വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് യൂട്യൂബ്. നടപടികൾ അനിശ്ചിതമായി നീട്ടാനാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.‘രാജ്യത്തെ അന്തരീക്ഷം സാധാരണ നിലയിലായി എന്ന് പറയാറായിട്ടില്ല. രാഷ്ട്രീയമായ പൊരുത്തക്കേടുകൾ നിലനിൽക്കുന്നു. ട്രംപിന്റെ യൂട്യൂബ് ചാനലിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാനുള്ള സാഹചര്യമായിട്ടില്ല. തങ്ങളുടെ സാങ്കേതിക വിദഗ്ദ്ധർ സ്ഥിതിഗതികൾ നിരീക്ഷിച്ച് മാത്രമേ തീരുമാനമെടുക്കൂ’ യൂട്യൂബ് വക്താവ് പറഞ്ഞു.
കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ട്വിറ്ററും ഫേസ്ബുക്കും വിലക്കിയതിന് പിന്നാലെയാണ് യൂട്യൂബും ട്രംപിനെതിരെ നടപടി സ്വീകരിച്ചത്.
ട്രംപിന്റെ ഇംപീച്ച്മെന്റ് : റിപ്പബ്ലിക് പാർട്ടിയ്ക്ക് തിരിച്ചടി
ട്രംപിനെതിരായ ഇംപീച്ച്മെന്റ് തടയാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമത്തിന് തിരിച്ചടി. 45 നെതിരെ 55 വോട്ടുകൾക്ക് പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് തള്ളി. ഇംപീച്ച്മെന്റ് തടയാനുള്ള പ്രമേയം റിപ്പബ്ലിക്കൻ അംഗം റാൻഡ് പോളാണ് അവതരിപ്പിച്ചത്. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ എതിർത്തു.
അതേസമയം, സെനറ്റിൽ ആരംഭിക്കുന്ന ഇംപീച്ച്മെന്റ് വിചാരണയെ എതിർത്ത് റിപ്പബ്ലിക്കൻ സെനറ്റർമാർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സെനറ്റർ ജോൺ കോന്നൻ (ടെക്സസ്), ലിൻഡ്സി ഗ്രാം (സൗത്ത് കരോലിന) അടക്കമുള്ള സെനറ്റർമാരാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്തായ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് പ്രകടിപ്പിച്ചത്.