്യമല്ല. തിബത്തൻ ചുമർചിത്രങ്ങളിലും ബാലിയിലെ ചിത്രങ്ങളിലും അലൗകികതയുടെ അന്തരീക്ഷം കൊണ്ടുവരാൻ പശ്ചാത്തലത്തിൽ ഒഴുകുന്ന മേഘങ്ങളെ ചിത്രീകരിക്കാറുണ്ട്. ഇപ്പോൾ ഇവിടെയും ഈ സമ്പ്രദായം കലാകാരന്മാർ പരീക്ഷിക്കാറുണ്ട്. കുറേപ്പേർ നിരന്തരം ഈ ചിത്രീകരണ രീതി ആവർത്തിക്കുകയാണെങ്കിൽ അത് മടുപ്പുണ്ടാക്കും. അജന്തയിലെ ചിത്രീകരണ ശൈലിയെ അനുസ്മരിപ്പിക്കുന്ന ആലേഖനങ്ങൾ, ഇവിടെയും ചില ക്ഷേത്രങ്ങളിൽ കണ്ടിട്ടുണ്ട്. കുമ്പളയിലെ അനന്തപുരം ക്ഷേത്രത്തിലും പരിയാരത്തെ (മട്ടന്നൂർ) സുബ്രഹ്മണ്യ ക്ഷേത്രത്തിലുമാണ് പ്രധാനമായും അജന്തയിലെ ആലേഖന വടിവുകൾ കാണുന്നത്. അജന്തയുടെ പുനർദർശനം ഉണ്ടായ പത്തൊമ്പതാം നൂറ്റാണ്ടിൽ വരച്ചവയാണോ ഈ ചിത്രങ്ങൾ, അതല്ല അതിനെല്ലാം വളരെ മുൻപ് വരച്ചവയാണോ ഇവയെന്ന് ഉറപ്പിച്ചു പറയാൻ കൂടുതൽ തെളിവുകൾ ആവശ്യമാണ്. കെ.കെ. വാര്യരെപ്പോലുള്ള കലാകാരന്മാർ ആദ്യത്തെ പക്ഷത്താണ്. രണ്ടാമത്തെ നിരീക്ഷണത്തോടാണ് എനിക്ക് യോജിപ്പ്. അത്യലംകൃതമായ ആഭരണങ്ങളും വസ്ത്രധാരണവുമാണ് കേരളീയ ചുമർച്ചിത്രങ്ങളിലും കേരളീയ ദാരുശില്പങ്ങളിലും പൊതുവേ കാണുന്നത്. അര ഒതുക്കത്തിന് അമിത പ്രാധാന്യം നൽകാത്തതും ഹസ്തമുദ്രകൾ അപ്രധാനമാക്കിയതും കേരളീയ ആലേഖന കലകളുടെ സവിശേഷതകളായിരുന്നു. കാമശാസ്ത്രത്തിന്റെ ഗണനയിൽപ്പെട്ട പത്മിനിമാരെയും ശംഖിനിമാരെയും സ്ത്രീരൂപങ്ങളിൽ കാണാം. മട്ടാഞ്ചേരി കൊട്ടാരത്തിലെ ചുമർച്ചിത്രങ്ങളിൽ പത്മിനിമാരെയാണ് കാണുക. പത്മനാഭപുരം കൊട്ടാരത്തിലെ ചുമർച്ചിത്രങ്ങളിൽ ശംഖിനിമാരെയാണ് കാണുക. പുണ്ഡരീകപുരത്തും ഏറ്റുമാനൂരും കൃഷ്ണപുരത്തും സ്ത്രീരൂപങ്ങൾക്കു പത്മിനി വടിവിനാണ് പ്രാധാന്യം. നങ്ങ്യാർകൂത്തിലും മോഹിനിയാട്ടത്തിലും കാണുന്ന നേത്രാഭിനയ വിദഗ്ധകളായാണ് ചുമർച്ചിത്രങ്ങളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെട്ടിരുന്നത്.
