കാണാനിഷ്ടമുള്ള ഒരു ദിവാസ്വപ്നമുണ്ടായിരുന്നു... ഏതോ വിദൂര ദ്വീപിൽ ഒറ്റപ്പെട്ടു പോകുന്നു... പക്ഷിമൃഗാദികൾ... പവിഴപ്പുറ്റുകൾ... ചന്ദ്രിക... സൂര്യോദയം... കുളിർകാറ്റ്... ഇവ മാത്രം കൂട്ടുകാർ... വെള്ളമണൽത്തിട്ടയ്ക്കുള്ളിൽ പാദങ്ങൾ മൂടി അങ്ങനെയിരിയ്ക്കുക... നടക്കുക... ഓടുക... പിന്നെ സ്ഫടിക ജലത്തിൽ വെള്ളം തെറ്റിയ്ക്കുക... പവിഴപ്പുറ്റുകളും നിറമുള്ള മത്സ്യങ്ങളും കാണാനായി കടലിലൂളിയിടുക... പതുക്കെപ്പതുക്കെ കാറ്റിന്റെയും കടലിന്റെയും മണൽതരികളുടെയും ഭാഷ നിഷ്പ്രയാസം മനസിലാകും. നിറമുള്ള മത്സ്യങ്ങളും പവിഴപ്പുറ്റുകളും പോലും പറയുന്ന കിന്നാരം എനിയ്ക്കു പിടികിട്ടിത്തുടങ്ങും. അങ്ങിനെയങ്ങനെ... ഞാൻ മനുഷ്യന്റെ ഭാഷ പതുക്കെപ്പതുക്കെ മറക്കും... ആ പ്രകൃതിയുടെ ഭാഗമായി മാറി. രക്ഷപ്പെടുത്താനായി വിദൂരത്തിൽ പ്രത്യക്ഷപ്പെടുന്ന കപ്പലിനെ കുറിച്ച് മറന്നേ പോയി. ഇത്തരം വന്യമായ ദിവാസ്വപ്നം പിന്നെ മറന്നിരിയ്ക്കാം. പക്ഷേ ലക്ഷദ്വീപ് സന്ദർശിയ്ക്കണമെന്ന മോഹം മനസുലുണർന്നു.
ഒരിക്കൽ എൽ.റ്റി.സി ബ്ലോക്ക് നഷ്ടമാകുമെന്നായപ്പോൾ ഡിസംബർ 31 നു മുൻപ് നാലുദിവസം ലീവെടുത്ത് കുടുംബത്തോടൊപ്പം ലക്ഷദ്വീപിൽ പോകാൻ തീരുമാനിച്ചു. യാത്ര പുറപ്പെടുന്നതിന്റെ തലേന്ന് ഭർത്താവും മോളും എറണാകുളത്തെത്തി. എല്ലാം പാക്ക് ചെയ്യുന്നതിനിടയിൽ മോളുടെ ലക്ഷദ്വീപിനെക്കുറിച്ചുള്ള തീരാത്ത, ഉത്സാഹം നിറഞ്ഞ ചോദ്യങ്ങൾ... അവയ്‌ക്കൊക്കെ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഒരു ദു:ഖവാർത്ത... കെ.കരുണാകരന്റെ മരണം... അദ്ദേഹത്തെക്കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ മനസിൽ... ഞാൻ പാക്കിംഗ് ഒക്കെ നിറുത്തി ജോലിസ്ഥലത്തേയ്ക്കു പോയി. മകളുടെ മനസ് നിറയെ ലക്ഷദ്വീപ് മാത്രമാണെന്ന സത്യം ഞാൻ മറന്നേ പോയി. അദ്ദേഹത്തിന്റെ ശരീരം വഹിച്ചുകൊണ്ടുള്ള യാത്ര എറണാകുളത്ത് എത്തുന്നത് പാതിരാത്രിയ്ക്കുശേഷം. അന്നു ഞാൻ എറണാകുളം റേഞ്ച് ഐ.ജി ആയിരുന്നു... റേഞ്ചിലെ മുഴുവൻ അറേഞ്ച്‌മെന്റ്... പിറ്റേന്ന് പ്രധാനമന്ത്രി നേവൽ ബേസിൽ ഇറങ്ങി തൃശ്ശൂരിലേക്ക് പോകുന്നു... ഏറെ വൈകി രണ്ടു മണികഴിഞ്ഞിരിയ്ക്കണം... വീട്ടിലെത്തുമ്പോൾ (അതിനു ഞങ്ങൾ ക്യാമ്പ് ഓഫീസ് എന്നാണു പറയുക... എത്ര അന്വർത്ഥം!) മോളുറങ്ങിയിട്ടില്ല... രാവിലെ ലക്ഷദ്വീപ് വിമാനത്തിന്റെ കാര്യമാണവളുടെ ചോദ്യം! ഞാൻ ഭർത്താവിനോടു പറഞ്ഞു...
