v-muraleedharan

കൊച്ചി: പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടാകാൻ കേരളം നികുതി കുറയ്‌ക്കട്ടെയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തോമസ് ഐസക്ക് പറഞ്ഞത് നികുതി കുറയ്‌ക്കുന്ന പ്രശ്‌നമേയില്ല എന്നാണ്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു.

കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതിയുടെ വലിയ അംശം ക്ഷേമപദ്ധതികളുടെ ഭാഗമായി സംസ്ഥാന സർക്കാരുകൾക്ക് കൈമാറുകയാണ്. പിണറായി സർക്കാർ സൗജന്യമായിട്ട് അരി കൊടുക്കുന്നുണ്ടല്ലോ. അത് കേന്ദ്രസർക്കാർ നൽകുന്ന അരിയാണല്ലോ. അതൊക്കെ ഇതിൽ നിന്നും വരുന്നതാണ്. അതൊക്കെ വേണ്ട എന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറച്ചാൽ മതിയെന്നും മുരളീധരൻ പറഞ്ഞു.

അന്താരാഷ്ട്ര വിലയുടെ മാത്രം അടിസ്ഥാനത്തിലല്ല ഇന്ധന വില നിർണയിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില എന്നു പറയുന്നത്, ക്രൂഡോയിൽ വില, ട്രാൻസ്‌പോർട്ടേഷൻ ചെലവ്, പ്രോസസിംഗ് ചെലവ്, എഗ്രിമെന്റുകൾ ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുളള പല കരാറുകൾ, അതിന് പുറമെ നികുതിയും. ഈ നികുതിയാണ് ആകെ വിലയുടെ പകുതിയിൽ അധികവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതി അമ്പത് ശതമാനത്തിന് മുകളിലാണ്. ആ നികുതി സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരേപോലെയാണ്. അത്ര താത്പര്യമുണ്ടെങ്കിൽ സംസ്ഥാനം നികുതി കുറച്ചാൽ മതി. മുമ്പ് പല ഘട്ടങ്ങളിലും കേന്ദ്രം കുറച്ചിട്ടുണ്ട്. ഇനിയും കുറയ്‌ക്കാൻ സാദ്ധ്യതയുണ്ടോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ആവശ്യം വരുമ്പോൾ തീരുമാനിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.