ലണ്ടൻ : കഴിഞ്ഞ ദിവസം പുറത്താക്കപ്പെട്ട ഫ്രാങ്ക് ലമ്പാർഡിന് പകരം മുൻ പാരീസ് എസ്.ജി കോച്ച് തോമസ് ടുഹേൽ ഇംഗ്ളീഷ് ക്ളബ് ചെൽസി കോച്ചാകും. ഒന്നര വർഷത്തെ കരാറാണ് 47കാരനായ ടുഹേലിന് ചെൽസി നൽകിയിരിക്കുന്നത്. അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ പ്രവേശനം ഉറപ്പാക്കുകയാണ് ടുഹേലിന്റെ ആദ്യ ലക്ഷ്യം.കഴിഞ്ഞ സീസണിൽ പാരീസ് എസ്.ജിയെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ച് വിസ്മയം സൃഷ്ടിച്ച കോച്ചാണ് ജർമ്മൻകാരനായ ടുഹേൽ. എന്നാൽ പി.എസ്.ജി ക്ളബ് ഡയറക്ടറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അവിടെ നിന്ന് പുറത്താക്കപ്പെട്ടു. അവസാനം കളിച്ച 8 ലീഗ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ് ചെൽസി നിലവിൽ ഒമ്പതാം സ്ഥാനത്തായതോടെയാണ് ലാംപാർഡിന് പുറത്തേക്കുള്ള വഴിതെളിഞ്ഞത്.അവസാനം കളിച്ച 8 ലീഗ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ് ചെൽസി നിലവിൽ ഒമ്പതാം സ്ഥാനത്തായതോടെയാണ് ലാംപാർഡിന് പുറത്തേക്കുള്ള വഴിതെളിഞ്ഞത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് 42കാരനായ ലാംപാർഡ് രണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗണ്ടിയിൽ നിന്ന് പരിശീലകനായി ചെൽസിയിൽ തിരിച്ചെത്തുന്നത്. ട്രാൻസ്ഫർ വിലക്ക് അടക്കം നേരിട്ട ആ സീസണിൽടീമിനെ ടോപ് ഫോറിൽ എത്തിച്ചതോടെ ലാംപാർഡിനെ ഈ സീസണിലും നിലനിർത്തി. ഒപ്പം വമ്പൻ ട്രാൻസ്ഫറുകളാണ് ഇക്കുറി ചെൽസി നടത്തിയത്. സീസൺ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ലാംപാർഡിന് ആ മികവ് നിലനിർത്താനായില്ല. 2003ൽ റഷ്യൻ കോടീശ്വരൻ അബ്രോമോവിച്ച് ചെൽസിയുടെ ഉടമയായ ശേഷം പരിശീലകസ്ഥാനത്തു നിന്ന് മാറ്റപ്പെടുന്ന 12മത്തെയാളാണ് ലാംപാർഡ്. കളിക്കാരനെന്ന നിലയിൽ ചെൽസി ജേഴ്സിയിൽ 3 പ്രിമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും ലാംപാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ക്ലബിന്റെ റെക്കാഡ് സ്‌കോററുമാണ്.