തോന്നയ്ക്കൽ ആശാൻ
സ്മാരകത്തിലെ ചിത്രങ്ങൾ
കുമാരനാശാൻ നല്ലൊരു ചിത്രകലാ ആസ്വാദകനായിരുന്നു. കുമാരനാശാന്റെ കാവ്യങ്ങൾ അച്ചടിക്കുമ്പോൾ ചിത്രങ്ങൾ വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. കുമാരനാശാന്റെ 'ലീല" എന്ന കാവ്യത്തിന് ആശാൻ സാക്ഷാൽ രാജാരവിവർമ്മയുടെ അനന്തിരവനായ കെ.ആർ. രവിവർമ്മ യെ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ചിരുന്നു. ആശാൻ തന്നെ ആ ചിത്രങ്ങൾ പലപ്പോഴും മാറ്റി വരക്കാനും കെ.ആർ. രവിവർമ്മയോട് ആവശ്യപ്പെട്ടിരുന്നു. കുമാരനാശാൻ വിമർശിച്ചു രവിവർമ്മ അത് മാറ്റിവരച്ചു. യഥാർത്ഥ ചിത്രകാരനും, നല്ലൊരു ആസ്വാദകനും തമ്മിലുള്ള ബന്ധം. ആശാൻ സ്മാരകത്തിലെ ഹാളിലാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. അതിന് കാഴ്ചക്കാരന് കണ്ട് ആസ്വദിക്കുന്ന രീതിയിൽ അതിന്റെ രചനാരീതിയിൽ ചില വ്യത്യാസം കൂടി കലാകാരന്മാർ കാണേണ്ടതായിരുന്നു. ചിത്രങ്ങൾ ആസ്വദിക്കു മ്പോൾ അതിന് ചിത്രത്തിന്റെ Proportionന് വളരെ അധികം പ്രാധാന്യം ഉള്ളതാണ്. തോന്നയ്ക്കലിലെ ചില ചിത്രങ്ങളിൽ രൂപങ്ങളെ അത് ബാധിച്ചിട്ടുണ്ട്. പത്തോ ഇരുപതടിയോ വലിപ്പമുള്ള ഹാളിൽ രൂപങ്ങൾ അമിതമായ വലിപ്പത്തിൽ വരച്ചാൽ അത് ആസ്വാദനത്തിന്റെ പരിമിതിയെ ബാധിക്കും. എന്നാൽ രൂപങ്ങൾ ചെറുതാക്കി വരച്ചിരുന്നെങ്കിൽ അത് ആ ചിത്രങ്ങൾക്ക് ഒന്നുകൂടി മിഴിവ് കിട്ടുമായിരുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ഗുരുവായൂരിലെ ചുമർചിത്രകലാകാരന്മാർ വർണ്ണബോധം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നവരാണ്. ഈ ചിത്രങ്ങളിലും അത് നമുക്ക് കാണാവുന്നതാണ്. ഗുരുനാഥനിൽ നിന്നു പകർന്നു കിട്ടിയ രേഖാചടുലതയും വർണ്ണബോധവും ഈ ചിത്രങ്ങളിൽ അവർ പ്രകടമാക്കിയിട്ടുണ്ട്. ചുമർചിത്ര കലാകാരന്മാർ ഒരു കവിക്ക് നൽകിയ അഞ്ജലിയായി ഈ രചനയെ നമുക്ക് കാണാവുന്നതാണ്. കേരളത്തിലെ ഏതാണ്ട് 25 ഓളം നടരാജ ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതിലെല്ലാം 16 കൈകൾ തന്നെ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്.