'ഈ കുഞ്ഞിനോടു നമ്മളെങ്ങനെ പോകുന്നില്ലെന്നു പറയും... അവളേയും കൊണ്ടു പോകാമോ നാളെത്തന്നെ?'
കരുണാകരൻ സാറിന്റെ മരണവാർത്ത കേട്ടതോടെ സത്യത്തിൽ അദ്ദേഹവും യാത്രയെക്കുറിച്ച് മറന്നേപോയിരുന്നു... യാത്ര ഞങ്ങൾക്കു രണ്ടുപേർക്കും അപ്രധാനമായി മാറി... പക്ഷേ മോൾക്ക്... അവളുടെ കുഞ്ഞുമനസിനു അതു മനസിലാക്കാനുള്ള പക്വതയായിട്ടില്ല. ഒടുവിൽ ഞങ്ങളൊരു തീരുമാനമെടുത്തു... മോളേയും കൊണ്ട് ഭർത്താവ് പിറ്റേന്നു നിശ്ചയിച്ചു ടിക്കറ്റെടുത്ത ഫ്ളൈറ്റിനു പോകുക തന്നെ. ഞാൻ സാധിച്ചാൽ കഴിയുന്നത്ര വേഗം അവരോടൊപ്പം ചേരുക.
അച്ഛനും മോളും ലക്ഷദ്വീപിലേക്ക് പറന്നു. ഞാൻ ബന്തവസിൽ മുഴുകി. പ്രധാനമന്ത്രിയുടെ സന്ദർശനം പോലീസിനെ സംബന്ധിച്ച് ഒരു ജീവൻ മരണവിഷയം തന്നെയാണ്. അദ്ദേഹം മടങ്ങുന്നതു വരെ അണുവിട ശ്രദ്ധപോലും മറ്റൊരു കാര്യത്തിലുണ്ടാവുകയില്ല. എല്ലാം കഴിഞ്ഞ് ഏറെ വൈകി ഭർത്താവുമായി സംസാരിയ്ക്കുമ്പോൾ അദ്ദേഹവും എന്നോട് സംസ്‌കാരം, ബന്തവസ് ഇതിനെക്കുറിച്ചൊക്കെയാണു തിരക്കിയത്. മോളുടെ കൈയിൽ ഫോൺ കൊടുത്തപ്പോൾ വിഷയമാകെ
മാറി 'അമ്മേ അച്ഛനും ഞാനുമിവിടെ ഒറ്റയ്ക്കാ... അമ്മ വേഗം വാ കേട്ടോ...
വേഗം വേഗം വരണം'.
'ശരി മോളേ വരാം' എന്നു മാത്രമേ എനിയ്ക്കു പറയാനായുള്ളൂ.
