padmanabha-swamy

പ്രധാനമായും മൂന്ന് ബിംബങ്ങളാണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്തുള്ളത്. ശേഷശായി ആയിട്ടുള്ള അനന്തശയനം മൂലബിബം, അഭിഷേക ബിബം, ശീവേലി ബിംബം എന്നിവയാണവ. മൂന്ന് അവസ്ഥയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ശയനാവസ്ഥയിൽ മൂല ബിംബം, ഇരിക്കുന്ന അവസ്ഥയിൽ ശീവേലി ബിംബം, നിൽക്കുന്ന അവസ്ഥയിൽ അഭിഷേക ബിംബം.

മൂലബിംബമായ അനന്തശയനം കടുശർക്കരയോഗത്തിൽ ആയതിനാലാണ് പ്രത്യേകമായി അഭിഷേക ബിംബം വച്ചിരിക്കുന്നത്. കടുശർക്കര യോഗമായ ബിംബത്തിൽ ജലത്തുള്ളികൾ പോലും വീഴാൻ പാടില്ല. അതുകൊണ്ടുതന്നെ അലങ്കാരം നടത്തുമ്പോൾ നമ്പിമാർ വളരെ കരുതലോടെയാണ് പൂക്കൾ ഉപയോഗിക്കുക.

ഭഗവാന്റെ ബിംബത്തിൽ സ്പർശിക്കുമ്പോൾ പ്രത്യേക അനുഭൂതി ഉളവാകുമെന്നാണ് നമ്പിമാരുടെ അനുഭവസാക്ഷ്യം. മൂലവിഗ്രഹത്തിൽ തൊടാൻ മൂന്ന് പേർക്ക് മാത്രമാണ് അവകാശവും അനുമതിയും. നമ്പിമാർ (പഞ്ചഗവ്യത്ത് നമ്പി, പെരിയ നമ്പി,), തന്ത്രി, പുഷ്‌പാഞ്ചലി സ്വാമിയാർ എന്നിവരാണ് ആ മൂന്നുപേർ.

(കടപ്പാട്: ഒരു നഗരത്തിന്റെ കഥ)