ചെന്നൈ: ചിറകു വിരിച്ച് നിൽക്കുന്ന ഫിനീക്സ് പക്ഷിയുടെ മാതൃകയിൽ മറീനാബീച്ചിലൊരുക്കിയ തമിഴ്നാട് മുൻ മുഖ്യമന്ത്രി കെ. ജയലളിതയുടെ ശവകുടീരം ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ജയലളിതയുടെ രാഷ്ട്രീയ ഗുരു എംജി.ആറിന്റെ സമാധിക്ക് അരികിലായാണ് ജയലളിതയുടെ സ്മാരകം. പതിനായിരങ്ങളാണ് 'അമ്മയുടെ' സ്മാരകം കാണാനും ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാനുമെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. സമാധിയിലേക്കെത്തുന്നവരെ സ്വീകരിക്കുന്നത് രണ്ടു ഗർജ്ജിക്കുന്ന സിംഹങ്ങളുടെ പ്രതിമകളാണ്. മ്യൂസിയത്തിൽ ജയലളിതയുടെ പൂർണകായ പ്രതിമയുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജയവികാരമുയർത്താനുള്ള അവസരമായാണ് അണ്ണാ ഡി.എം.കെ സമാധിയുടെ ഉദ്ഘാടനം കാണുന്നത്. ഉപമുഖ്യമന്ത്രി ഒ. പനീർശെൽവവും ചടങ്ങിൽ സന്നിഹിതനായിരുന്നു. 2018ൽ പളനിസ്വാമിയാണ് സ്മാരകത്തിന് ശിലാസ്ഥാപനം നിർവഹിച്ചത്. 50 കോടിയാണ് ചെലവ്.