athletics

വിഷ്ണുപ്രിയയ്ക്ക് സ്വർണം, ആൻസിക്കും സുർജിത്തിനും വെള്ളി

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ഫെഡറേഷൻ കപ്പ് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ കേരളത്തിന് മെഡൽപ്പട്ടികയിൽ മൂന്നാം സ്ഥാനം.മൂന്നുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ ഏഴുമെഡലുകളാണ് കേരളം നേടിയത്. 11 സ്വർണവും 10 വെള്ളിയും ഉൾപ്പടെ 25 മെഡലുകൾ നേടിയ ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. അഞ്ചുസ്വർണമുൾപ്പടെ 12 മെഡലുകളുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്.

അവസാന ദിനമായ ഇന്നലെ അണ്ടർ-20 പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ജെ.വിഷ്ണുപ്രിയ സ്വർണം നേടി.ഒരു മിനിട്ട് 02.57 സെക്കൻഡിലാണ് വിഷ്ണുപ്രിയ ഫിനിഷ് ചെയ്തത്.മഹാരാഷ്ട്രയുടെ ശ്വേതയ്ക്കാണ് രണ്ടാം സ്ഥാനം. അണ്ടർ-20 ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ ആർ.കെ സുർജിത്തിന് വെള്ളി നേടാനായി. 53.83 സെക്കൻഡിലാണ് സുർജിത്ത് ഫിനിഷ് ചെയ്തത്.

200 മീറ്ററിൽ ആൻസി സോജന് വെള്ളി ലഭിച്ചു.തന്റെ ബെസ്റ്റ് പെർഫോമൻസായ 24.24 സെക്കൻഡിലാണ് ആൻസി ഓടിയെത്തിയത്. 24.11 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഡൽഹിയുടെ തരൻജീത് കൗറിനാണ് സ്വർണം.ട്രിപ്പിൽജമ്പിൽ സി.ഡി അഖിൽ കുമാറിന് വെങ്കലം ലഭിച്ചു.15.80 മീറ്ററാണ് അഖിൽ ചാടിയത്. 16.01 മീറ്റർ ചാടിക്കടന്ന തമിഴ്നാടിന്റെ പ്രവീൺ ചിത്രവേൽ മീറ്റ് റെക്കാഡോടെ സ്വർണം നേടി. മലയാളി താരം അബ്ദുള്ള അബൂബേക്കർ കുറിച്ചിരുന്ന 15.91 മീറ്ററിന്റെ റെക്കാഡാണ് പ്രവീൺ തിരുത്തിയത്.