1976 ലെ ഒരു നരച്ച പകൽ. രാവിലെ ക്ലാസുകൾ ആരംഭിച്ചതേയുണ്ടായിരുന്നുള്ളു. രാമകൃഷ്ണൻ മാഷ് 'വീണപൂവി" ന്റെ ഇതളുകൾ ഈണത്തിൽ ചൊല്ലുകയും കുമാരനാശാനെക്കുറിച്ച് വിസ്തരിക്കുകയും ചെയ്യുകയായിരുന്നു. അപ്പോൾ, നീണ്ട വരാന്തയുടെ അങ്ങേയറ്റത്തു നിന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ച് ഹെഡ്മാസ്റ്ററുടെ മുറിക്കു നേരെ നീങ്ങി. ഓരോ ക്ലാസിനും മുന്നിൽ നിന്ന് അവർ 'വിദ്യാർത്ഥി ഐക്യം സിന്ദാബാദ്"" എന്നുറക്കെ അലറുകയും ക്ലാസുകൾ നിർത്തി കുട്ടികളെ പുറത്തു വിടാൻ മാഷന്മാരോട് ആക്രോശിക്കുകയും ചെയ്തു കൊണ്ടിരുന്നു. തെല്ലും അമാന്തിച്ചില്ല, നീണ്ട മണി മുഴങ്ങുകയായി. അതു കാത്തിരുന്ന മട്ടിൽ കുട്ടികൾ ആരവം മുഴക്കി മുറ്റത്തേക്കോടിയിറങ്ങുകയായി...
മുച്ചിലോട്ടും കേളോത്തുമുള്ള ഗ്രാമീണ പ്രാഥമിക വിദ്യാലയങ്ങളിൽ സമരങ്ങൾ കണ്ട് ശീലിക്കാതെ, വിഖ്യാതമായ പയ്യന്നൂർ ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസിലേക്കു മുതിർന്ന എനിക്ക് അതെല്ലാമൊരു അത്ഭുതക്കാഴ്ചയായിരുന്നു! എനിക്കു മാത്രമല്ല ക്ലാസിലെ പല കുട്ടികൾക്കും.
പിറ്റേന്ന് സമരങ്ങൾ രണ്ടായി പിരിഞ്ഞു. കേന്ദ്രസർക്കാരിന്റെ മൂരാച്ചി നയത്തിനെതിരെ ഒരു വിഭാഗം മൂർദാബാദ് വിളിച്ചപ്പോൾ, അതിനെ എതിർത്ത്, സിന്ദാബാദ് വിളികളുമായി മറുവിഭാഗം നേർക്കുനേർ വന്നു.വെള്ളയും നീലയും കൊടികൾ കെട്ടിയ മുട്ടൻ വടികൾ അന്തരീക്ഷത്തിൽ തലങ്ങും വിലങ്ങും വീശി അവർ പോരാട്ടം തുടങ്ങി. ആദ്യം, ഉയർന്നു പൊങ്ങിയ പൊടിപടലങ്ങളാലും പിന്നീട് വലിച്ചുകീറപ്പെട്ട കുപ്പായങ്ങളാലും കൊടിക്കൂറകളാലും ചീറ്റിയൊഴുകിയ ചോരപ്പടർപ്പുകളാലും വലിയ ഒരു യുദ്ധക്കളമായി സ്കൂൾ മുറ്റം മാറി. മതിലിനു പുറത്ത് മാറി നിന്ന പൊലീസുകാർക്കു നേരെയും കുട്ടിനേതാക്കൾ മുദ്രാവാക്യം മുഴക്കി, കല്ലുകളെറിഞ്ഞു.
ഈ അനാഥ ദിവസങ്ങളിൽ, സ്കൂൾ ലൈബ്രറിയാണ് എന്റെയും ചില കൂട്ടുകാരുടേയും ആശ്വാസകേന്ദ്രം. പണ്ഡിതശ്രേഷ്ഠനായ എ.കെ. കൃഷ്ണൻ മാസ്റ്റർ, അലമാരകൾ തുറന്ന് വലിയ വലിയ പുസ്തകങ്ങൾ ഞങ്ങൾക്കു മുന്നിൽ നിരത്തി... യുദ്ധബാധിതമായ ഒരുച്ചനേരത്ത് മാഷ് പറഞ്ഞു:
''സമരങ്ങളൊരുപാട് കഴിഞ്ഞാണ് നമുക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയത്... ഇന്ന് പൊലീസുകാരെ ഒളിച്ചുനിന്ന് കല്ലെറിഞ്ഞതുപോലെയല്ല പൊലീസ് സ്റ്റേഷനുമുന്നിൽ ത്രിവർണപതാക ഉയർത്തിക്കെട്ടിയായിരുന്നു അന്നത്തെ തലമുറ സമരം ചെയ്തത്...""
അനന്തരം കൃഷ്ണൻ മാഷ് ഒരു പഴയ കഥ പറഞ്ഞു.