പിറ്റേന്നു രാവിലെ തന്നെ വിമാനടിക്കറ്റിനെ കുറിച്ചന്വേഷിച്ചു. അടുത്ത ദിവസത്തെ വിമാനം ബുക്ക് ചെയ്തു. ലക്ഷദ്വീപിലേക്കുള്ള വിമാനം അഗത്തിയിൽ ഇറങ്ങുമ്പോൾ അച്ഛനും മകളും അവിടെ എന്നെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നു...മോൾക്കു പുതുതായി ലക്ഷദ്വീപിൽ കിട്ടിയ സുഹൃത്തുക്കളുമുണ്ടു കൂടെ. രണ്ടുദിവസം കൊണ്ടു നടത്തിയ സ്‌നോർക്ലിംഗ്, സ്‌കൂബാ ഡൈവിംഗ്, സ്‌പെഷൽ വിഭവങ്ങളുള്ള ഊണ്. ഇതിനെക്കുറിച്ചൊക്കെ പറയാൻ അവൾക്കു നൂറു നാവ്... പക്ഷേ അമ്മയില്ലാത്തതുകൊണ്ട് അച്ഛനും ഞാനും ഒറ്റയ്ക്കായിപ്പോയി എന്ന് ഓരോന്നു പറയുമ്പോഴും ആവർത്തിയ്ക്കും. ടി.വിയില്ല... രാത്രിയായാൽ കടലിന്റെ ഒച്ചമാത്രം...
പകൽ തോണി തുഴഞ്ഞ് കടലിന്റെ കാഴ്ചകളാസ്വദിച്ചു. രാത്രിയായി ചന്ദ്രികയിലലിഞ്ഞ കടൽ വാസസ്ഥലത്തിനു ചുറ്റും... എന്തൊരു ശാന്തത... സൗന്ദര്യം! എനിയ്‌ക്കെന്റെ പഴയ ദിവാസ്വപ്നം ഓർമ്മ വന്നു. അടിഭാഗം ഗ്ലാസ് നിർമ്മിതമായ കപ്പിലിലെ യാത്ര... ആളില്ലാത്ത ദ്വീപായ ബംഗാരത്തേയ്ക്കുള്ള യാത്ര... ദ്വീപുവാസികളുടെ കലർപ്പില്ലാത്ത സൗഹൃദം... കേസുകളൊന്നുമില്ലാത്ത പോലീസ് സ്റ്റേഷൻ... അവിടെ എസ്.ഐ ആഷിക്കിന്റെ സ്‌നേഹം... ഒരുപാടൊരുപാടു നല്ല ഓർമ്മകൾ.
കഴിഞ്ഞ ദിവസം ഫയർഫോഴ്സിന്റെ വാട്ടർ റെസ്‌ക്യു അക്കാദമിയിലെത്തിയപ്പോഴാണ് സ്‌കൂബാ ഡൈവിംഗ് വളരെ റിസ്‌കുള്ള, ശരീരത്തിന് ഒരുപാട് ആഘാതമേൽപ്പിക്കുന്ന ഒരു പ്രവൃത്തിയാണെന്നു ഞാൻ മനസസിലാക്കുന്നത്. പ്രഷറിലുണ്ടാകുന്ന വ്യത്യാസം നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഗൗരവതരമായ ആഘാതമുണ്ടാക്കാം. ശരീരത്തിൽ നൈട്രജന്റെ അളവ് കൂടിയാൽ മതിഭ്രമമുണ്ടാകാം.. അപകടം തിരിച്ചറിയാതെ വെള്ളത്തിൽ സുഖമാണെന്നു കരുതി മുങ്ങി മരണം സംഭവിക്കാം... വൃത്തിയില്ലാത്ത വെള്ളത്തിലിറങ്ങേണ്ടി വന്ന് പലർക്കും എലിപ്പനി, മഞ്ഞപ്പിത്തം ഇവയൊക്കെ പിടിപെട്ടിരിയ്ക്കുന്നു. പത്തനംതിട്ടയിൽ നിന്നുള്ള ധീരനായൊരു ഓഫീസർ ശരത്തിനു മരണം സംഭവിയ്ക്കുകയുണ്ടായി. വെള്ളത്തിൽ വീണുള്ള അപകടങ്ങളിൽ ഇടപെടാൻ സേനയിലെ ഓരോരുത്തരെയും പ്രാപ്തരാക്കാൻ സ്‌കൂബാ പരിശീലനം പുതുതായി സർവീസിൽ ചേർന്ന എല്ലാവർക്കും നൽകാനുള്ള തയ്യാറെടുപ്പിലാണ് സേന.