തിരുവനന്തപുരം: ജില്ലയിലുടനീളം അമ്പലങ്ങളും കടകളും സർക്കാർ ഓഫീസും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. തൃശൂർ ചേർപ്പ് പാറക്കോവിൽ പുളിപ്പറമ്പിൽ വീട്ടിൽ റഫീക് സതീഷ് എന്നു വിളിക്കുന്ന സതീഷ് (39), കൊച്ചുവേളി ശംഭുവട്ടം ജംഗ്ഷനിൽ വാടകയ്ക്ക് താമസം സാബു സേവ്യർ (35), വലിയതുറ മേരി മാതാ ലെയിനിൽ വനിത എന്നു വിളിക്കുന്ന വനജ (32) എന്നിവരെയാണ് പൂന്തുറ എസ്.എച്ച്.ഒ സജികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
പൂന്തുറ സ്റ്റേഷൻ പരിധിയിലെ മുട്ടത്തറ ആര്യൻകുഴി ദേവീ ക്ഷേത്രത്തിലും, കമലേശ്വരം ശിവക്ഷേത്രത്തിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവർ വലയിലായത്. പകൽ സമയങ്ങളിൽ മൂവരും ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ദർശനം നടത്താനെന്ന വ്യാജേന അമ്പലങ്ങളിൽ പ്രവേശിച്ച് പരിസരം മനസിലാക്കും. രാത്രി സാബുവും സതീഷും ഓട്ടോറിക്ഷയിൽ എത്തുകയും സതീഷ് ക്ഷേത്രത്തിനകത്ത് കയറി മോഷണം നടത്തുകയുമാണ് പതിവ്. ഈ സമയം സാബു സുരക്ഷിതസ്ഥലത്ത് ഓട്ടോറിക്ഷ പാർക്ക് ചെയ്ത് മാറി നിൽക്കും. മോഷണത്തിന് ശേഷം ഇരുവരും കൊച്ചുവേളിക്ക് സമീപമുള്ള വീട്ടിലെത്തി കിട്ടുന്ന നാണയത്തുട്ടുകളടക്കം വനജയുമായി ചേർന്ന് എണ്ണി തിട്ടപ്പെടുത്തും. ചില്ലറ നോട്ടാക്കുന്നതും സ്വർണം വിറ്റ് പണമാക്കുന്നതും വനജയാണ്.
നഗരത്തിലെ പൂന്തുറ, ഫോർട്ട്, കഴക്കൂട്ടം, വലിയതുറ, തിരുവല്ലം, വിഴിഞ്ഞം, പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധികളിലും മാരായമുട്ടം, കണിയാപുരം ഭാഗങ്ങളിലുമായി 22ഓളം ക്ഷേത്രങ്ങളിൽ സംഘം മോഷണം നടത്തിയതായി തെളിഞ്ഞു. മുട്ടത്തറ വല്ലേജ് ഓഫീസ് കുത്തിപ്പൊളിച്ച് മോഷണത്തിന് ശ്രമിച്ചതും, കണ്ണാന്തുറ ആൾസെയിന്റ്സ് ഭാഗങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ കവർച്ച നടത്തിയതും ഈ സംഘമാണ്.
ഒന്നരലക്ഷം രൂപ വിലവരുന്ന സ്വർണവും, അൻപതിനായിരം രൂപയുടെ വെള്ളി ആഭരണങ്ങളും, മറ്റ് മോഷണവസ്തുക്കളും സതീഷിന്റെ കല്ലമ്പലത്തുള്ള വാടകവീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ.ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു. ശംഖുംമുഖം അസി. കമ്മിഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പൂന്തുറ എസ്.എച്ച്.ഒ ബി.എസ്.സജികുമാർ, എസ്.ഐമാരായ അനൂപ് ചന്ദ്രൻ, അഭിരാം, എ.എസ്.ഐ ശിവകുമാർ, എസ്.സി.പി.ഒമാരായ മനു, അജിത്, സി.പി.ഒമാരായ രാജേഷ്, സന്തോഷ്, അജിത്, അൻഷാദ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.