മമ്മിയൂർ കൃഷ്ണൻകുട്ടി നായർ
ചുമർച്ചിത്രകലയ്ക്ക്, തൊണ്ണൂറുകൾക്കുശേഷം ഉണ്ടായ ഉണർവ്വിന് മുഖ്യകാരണം, മമ്മിയൂർ കൃഷ്ണൻകുട്ടി നായരാണ്. ശിഷ്യന്മാരിലൂടെ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന് വിശിഷ്ടാംഗത്വം നല്കാൻ അക്കാലത്ത് ലളിതകലാ അക്കാദമി തയ്യാറായില്ല. ചുമർച്ചിത്ര കലയെ കർട്ടണിൽ ചിത്രങ്ങൾ വരയ്ക്കുന്നതുപോലെയുള്ള ഒരു ക്രാഫ്റ്റായി മാത്രമേ അന്നത്തെ ഭാരവാഹികൾ കണ്ടിരുന്നുള്ളൂ. മമ്മിയൂർ കൃഷ്ണൻകുട്ടി നായർ, അദ്ദേഹത്തിന്റെ ഗുരുനാഥനായ കരുമാംപറമ്പത്ത് അച്യുതൻ നായർക്കൊപ്പം പോയി കേരളത്തിലെ അനേകം ക്ഷേത്രങ്ങളിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അച്യുതൻ നായരുടെ പിതാവും ഗുരുവുമായിരുന്നു പുലാക്കാട്ടു രാമൻ നായർ. ചാവക്കാട്ടെ കോടതികളിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒരു വക്കീൽ ഗുമസ്ഥൻ കലാകാരനായി മാറിയ പരിണാമം, ആരും രേഖപ്പെടുത്തിയിട്ടില്ല. കൃഷ്ണൻകുട്ടി നായരും ഗുരുവും ചേർന്നു വരച്ചിട്ടുള്ള പല ക്ഷേത്രങ്ങളിലും പിന്നീട് പോകാൻ കഴിഞ്ഞിട്ടുണ്ട്. അവരുടെ രചനകളിൽ ഏറ്റവും സഫലമായിട്ടുള്ളത്, തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലും പാലക്കാട്ടെ മണ്ണൂർ ശിവക്ഷേത്രത്തിലും, വരച്ച ചിത്രങ്ങളാണ്. അഗ്നിബാധയ്ക്കുശേഷം ഗുരുവായൂരിൽ പട്ടാമ്പി കൃഷ്ണവാര്യർക്കൊപ്പം മമ്മിയൂർ കൃഷ്ണൻകുട്ടി നായർ വരച്ച ചിത്രങ്ങളും ശ്രദ്ധേയങ്ങളാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ ഭിത്തിയിൽ കാണുന്ന സ്വയംവര പാർവതിയുടെയും ഭിഷ്മരുടെ ശരശയനവും മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ മികച്ച രണ്ടു രചനകളാണ്. സ്ത്രീകളെ വരയ്ക്കുമ്പോൾ, അവരിൽ നിഗൂഢനം ചെയ്തിട്ടുള്ള പൗരുഷവും പുരുഷന്മാരെ ചിത്രീകരിക്കുമ്പോൾ അവരിൽ മറഞ്ഞിരിക്കുന്ന സ്ത്രൈണതയും ആവിഷ്ക്ക രിക്കുന്നിടത്താണ് മമ്മിയൂരിന്റെ പ്രധാന വൈദഗ്ധ്യം. കൃഷ്ണ നാട്ടത്തിലെ സ്ത്രീകഥാപാത്രങ്ങൾക്കും കവിളിലും കീഴ്ത്താടിയിലും ചുട്ടി എഴുതി, പൗരുഷം വരുത്തുന്ന ഒരു സമ്പ്രദായം മമ്മിയൂർ കൃഷ്ണൻകുട്ടി നായർ കുട്ടിക്കാലം