isl

ജംഷഡ്പൂർ എഫ്.സിക്കെതിരെ ഗോൾരഹിത സമനിലയുമായി കേരളാബ്ലാസ്റ്റേഴ്സ്

മഡ്ഗാവ് : ഐ.എസ്.എല്ലിൽ സീസണിലെ ആറാം സമനിലയുമായി കേരള ബ്ളാസ്റ്റേഴ്സ്. ഇന്നലെ ജംഷഡ്പൂർ എഫ്.സിയിമായി ഗോളടിക്കാതെയാണ് ബ്ളാസ്റ്റേഴ്സ് സമനിലയിൽ പിരിഞ്ഞത്.

തുടക്കത്തിൽ വലിയ ആവേശം കാണിക്കാതിരുന്ന ബ്ളാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിക്കാറായ വേളയിൽ ഒന്നുരണ്ട് നല്ല ശ്രമങ്ങൾ നടത്തിയെങ്കിലും നിർഭാഗ്യം കൊണ്ട് ഗോളായി മാറിയില്ല. 42-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സിന്റെ ഗാരി ഹൂപ്പർ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഒരു ഷോട്ട് ബാറിൽതട്ടി മടങ്ങുകയായിരുന്നു.തൊട്ടടുത്ത മിനിട്ടിൽ സന്ദീപ് സിംഗിന്റെ ക്രോസിൽ നിന്നുള്ള ജോർദാൻ മറേയുടെ ഹെഡറും ബാറിലിടിച്ചു. 44-ാം മിനിട്ടിൽ മറേയുടെ അടുത്തശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുപോയതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ നിക്ക് ഫിറ്റ്സ്ജെറാൾഡിലൂടെ ജംഷഡ്പൂർ ചില ആക്രമണങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.മറുവശത്ത് ബ്ളാസ്റ്റേഴ്സും വെറുതെയിരുന്നില്ല. മറേയും ലാൽതതംഗ ഖാർലിംഗുമാണ് മഞ്ഞപ്പടയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.66-ാം മിനിട്ടിൽ ഇരുവരും ചേർന്ന് നടത്തിയ ഒരു നീക്കത്തിനൊടുവിലെ മറേയുടെ ഹെഡറും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുപോയി.

ഇതോടെ 14 കളികളിൽ നിന്ന് 15 പോയിന്റുമായി ബ്ളാസ്റ്റേഴ്സ് എട്ടാംസ്ഥാനത്തായി.ഇത്രതന്നെ പോയിന്റുള്ള ജംഷഡ്പൂർ ഏഴാമതുണ്ട്.