പുനെ: വയസ് പതിനഞ്ചായിട്ടും ആർത്തവം ആരംഭിക്കാത്തതിന്റെ പ്രശ്നങ്ങളുമായി എത്തിയ പെൺകുട്ടിക്ക് പരിശോധനയിൽ കണ്ടെത്തിയത് അപൂർവ രോഗാവസ്ഥ. മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ പെൺകുട്ടിക്ക് നടത്തിയ പരിശോധനയിലാണ് ലക്ഷത്തിൽ നാലുപേർക്ക് മാത്രം ബാധിക്കുന്ന രോഗം കണ്ടെത്തിയത് 'ആന്‍ഡ്രൊജെന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം' എന്ന അവസ്ഥയിലൂടെയാണ് പെണ്‍കുട്ടി കടന്നുപോകുന്നത്. ഇങ്ങനെയുള്ളവർക്ക് ആര്‍ത്തവം ഉണ്ടാവുകയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കുട്ടികളുടെ ജനനേന്ദ്രിയത്തിേന്റയും പ്രത്യുത്പാദന അവയവങ്ങളുടെയും വികാസത്തെ ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയാണ് ആന്‍ഡ്രോജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം. ഇത്തരം അവസ്ഥയില്‍ ജനിച്ച കുട്ടി ജനിതകപരമായി പുരുഷനായിരിക്കും. പക്ഷേ അവരുടെ ജനനേന്ദ്രിയത്തിന്‍റെ ബാഹ്യരൂപം സ്ത്രീയുടേതോ സ്ത്രീയും പുരുഷനും ഇടകലര്‍ന്നതോ ആയിരിക്കും. സത്താറയിലെ പെണ്‍കുട്ടിയുടെ കാര്യത്തില്‍ സ്ത്രീയുമായാണ് അവള്‍ക്ക് സാമ്യമുണ്ടായിരുന്നത്. അണ്ഡാശയം ഇല്ലാത്തതിനാലാണ് ആര്‍ത്തവം ഉണ്ടാവാത്തതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
പുനെ റൂബി ഹാള്‍ ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റും എന്‍ഡോസ്കോപ്പിക് സര്‍ജനുമായ ഡോ. മനീഷ് മച്ചാവെയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയുടെ ചികിത്സ. കുട്ടിയുടെ ആഗ്രഹപ്രകാരം അവളെ പെണ്‍കുട്ടിയായി നിലനിര്‍ത്താനുള്ള വൈദ്യസഹായം നല്‍കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ രണ്ട് വൃക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പ്രത്യേക സ്ഥാനം കാരണം ഗോണഡോബ്ലാസ്റ്റോമ എന്ന അര്‍ബുദം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടായിരുന്നു. അതിനാല്‍ പെൺകുട്ടിക്ക് ലാപ്രോസ്കോപ്പിക് ഗോണഡെക്ടമി നടത്തുകയും മൂന്ന് മാസം മുൻപ് ഇരുവശത്തുനിന്നും വൃഷണങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. അവള്‍ക്ക് 18 വയസ്സ് തികഞ്ഞാല്‍ ഞങ്ങള്‍ ലാപ്രോസ്കോപ്പിക് വാഗിനോപ്ലാസ്റ്റി നടത്തുമെന്നും ഡോ. മനീഷ് മച്ചാവെ പറഞ്ഞു.
ജനിതക തകരാര്‍ കാരണമാണ് എ.ഐ.എസ് ഉണ്ടാകുന്നത്. ശരീരം ടെസ്റ്റോസ്റ്റിറോണിനോട് (പുരുഷ ലൈംഗിക ഹോര്‍മോണ്‍) ശരിയായി പ്രതികരിക്കാതിരിക്കുകയും പുരുഷ ലൈംഗികാവയവങ്ങളുടെ വികസനം സാധാരണപോലെ സംഭവിക്കാതിരിക്കുകയും ചെയ്യുന്നു. ഇതോടെ ലിംഗം രൂപം കൊള്ളാതിരിക്കുകയോ അവികസിതമായി തുടരുകയോ ചെയ്യും. അതിനാല്‍ കുട്ടിയുടെ ജനനേന്ദ്രിയം സ്ത്രീകളുടേതിന് തുല്യമായി കാണപ്പെടും. എന്നാലിവര്‍ക്ക് ഗര്‍ഭപാത്രമോ അണ്ഡാശയമോ ഉണ്ടാകില്ല. സെക്സ്, ജെന്‍ഡര്‍ എന്നിവ ഓരോ മനുഷ്യരിലും വ്യത്യസ്ഥമായിരിക്കുമെന്നും ബാഹ്യാവസ്ഥനോക്കി ഒരാളെ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിക്കാനാവില്ലെന്നുമുള്ളതിന്‍റെ തെളിവായാണ് ആക്ടീവിസ്റ്റുകള്‍ എ.ഐ.എസിനെ കാണുന്നത്.