കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ഗ്ളെൻഈഗിൾസ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അഞ്ച് ദിവസത്തെ ആശുപത്രിവാസനത്തിനുശേഷം ജനുവരി 7നാണ് ഗാംഗുലി വീട്ടിലേക്ക് മടങ്ങിയത്. അദ്ദേഹത്തിനു വീണ്ടും ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വരുമെന്ന് ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നു. ഹൃദയധമനികളിൽ മൂന്നിടത്താണ് തടസ്സം കണ്ടെത്തിയിരുന്നത്. ഇതിൽ ഒരിടത്തു മാത്രമാണ് അന്ന് സ്റ്റെന്റ് ഇട്ടത്.
ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം സൗരവിന്റെ ജേഷ്ഠനും ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായിരുന്നു.