പോത്തൻകോട്: ഇന്ത്യൻ ആർമിയുടെ പേരിൽ ഹോട്ടലുകളിൽ ഭക്ഷണം ഓർഡർ നൽകി ഓൺലൈനിലൂടെ പണം തട്ടാൻ ശ്രമം. ചേങ്കോട്ടുകോണത്തെയും ശ്രീകാര്യത്തെയും ഹോട്ടലുകളിലാണ് തട്ടിപ്പിനുള്ള ശ്രമം നടന്നത്. ഹോം ഡെലിവെറിയും ഓൺലൈൻ ഡെലിവറിയും നടത്തുന്ന ഈ ഹോട്ടലുകളിൽ ഫോണിൽ വിളിച്ച് കൂടുതൽ പേർക്കുള്ള ഭക്ഷണം ഓർഡർ ചെയ്ത ശേഷം ബിൽ തുക അക്കൗണ്ടിൽ നൽകാമെന്ന് പറഞ്ഞ് കടയുടമകളെ കബളിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്നതാണ് പുതിയ രീതി. കഴിഞ്ഞ ദിവസം ചേങ്കോട്ടുകോണത്തെ ഫുഡ് ഫാക്ടറി ഹോട്ടലിൽ അജ്ഞാതൻ ഫോണിൽ വിളിച്ച് ആർമിയിലേക്കാണെന്ന് പറഞ്ഞ് ഭക്ഷണം ഓർഡർ നൽകി. തുക അക്കൗണ്ടിലേക്ക് നൽകാൻ ഹോട്ടൽ ഉടമയുടെ എ.ടി.എം കാർഡിന്റെ ചിത്രം വാട്സാപ്പിൽ അയച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
വിശ്വാസം വരുത്താനായി വിളിച്ചയാൾ ആർമി ഉദ്യോഗസ്ഥന്റെ ഫോട്ടോ ഉൾപ്പെടുന്ന ഐ.ഡി കാർഡിന്റെയും അയാളുടെ എസ്.ബി.ഐ എ.ടി.എം കാർഡിന്റെ ചിത്രവും ഹോട്ടൽ മാനേജർക്ക് അയച്ചുകൊടുത്തു. ഇതിനിടെ ആർമി ക്യാമ്പിൽ നടത്തിയ അന്വേഷണത്തിൽ അവിടെ നിന്നും ഭക്ഷണം ഓർഡർ ചെയ്തിട്ടില്ലെന്ന് മനസിലായി. ഇതോടെ ചേങ്കോട്ടുകോണത്തെ ഹോട്ടൽ മാനേജർ, ഹോട്ടലിലെ ജീവനക്കാരന്റെ പണമില്ലാത്ത അക്കൗണ്ടിന്റെ എ.ടി.എം കാർഡിന്റെ ചിത്രങ്ങൾ ഓർഡർ നൽകിയ ആളിന് അയച്ചുകൊടുത്തു.
എന്നാൽ ഈ അക്കൗണ്ടിൽ പണമയക്കാൻ കഴിയുന്നില്ലെന്നും മറ്റൊരു അക്കൗണ്ട് നമ്പർ നൽകാനും അജ്ഞാതൻ ആവശ്യപ്പെട്ടതോടെ തട്ടിപ്പാണെന്ന് മനസിലാക്കിയ ഹോട്ടൽ മാനേജർ പിന്മാറുകയായിരുന്നു. ശ്രീകാര്യത്തെ ഹോട്ടലിലും സമാന രീതിയിലാണ് തട്ടിപ്പ് നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർസെൽ നടത്തിയ അന്വേഷണത്തിൽ ഓർഡർ നൽകിയത് ആസാമിൽ നിന്നാണെന്ന് മനസിലാക്കി. അന്യസംസ്ഥാനത്തു നടക്കുന്ന കുറ്റകൃത്യമായതിനാൽ പെട്ടെന്ന് നടപടിയെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് നിലപാട്.