പബ്ജി നിരോധനത്തിനു ശേഷം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത മൊബൈൽ ഗെയിം ഫൗജി ഒടുവിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 24 മണിക്കൂറിൽ പത്ത് ലക്ഷം പേരാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഗെയിം ഡൗൺലോഡ് ചെയ്തത്. ഇത് കൂടാതെ 40 ലക്ഷം പേരാണ് ഫൗജിയിൽ പ്രീ–റജിസ്റ്റർ ചെയ്തത്. ഗെയിം വികസിപ്പിച്ച എൻകോർ ഗെയിംസാണ് കണക്കുകൾ പുറത്തുവിട്ടത്. ഫൗജിയുടെ പ്രമോഷൻ ചെയ്തിരിക്കുന്നത് ബോളിവുഡ് നടനായ അക്ഷയ് കുമാറാണ്. നടൻ തന്നെയാണ് ട്വിറ്റർ വഴിയും ഗെയിം ലഭ്യമാകുമെന്ന് അറിയിച്ചത്. അതേസമയം ആപ്പിൾ ഐഫോണുകളിൽ ഫൗജി കിട്ടുമോ എന്നതിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ഫൗജി ഗെയിമിന് 480എംബി വലുപ്പമാണ് ഉള്ളത്. അതുകൊണ്ട് തന്നെ പബ്ജിയെ അപേക്ഷിച്ച് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിൽ ഈ ഗെയിം എളുപ്പം ഡൗൺലോഡ് ചെയ്യാം. അധികം സ്റ്റോറേജ് സ്‌പെയ്സും ആവശ്യമില്ല. 3.6 റേറ്റിംഗുളള ഫൗജിയുടെ ഗ്രാഫിക്സാണ് മികച്ചതെന്ന് ഉപയോക്താക്കൾ പറയുന്നു. ഫൗജി ഒരു ഫ്രീ ടു പ്ലേ ഗെയിമാണെങ്കിലും, 19 മുതൽ 2,999 രൂപ വരെയുള്ള ഇൻഗെയിം പർച്ചേസുകൾ ഗെയിമിൽ ഉണ്ട്. പുതിയ ആയുധങ്ങൾ വാങ്ങാനും ചില കസ്റ്റമൈസ്ഡ് ഓപ്ഷനുകൾ അൺലോക്ക് ചെയ്യാനും പണം നൽകേണ്ടി വരും. ഫൗജി ഗെയിം പണം നൽകാതെ സൗജന്യമായും കളിക്കാവുന്നതാണ്.അതേസമയം പബ്ജിയുടെ അത്ര ഫൗജി പോരെന്ന അഭിപ്രായവും ചിലർക്കുണ്ട്. ആത്മനിർഭർ ഭാരത് ക്യാംപെയ്ൻ ശക്തമായ സമയത്താണ് പബ്ജി നിരോധനവും ഫൗജി വികസിപ്പിക്കുന്നുവെന്ന വാർത്തയും പുറത്തുവന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗെയിം ഇറക്കുമെന്നാണ് കമ്പനി ആദ്യമറിയിച്ചത്. സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടുപോവുകയായിരുന്നു. ജീവിത കഥകളെ ആസ്പദമാക്കിയുളള ആദ്യത്തെ ഓൺലൈൻ ഗെയിമായിരിക്കും ഫൗജി എന്നാണ് ഗെയിമിന്റെ അണിയറപ്രവർത്തകർ പറയുന്നത്.