sasikala

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസിൽ നാല് വർഷത്തെ ശിക്ഷ പൂർത്തിയാക്കി എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല ജയിൽ മോചിതയായി.

കൊവിഡ് ബാധിതയായ ശശികല ചികിത്സയിൽ കഴിയുന്ന ബംഗളൂരു വിക്ടോറിയ ആശുപത്രിയിലെത്തിയാണ് പരപ്പന അഗ്രഹാര ജയിൽ ചീഫ് ജയിൽ സൂപ്രണ്ട് മോചന ഉത്തരവ് കൈമാറിയത്. രോഗം ഭേദമാകുന്നത് വരെ ശശികല ആശുപത്രിയിൽ തുടരുമെന്നാണ് വിവരം.

കൊവിഡ് വാർഡിൽ ശശികലയ്ക്ക് നൽകി വന്നിരുന്ന പൊലീസ് കാവൽ പിൻവലിച്ചു. ശശികലയുടെ വസ്ത്രങ്ങൾ അടക്കമുള്ളവ ബന്ധുക്കൾക്ക് കൈമാറി. ജയിലിൽ മെഴുകുതിരി നിർമാണ യൂണിറ്റിൽ ശശികലയ്ക്ക് ജോലിയുണ്ടായിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർ ജോലി ചെയ്തിരുന്നില്ല. അതിനാൽ കൂലി ഇനത്തിൽ പണം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ആഴ്ച പരപ്പന അഗ്രഹാര ജയിലിൽ വച്ച് ശശികലയ്ക്ക് പനിയും ശ്വാസതടസവുമുണ്ടായതിനെത്തുടർന്നാണ് അവരെ ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ അവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യുമോണിയയും ബാധിച്ചിട്ടുണ്ട്.