മുതൽ ഗുരുവായൂരിൽ കണ്ടിരുന്നു. ഗുരുവായൂർ ചുമർച്ചിത്ര പഠന കലാകേന്ദ്രത്തിലെ മുഖ്യാചാര്യനായിരുന്ന നാളുകളിൽ അദ്ദേഹം തനിക്കറിയാവുന്ന കലാരഹസ്യങ്ങളെല്ലാം ശിഷ്യന്മാർക്കു പറഞ്ഞു കൊടുത്തിരുന്നു. വിരൽ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടിരുന്ന ദ്രോണാചാര്യരായിരുന്നില്ല മമ്മിയൂർ കൃഷ്ണൻകുട്ടി നായർ. ശിഷ്യന്മാരിലൂടെയാണ് തന്റെ രചനാശൈലിയുടെ അമരത്വമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
സമകാലിക പ്രസക്തി
പ്രതിച്ഛായകൾക്കും യാഥാർത്ഥ്യത്തിനും അപ്പുറത്തുള്ള അംഗോപാംഗപ്പൊരുത്തത്തിന്റെ ദർശനമാണ് ചുമർചിത്രകലാകാരന്മാരും ദാരുശില്പികളും അവതരിപ്പിച്ചത്. പ്രാഥമിക വർണ്ണങ്ങളിൽ മായികലോകം സൃഷ്ടിച്ചവരായിരുന്നു അവർ. വികാരാവിഷ്ക്കാരങ്ങൾപോലും രേഖാവിന്യാസങ്ങളിൽ നിർവ്വഹിക്കാമെന്ന് തെളിയിച്ചവരായിരുന്നു അവർ. സി.എൻ. കരുണാകരൻ, ആർട്ടിസ്റ്റ് നമ്പൂതിരി, എ. രാമചന്ദ്രൻ തുടങ്ങിയവരുടെ കലാസപര്യകളിൽ കേരളത്തിലെ ചുമർച്ചിത്രങ്ങളും ദാരുശില്പങ്ങളും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മട്ടാഞ്ചേരിയിലെയും പനയന്നാർക്കാവിലെയും കൃഷ്പുരത്തെയും ചുമർച്ചിത്രങ്ങളുടെ സ്വാധീനം എ. രാമചന്ദ്രന്റെ 'യയാതി" മുതലുള്ള ചിത്രങ്ങളിൽ കാണാം. നമ്പൂതിരിയുടെ ഇലസ്ട്രേഷനുകളിൽ ശുകപുരത്തെ ദാരുശില്പങ്ങളുടെ സ്വാധീനം ഉണ്ടായിരുന്നു. ദക്ഷിണേന്ത്യൻ പാരമ്പര്യ ചിത്രീകരണങ്ങളുടെ - കളമെഴുത്തും കോലമെഴുത്തും മുതൽ ചുമർച്ചിത്രങ്ങൾ വരെ - സ്വാധീനം സി.എൻ. കരുണാകരന്റെ ചിത്രങ്ങളെയും സ്വാധീനിച്ചിരുന്നു. മന്ത്രവാദികളുടെ തകിടുകളിൽ മുതൽ സ്കൂൾ വിദ്യാർത്ഥിയുടെ കണക്ക് പുസ്തകങ്ങളിൽ വരെ കലയുടെ പ്രതിരൂപങ്ങൾ കണ്ടയാളാണ് കെ.സി.എസ്. പണിക്കർ. പാരമ്പര്യത്തിന്റെ പുനർദർശനവും ആധുനികതയിലേയ്ക്ക് തങ്ങളെ നയിക്കും എന്നു വിശ്വസിച്ചവരാണ് ഇവരെല്ലാം. വീരാളിപ്പട്ട്, കണ്ണാടി വിഗ്രഹം, എന്നീ പ്രതീകങ്ങളെ സ്വാംശീകരിച്ചുകൊണ്ട് കേരളീയ കളരി പാരമ്പര്യത്തിന്റെ ചടുലതയെയും ശാക്തേയരൗദ്രതയെയും പുനരാവിഷ്കരിച്ച ബാലൻ നമ്പ്യാരെപ്പോലൊരു ശില്പി നമുക്കുണ്ടല്ലോ.