ചെന്നൈ : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര അടുത്തമാസമാദ്യം തുടങ്ങാനിരിക്കേ, സഹതാരം ചേതേശ്വർ പൂജാരയ്ക്ക് മുന്നിൽ രസകരമായൊരു വെല്ലുവിളി ഉയർത്തി ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.പ്രതിരോധാത്മക ബാറ്റിംഗ് ശൈലിക്ക് ഉടമയായ പൂജാര ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഏതെങ്കിലും ഇംഗ്ലിഷ് സ്പിന്നർക്കെതിരെ ക്രീസിന് വെളിയിലിറങ്ങി സിക്സറടിച്ചാൽ പാതി മീശ വടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിന്റെ വെല്ലുവിളി.
ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോഡുമായി തന്റെ യുട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിനിടയ്ക്കാണ് അശ്വിന്റെ ചാലഞ്ച്. സംഭാഷണത്തിനിടെ, ‘എന്നെങ്കിലും പൂജാര ഒരു ഓഫ് സ്പിന്നർക്കെതിരെ സിക്സർ നേടുന്നത് കാണാൻ കഴിയുമോ?’ എന്ന് അശ്വിൻ ചോദിക്കുമ്പോൾ
ഒരിക്കലെങ്കിലും സിക്സറിനു ശ്രമിക്കാൻ താൻ കുറച്ചുനാളായി പൂജാരയോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന് പൂർണ ബോധ്യം വന്നിട്ടില്ലെന്നായിരുന്നു റാത്തോഡിന്റെ മറുപടി. സിക്സറിനു ശ്രമിക്കാതിരിക്കാൻ പൂജാരയ്ക്ക് തന്റേതായ കാരണങ്ങളുണ്ടെന്നും റാത്തോഡ് വിശദീകരിച്ചു. തുടർന്നാണ് അശ്വിൻ വെല്ലുവിളി ഉയർത്തിയത്.
ഫെബ്രുവരി അഞ്ച് മുതൽ ചെന്നൈയിലാണ് ആദ്യ ടെസ്റ്റ്.