രണ്ട്
ക്വിറ്റ് ഇന്ത്യാ സമരം കൊടുമ്പിരിക്കൊണ്ട കാലം. 1942 ആഗസ്റ്റ് 8. ക്രൂരമർദ്ദകരായ ബ്രിട്ടീഷ് പൊലീസുകാരെ പാഠം പഠിപ്പിക്കുവാൻ, മൂന്ന് ചുറുചുറുക്കുള്ള ചെറുപ്പക്കാർ നിശ്ചയിച്ചു. ടി.സി.വി. കുഞ്ഞിക്കണ്ണപ്പൊതുവാൾ, എ.കെ. കുഞ്ഞിരാമപ്പൊതുവാൾ, സി.വി. കുഞ്ഞമ്പു സറാപ്പ്...
രാത്രിയായി. അന്ധകാരത്തിന്റെ മറവിൽ അവർ കാത്തിരുന്നു. ബന്ധുമിത്രാദികളായ ഒരുപാട് പോരാളികളുടെ രോഷവും രോദനവും മുഴങ്ങിയ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ. ആ വലിയ ചുവപ്പു കെട്ടിടത്തിനകത്ത് പത്തോ പതിനൊന്നോ സെല്ലുകളുണ്ട്. അവയിലെ മരവിച്ച ഇഷ്ടികത്തറയിൽ അവശരും ആർത്തരുമായി വീണടിഞ്ഞു കിടപ്പുണ്ട് ധീരദേശാഭിമാനികൾ. ആ ഓർമ്മയിൽ ആ മൂവർസംഘം ഒന്നുകൂടി ആവേശഭരിതരായി. ചെങ്കൽച്ചായമടിച്ച ആ വലിയ കെട്ടിടം രാത്രിനിലാവിൽ ഒരു പ്രേതഭവനം പോലെ തോന്നിച്ചു. അതിനു മുന്നിലെ കൊടിമരത്തിൽ യൂണിയൻജാക്ക് എന്ന ബ്രിട്ടീഷ് പതാക ഉഷ്ണക്കാറ്റിലിളകിപ്പറന്നു കൊണ്ടിരുന്നു...
''അഴിച്ചുമാറ്റണം""
കുഞ്ഞിക്കണ്ണപ്പൊതുവാൾ മുന്നോട്ടു നടന്നു. കുഞ്ഞമ്പു സറാപ്പ് തലകുലുക്കി സമ്മതിച്ചു. ചുറ്റിലും ആരെങ്കിലുമുണ്ടോ എന്ന് കുഞ്ഞിരാമപ്പൊതുവാൾ നിരീക്ഷിച്ചു. ആരുമില്ല:
''ഞാനിവിടെ ഗെയ്റ്റിൽ കാവൽ നിൽക്കാം.""
അയാൾ പറഞ്ഞു.
കുഞ്ഞമ്പു സറാപ്പും കുഞ്ഞിക്കണ്ണപ്പൊതുവാളും പൊലീസ് സ്റ്റേഷൻ മുറ്റത്ത് കൊടിമരത്തിനു കീഴെയെത്തി. കൊടിമരത്തിൽ പിടിച്ച് പൊതുവാൾ ത്രിവർണ പതാകയുമായി വലിഞ്ഞു കയറി... ഉലയുന്ന കൊടിമരം സറാപ്പ് താങ്ങി നിർത്തി. യൂണിയൻ ജാക്ക് അഴിച്ച് ത്രിവർണ പതാക കെട്ടി, ടി.സി.വി കുഞ്ഞിക്കണ്ണപ്പൊതുവാൾ എന്ന ആ ധീരദേശാഭിമാനി കൊടിമരത്തുഞ്ചത്തിരുന്ന് ആഹ്ലാദത്തോടെ ആകാശത്തേക്കു നോക്കി. അകലെയുയരത്തിൽ സ്വാതന്ത്ര്യനക്ഷത്രം ഉദിച്ചുയരുന്നതായി അയാൾക്കു തോന്നി. അഭിമാന വിജ്രംഭിതരായി, പുലരും മുമ്പ് അവർ മൂവരും സ്റ്റേഷൻ ഗെയ്റ്റിനു പുറത്തു കടന്നു...
''എന്നിട്ട്?""
ഞങ്ങൾ ആകാംക്ഷയോടെ മുന്നോട്ടാഞ്ഞ് എ.കെ. കൃഷ്ണൻ മാസ്റ്ററുടെ കണ്ണുകളിലേക്ക് നോക്കി.
''എന്നിട്ടെന്താ?""
പിറ്റേന്ന് നേരം പുലർന്നപ്പോൾ സംഭവം നാട്ടിൽ പാട്ടായി. അപ്പോഴാണ് സ്റ്റേഷനു കാവൽ നിന്ന ബ്രിട്ടീഷ് പൊലീസുകാരു പോലും സംഭവമറിയുന്നത്. അവർ നാണക്കേടു മറച്ചുവെക്കാനായി, എളുപ്പം ത്രിവർണ്ണ പതാക അഴിച്ചെടുത്ത് പകരം അവരുടെ കൊടി തന്നെ അവിടെ കെട്ടി...
