england-cricket

ചെന്നൈ : ഇന്ത്യയ്ക്ക് എതിരായ നാലുടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ചെന്നൈയിലെത്തി. ശ്രീലങ്കയ്ക്ക് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയാണ് ഇംഗ്ളണ്ട് ഇന്ത്യയിലെത്തിയിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകൾ ചെന്നൈയിലാണ് നടക്കുന്നത്. അവസാന രണ്ടെണ്ണം അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയത്തിലും.

ഇന്നലെ രാവിലെ പത്തരയോടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇംഗ്ളണ്ട് താരങ്ങൾ കൊവിഡ് പരിശോധനയ്ക്ക്ശേഷം ടീം ഹോട്ടലിലേക്ക് പോയി. അവിടെ ആറുദിവസത്തെ ക്വാറന്റൈന് ശേഷം പരിശീലനത്തിനിറങ്ങും. ബയോസെക്യുവർ ബബിളിലാണ് ടീം കഴിയുക. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ഇല്ലാതിരുന്ന ആൾറൗണ്ടർ ബെൻ സ്റ്റോക്സും പേസർ ജൊഫ്ര ആർച്ചറും ഞായറാഴ്ച ചെന്നൈയിലെത്തി ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.

ഇന്ത്യൻ താരങ്ങളും ഒരേ ഹോട്ടലിലാണ് താമസം. ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയിരുന്ന ഇന്ത്യൻ താരങ്ങളിൽ ചിലർ ചെന്നൈയിലെത്തിയിട്ടുണ്ട്. രോഹിത് ശർമ്മയും അജിങ്ക്യ രഹാനെയും ചൊവ്വാഴ്ച രാത്രി എത്തിയപ്പോൾ റിഷഭ് പന്തും ചേതേശ്വർ പുജാരയും ഇന്നലെ രാവിലെയാണ് എത്തിയത്.ക്യാപ്ടൻ കൊഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും ഇന്നലെ രാത്രി വൈകിയെത്തി. ഇന്ത്യൻ താരങ്ങൾക്കും ആറുദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.

ഫെബ്രുവരി രണ്ടിനാണ് ഇരു ടീമുകളും പരിശീലനം ആരംഭിക്കുന്നത്.

ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ഫെബ്രുവരി 13ന് രണ്ടാം ടെസ്റ്റ് തുടങ്ങും.

2016ലാണ് ചെന്നൈയിൽ അവസാനമായി ഒരു ടെസ്റ്റ് മത്സരം നടന്നത്. അന്നും എതിരാളികൾ ഇംഗ്ളണ്ടായിരുന്നു.