മുംബയ് : ഈ വർഷത്തെ ഐ.പി.എൽ താരലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ നടക്കുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിലായി ഇന്ത്യയിൽ തന്നെ ടൂർണമെന്റ് നടത്താനാണ് ആലോചന. കൊവിഡ് പ്രതിസന്ധിയെ തുടർന്നു കഴിഞ്ഞ സീസൺ യുഎഇയിലാണ് നടത്തിയത്.
ഐപിഎലിൽ 18 മുതൽ 25 വരെ താരങ്ങളെയാണു ടീമുകൾക്കു സ്വന്തമാക്കാനാകുക. ഇതിൽ വിദേശതാരങ്ങളുടെ പരിധി 8 ആണ്. അറുപതോളം താരങ്ങൾക്ക് അവസരം പ്രതീക്ഷിക്കുന്ന ലേലത്തിൽ പണത്തൂക്കത്തിൽ ഏറ്റവും മുന്നിലുള്ള ടീം കിംഗ്സ് ഇലവൻ പഞ്ചാബാണ്.
മുൻ സീസണിലെ വിലപിടിപ്പുള്ള താരങ്ങളെ ഒഴിവാക്കിയതു വഴി 53. 2 കോടി രൂപയുമായാകും കിംഗ്സ് ലേലത്തിനെത്തുക. 5 വിദേശതാരങ്ങളടക്കം 9 പേരെ കിംഗ്സിനു വാങ്ങാം. ഏറ്റവുമധികം താരങ്ങളെ ലക്ഷ്യമിട്ടെത്തുന്ന ടീം പക്ഷേ റോയൽ ചാലഞ്ചേഴ്സാകും. ഡൽഹിയിൽ നിന്നു രണ്ട് താരങ്ങളെ ട്രേഡിംഗ് വിൻഡോയിലൂടെ സ്വന്തമാക്കിയിട്ടുള്ള ബാംഗ്ളൂരിന് ഇനി 11 പേരെക്കൂടി കൂടെക്കൂട്ടാം. ഫ്രാഞ്ചൈസികൾ തമ്മിലുള്ള മാറ്റത്തിനു ഫെബ്രുവരി 4 വരെ സമയമുണ്ട്.
ഷെയ്ൻ വാട്ട്സണും പാർഥിവ് പട്ടേലുമുൾപ്പെടെ 60 താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ച് ഐ.പി.എൽ ടീമുകളിൽ നിന്ന് പുറത്തായിട്ടുണ്ട്. ഗ്ലെൻ മാക്സ്‌വെൽ, സ്റ്റീവ് സ്മിത്ത്, ഷെൽഡൺ കോട്രൽ തുടങ്ങി 22 വിദേശതാരങ്ങളെ ടീമുകൾ കയ്യൊഴിഞ്ഞു. 22 അംഗ ടീമിൽ നിന്നു 10 താരങ്ങളെ ഒഴിവാക്കിയ ബാംഗ്ളൂരാണ് മാറ്റത്തിൽ മുന്നിൽ. കാര്യമായ മാറ്റങ്ങൾക്കു ശ്രമിക്കാത്ത രണ്ടു ടീമുകൾ ഹൈദരാബാദും കൊൽക്കത്തയുമാണ്. നിലവിലെ ടീം ഏറെക്കുറെ നിലനിർത്തിയ ഇരുസംഘങ്ങളും 5 താരങ്ങളെ മാത്രമേ റിലീസ് ചെയ്തിട്ടുള്ളൂ. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിന്റെ വിദേശനിരയിലാണു പ്രകടമായ മാറ്റം. മുംബൈ ഒഴിവാക്കിയ ഏഴിൽ 5 പേരും വിദേശതാരങ്ങൾ. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണെ ക്യാപ്ടനായി പ്രഖ്യാപിച്ചു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരള താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന തുടങ്ങിവർക്ക് ലേലത്തിൽ മികച്ച പ്രതീക്ഷയാണ് ഉള്ളത്.
ടീമുകളും ലേലത്തുകയും (തുക രൂപയിൽ)
കിംഗ്സ് ഇലവൻ 53.2 കോടി
റോയൽ ചലഞ്ചേഴ്സ് 35.9 കോടി
രാജസ്ഥാൻ റോയൽസ് 34.85 കോടി
ചെന്നൈ സൂപ്പർ കിംഗ്സ് 22.9 കോടി
മുംബൈ ഇന്ത്യൻസ് 15.35കോടി
ഡൽഹി ക്യാപ്പിറ്റൽസ് 12.9 കോടി
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 10.75 കോടി
സൺറൈസേഴ്സ് ഹൈദരാബാദ് 10. 75 കോടി