കൃഷ്ണൻ മാഷ് ഒന്നുനിർത്തിയ ശേഷം പതുക്കെ തുടർന്നു: 'എന്നാൽ ആ സംഭവം ജനങ്ങളിലേക്ക് വലിയ ആവേശമാണ് പകർന്നത്. അഞ്ചുവർഷങ്ങൾ തീക്കാറ്റുപോലെ വീശി കടന്നുപോയി. അങ്ങനെ 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനപ്പുലരി പിറന്നു...""
ഞങ്ങൾ കുട്ടികളുടെ ഞരമ്പുകളിലും ആ കഥ ഉന്മേഷമായി പടരുകയായിരുന്നു.
മൂന്ന്
യൂണിയൻ ജാക്കിനു പകരം ത്രിവർണ പതാക പാറിക്കളിച്ച ആ പൊലീസ് സ്റ്റേഷൻ കെട്ടിടം ഞങ്ങളുടെയൊക്കെ കുട്ടിക്കാല ഓർമ്മകളിൽ, നാടിന്റെ കൊടിയടയാളമായി എക്കാലവുമുണ്ടായിരുന്നു. 1910 എന്ന് മുഖക്കുറിയേന്തി നിന്ന ചെങ്കൽച്ചുവപ്പുള്ള ആ പുരാതനമന്ദിരത്തിന് 'പ്രായമായി, വയസായി"" എന്ന് 2007-ൽ ചിലർ വിധിയെഴുതി...! ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ കണക്കിൽ അത് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടു പോലും മിനി സിവിൽ സ്റ്റേഷനു വേണ്ടി, ആ 'പഴഞ്ചൻ കെട്ടിടം" പൊളിച്ചടുക്കാൻ തീരുമാനം വന്നു. അപ്പോഴേക്കും ഉത്സാഹികളായ ഏതാനും സാംസ്കാരിക കുതുകികൾ ഉണർന്നു. നാടോടി - നരവംശചരിത്ര ഗവേഷകനായ ഡോ. വി. ജയരാജന്റെയും പരിസ്ഥിതി പ്രവർത്തകനായ ഭാസ്ക്കരൻ വെള്ളൂരിന്റെയുമൊക്കെ നേതൃത്വത്തിൽ അവർ പ്രതിഷേധവുമായി അണിചേർന്നു. 'പൈതൃകമായി സംരക്ഷിക്കണമെങ്കിൽ നൂറുവർഷം പഴക്കം വേണം"" എന്ന സാങ്കേതിക തടസത്തിന് എതിർവാദമുയർത്താൻ ജയരാജൻ ടൗൺ പ്ലാനിംഗിലും അന്നത്തെ മദിരാശി സംസ്ഥാന ആർക്കൈവ്സിലുമൊക്കെ കയറിയിറങ്ങി... മൂന്ന് സർക്കാരുകൾ, പതിമൂന്ന് സംവത്സരങ്ങൾ നീണ്ട പോരാട്ടങ്ങൾ. ഇടയ്ക്ക് ഉദ്യോഗസ്ഥതല ഇടങ്കോലുകൾ മറികടക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ പോലും വേണ്ടി വന്നു.
ഇതാ ഇപ്പോൾ, 2021 ജനുവരി 16-ന് 'പുത്തൻ മുഖഛായ" യോടെ ആ പൊലീസ് സ്റ്റേഷൻ കെട്ടിടം 'ഗാന്ധി സ്മൃതി മ്യൂസിയ" മായി ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. തീക്ഷ്ണമായ സ്വാതന്ത്ര്യസമരകാലത്തിലെ സാക്ഷിചിഹ്നമായി പരിഗണിക്കപ്പെടുന്ന ഒരു അപ്പൂപ്പൻകെട്ടിടത്തിന് മഹാത്മജിയുടെ പേര് പേറുന്നതിൽ ഒരു കാവ്യഭംഗിയൊക്കെയുണ്ട്. എന്നാൽ ഞങ്ങളുടെ കുട്ടിക്കാല ഓർമ്മകളിൽ, ഒരു കെട്ടുകഥയുടെ പരിവേഷത്തോടെ ചെങ്കൽച്ചുവപ്പണിഞ്ഞു തിളങ്ങിനിന്നിരുന്ന ആ പുരാതന മന്ദിരത്തിന് പുത്തൻധവളകാന്തി ചാർത്തി അധുനാതനമാക്കിയതിൽ എന്തോ ഒരഭംഗി, എവിടെയോ ഒരപാകം!
(സതീഷ്ബാബു പയ്യന്നൂർ: 98470 60343, ഇമെയിൽ: satheeshbabupayyanur @gmail.com )