mina-ramulu

ഹൈദരാബാദ്: 24 വർഷത്തിനിടെ 18 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ മൈന രാമുലു (45) ഹൈദരാബാദിൽ അറസ്റ്റിൽ. കല്ലുവെട്ട് തൊഴിലാളിയായ മൈനയെ സിറ്റി പൊലീസ് ടാസ്‌ക് ഫോഴ്‌സാണ് പിടികൂടിയത്.

21-ാം വയസിൽ വിവാഹിതനായെങ്കിലും ഭാര്യ മറ്റൊരാളോടൊപ്പം പോയതോടെ രാമുലുവിന് സ്ത്രീകളോട് പകയായി. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരെ കൊലപ്പെടുത്തുന്നത് പതിവായി.

കള്ളുഷാപ്പിന് സമീപത്തുനിന്ന് പരിചയപ്പെടുന്ന സ്ത്രീകളെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുന്നതാണ് ഇയാളുടെ രീതി. പണം നല്കി ലൈംഗികബന്ധത്തിലേർപ്പെടാൻ താത്‌പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ത്രീകളുമായി പരിചയപ്പെടുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഇവരെ കൊലപ്പെടുത്തും.

2020 ഡിസംബറിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് രാമുലു ഇപ്പോൾ പിടിയിലായത്. ഡിസംബർ പത്തിന് സൈബരാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ 35-കാരിയെയും ഡിസംബർ 30-ന് ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാവല വെങ്കിട്ടമ്മ എന്ന സ്ത്രീയെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.

വെങ്കിട്ടമ്മയെ കാണാനില്ലെന്ന് ജനുവരി ഒന്നിനാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ജനുവരി നാലിന് റെയിൽവേ ട്രാക്കിൽനിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതിയെ കണ്ടെത്താൻ പ്രദേശത്തെ സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽനിന്നാണ് യൂസുഫ്ഗുഡയിലെ കള്ളുഷാപ്പിൽനിന്ന് മൈന രാമുലുവും വെങ്കിട്ടമ്മയും ഓട്ടോയിൽ കയറിപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

കള്ളുഷാപ്പിൽനിന്ന് വിജനമായ പ്രദേശത്തേക്കാണ് ഇവർ പോയത്. തുടർന്ന് ഇരുവരും മദ്യപിച്ചു. പിന്നാലെ വലിയ പാറക്കല്ല് കൊണ്ട് വെങ്കിട്ടമ്മയെ തലയ്ക്കടിച്ചു കൊന്നു. മരണം ഉറപ്പാക്കിയ ശേഷം വെങ്കിട്ടമ്മ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉപയോഗിച്ച് മുഖത്ത് തീയിട്ടു. ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

2009ൽ മറ്റൊരു കൊലക്കേസിൽ ഇയാൾ പൊലീസിന്റെ പിടിയിലായിയിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 2011 ഡിസംബർ 12ന് രക്ഷപ്പെട്ടു. ഇറഗാഡ്ഡ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അഞ്ച് തടവുകാർക്കൊപ്പം ഇയാളും രക്ഷപ്പെട്ടത്.

2013ൽ വീണ്ടും പിടിയിലായി. 2018ൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ച മൈന പിന്നീട് പൊലീസിന് പിടികൊടുത്തില്ല.

2003നും 2019നും ഇടയിൽ 16 സ്ത്രീകളെ രാമുലു കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ 2009ലെ കൊലക്കേസിൽ മാത്രമാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം രണ്ട് സ്ത്രീകൾ കൂടി രാമുലുവിന്റെ ക്രൂരതയ്ക്കിരയായി.