farmers-

ന്യൂഡൽഹി :റിപ്പബ്ലിക് ദിനത്തിൽ കർഷക സമരത്തിനിടെയുണ്ടായ സംഘർഷതത്തിൽ പ്രതികരിച്ച് കേന്ദ്രസർക്കാർ. ചെങ്കോട്ടയിൽ ത്രിവർണ പതാകയെ അപമാനിച്ചതിൽ രാജ്യം പൊറുക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു സംഭവത്തെ അപലപിക്കാൻ കഴിയില്ലെന്നും ആക്രമണത്തിന് പിന്നിലുള്ള എല്ലാവർക്കുമെതിരെ നടപടിയുണ്ടാകുമെന്നും ജാവദേക്കർ പറഞ്ഞു.

കർഷക സമരത്തിൽ പ്രതിപക്ഷമായ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും മന്ത്രി കുറ്റപ്പെടുത്തി.

ആക്രമണ സംഭവങ്ങൾക്ക് പ്രേരണയായത് രാഹുൽ ഗാന്ധിയുടെ ട്വീറ്റുകളായിരുന്നെന്നും കർഷക സമരത്തിന് പിന്തുണ നൽകുന്നില്ലെങ്കിലും രാഹുൽ ഗാന്ധിയും കോൺഗ്രസും അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. സിഎഎ വിരുദ്ധ സമരത്തിനിടിയിലും സമാന സംഭവമുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു. പൊലീസ് മർദനത്തിലാണ് കർഷകൻ മരിച്ചതെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന അക്രമത്തിന് കാരണമായി. അക്രമം പ്രശ്നത്തിന് പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി മനസ്സിലാക്കണം. കർഷക സമരത്തിൽ പരിഹാരം കാണണമെന്ന് കോൺഗ്രസിന് ആഗ്രഹമില്ലെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.

കർഷക സംഘടനകൾ ഡൽഹിയിൽ നടത്തിയ മാർച്ചിനിടെ വലിയ ആക്രമണമാണ് ഉണ്ടായതെന്ന് ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവയും കുറ്റപ്പെടുത്തിയിരുന്നു. റാലിയുടെ മുൻനിരയിലേക്ക് ഭീകരവാദ ശക്തികൾ നുഴഞ്ഞു കയറാനും അക്രമം അഴിച്ചുവിടാനും കർഷക സംഘടനകളും നേതാക്കളും അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.