5-0 ത്തിന് വെസ്റ്റ്ബ്രോംവിച്ച് അൽബിയോണിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി
ലണ്ടൻ : മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് വെസ്റ്റ്ബ്രോംവിച്ച് അൽബിയോണിനെ തകർത്തെറിഞ്ഞ മാഞ്ചസ്റ്റർ സിറ്റി ഒരൊറ്റ പോയിന്റിന് ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ പട്ടികയിൽ ഒന്നാമതെത്തി.
വെസ്റ്റ് ബ്രോമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഇക്കേയ് ഗുണ്ടോഗനും ഓരോഗോളുകൾ നേടിയ യോവോ കാൻസെലോയും റിയാദ് മഹ്റേസും റഹിം സ്റ്റെർലിംഗും ചേർന്നാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയമൊരുക്കിയത്.ആദ്യ പകുതിയിൽതന്നെ സിറ്റി നാലു ഗോളുകൾ നേടിയിരുന്നു.
ആറാം മിനിട്ടിൽ കാൻസെലോയുടെ പാസിൽ നിന്ന് ഗുണ്ടോഗനാണ് സ്കോറിംഗ് തുടങ്ങിവച്ചത്. 20-ാം മിനിട്ടിൽ സിൽവയുടെ അസിസ്റ്റിൽ നിന്ന് കാൻസെലോ സ്കോർ ചെയ്തു.30-ാം മിനിട്ടിലായിരുന്നു ഗുണ്ടോഗന്റെ രണ്ടാം ഗോൾ. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സ്റ്റെർലിംഗിന്റെ പാസിൽനിന്ന് മഹ്റേസും രണ്ടാം പകുതിയിൽ മഹ്റേസിന്റെ പാസിൽനിന്ന് സ്റ്റെർലിംഗും സ്കോർ ചെയ്ത് പട്ടിക പൂർത്തിയാക്കി.
19 മത്സരങ്ങളിൽ നിന്ന് 41പോയിന്റാണ് മാഞ്ചസ്റ്റർ സിറ്റിക്കുള്ളത്. 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്. കഴിഞ്ഞ വാരമാണ് ലിവർപൂളിനെ മറികടന്ന് യുണൈറ്റഡ് ഒന്നാമതെത്തിയിരുന്നത്. 38പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാമത്. 35 പോയിന്റുമായി വെസ്റ്റ്ഹാം ലിവർപൂളിനെ മറികടന്ന് നാലാമതെത്തി. 34 പോയിന്റുമായി അഞ്ചാമതാണ് ലിവർപൂൾ.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു പ്രിമിയർ ലീഗ് മത്സരത്തിൽ ആഴ്സനൽ3-1ന് സതാംപ്ടണിനെ തോൽപ്പിച്ച് എഫ്.എ കപ്പിലെ തോൽവിക്ക് പകരം വീട്ടി. എഫ്.എ കപ്പിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സതാംപ്ടൺ ആഴ്സനലിനെ പുറത്താക്കിയിരുന്നത്.