
മോഷ്ടാക്കളിൽ ഒരാളെ പൊലീസ് വെടിവച്ചുകൊന്നു
ചെന്നൈ: തമിഴ്നാട് മയിലാടുതുറെയ്ക്ക് സമീപം ആയുധധാരികളായ അഞ്ചംഗ ഉത്തരേന്ത്യൻ സംഘം ജുവലറി ഉടമയുടെ വീട്ടിൽ കയറി ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി 17കിലോ സ്വർണം കവർന്നു. പ്രതികളിലൊരാളെ പൊലീസ് പിന്നീട് വെടിവച്ച് കൊന്നു.
ബുധനാഴ്ച രാവിലെ ആറിനാണ് സംഭവം. സിർക്കഴി റെയിൽവേ റോഡിൽ ജുവലറി ഉടമ ധൻരാജിന്റെ (51) വീട്ടിലേക്ക് ആയുധങ്ങളുമായി ഇരച്ചെത്തിയ അഞ്ചംഗ സംഘം ഭാര്യ ആശയെയും (41), മകൻ അഖിലിനെയും (28) വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന 17 കിലോ സ്വർണവുമായി പ്രതികൾ ധൻരാജിന്റെ കാറിൽ രക്ഷപ്പെട്ടു. വീട്ടിലെ സി.സി ടി.വി കാമറ ഹാർഡ് ഡിസ്കും സംഘം കടത്തിക്കൊണ്ടുപോയി.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ആക്രമണത്തിൽ പരിക്കേറ്റ ധൻരാജ്, അഖിലിന്റെ ഭാര്യ നികില (23) എന്നിവരെ സിർക്കഴി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ പൊലീസ് നടത്തിയ വ്യാപക തെരച്ചിലിൽ മയിലാടുതുറെയ്ക്ക് സമീപം ഇരിക്കൂർ എന്ന സ്ഥലത്ത് ഒരു വയലിൽ പ്രതികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചു. ഇവിടെയെത്തിയ പൊലീസുകാരെ പ്രതികൾ ആക്രമിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ രാജസ്ഥാൻകാരനായ മണിബാൽ (23) വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. സംഘാംഗങ്ങളും രാജസ്ഥാൻ സ്വദേശികളുമായ
ആർ. മനീഷ് (23) ജെ. രമേശ്, പ്രകാശ് (20) എന്നിവരെ പിടികൂടി. ഇവരിൽനിന്ന് മോഷ്ടിക്കപ്പെട്ട സ്വർണവും നാലുതോക്കുകളും കണ്ടെടുത്തു. കർണാറാം എന്നയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് രാജസ്ഥാനിൽ നിന്നുള്ള സംഘം കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു.