ന്യൂഡൽഹി: കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാർലമെന്റിലേക്ക് നടത്താനിരുന്ന ഉപരോധ സമരം മാറ്റിവച്ചതായി കർഷക സംഘടനകൾ അറിയിച്ചു. കർഷകസമരം പിൻവലിക്കില്ലെന്നും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഉപവാസം നടത്തുമെന്നും അഖലേന്ത്യാ കിസാൻ സഭ യോഗം തീരുമാനിച്ചു.
അതിനിടെ റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങൾക്ക് പിന്നാലെ കർഷക സമരത്തിൽ നിന്നും രണ്ട് സംഘടനകൾ പിന്മാറിയിരുന്നു. സമരത്തിന്റെ മറവിൽ നിയമം കൈയിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 14 സംഘടനകളുടെ സംയുക്തവേദിയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡനേഷൻ സമിതിയിൽ നിന്ന് സർദാർ വി എം സിംഗിന്റെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ സംഘട്ടനും, ചില്ല അതിർത്തിയിൽ സമരം ചെയ്യുന്ന ഭാരതീയ കിസാൻ യൂണിയൻ ഭാനുവെന്ന സംഘടനയും പിന്മാറിയത്.
എന്നാൽ രണ്ട് സംഘനകളെയും സമരത്തിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയായിരുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.