twenty-twenty-

കേരളത്തിലെ ഏതൊരു പ്രദേശവും പോലെ ഒരു കാർഷിക ഗ്രാമമായിരുന്നു കിഴക്കമ്പലം. അറുപതുകളിലും എഴുപതുകളിലും വീശിയടിച്ച അലൂമിനിയം പാത്രപരിഷ്കാരങ്ങളുടെ കാലം. എനിക്കോർമ്മയുണ്ട്,​ ചെമ്പുപാത്രങ്ങളും പിച്ചള ഗ്ളാസുകളും ഒാട്ടുപിഞ്ഞാണങ്ങളുമൊക്കെ അലൂമിനിയം പാത്രങ്ങൾക്ക് വഴിമാറിക്കൊടുത്തത്.. തലച്ചുമടായി വന്ന പാത്രക്കച്ചവടക്കാർ ആ പരിഷ്കാരം ഞങ്ങളുടെ പായിപ്രയിൽ നടപ്പിലാക്കി.

ഇക്കാലത്താണ് കിഴക്കമ്പലത്തെ ജേക്കബേട്ടൻ അന്നാ അലൂമിനിയം കമ്പനി തുടങ്ങുന്നത്. പതിവുപോലെ കമ്പനി പച്ചപിടിച്ചതോടെ തൊഴിലാളി സമരം ആളിക്കത്തി. കമ്പനി അടച്ചിട്ടു.

സ്വന്തമായി ഒരു പേസ്റ്റ് കമ്പനി തുടങ്ങി എട്ടുനിലയിൽ പൊട്ടിയെങ്കിലും കഥാകൃത്ത് എം.പി. നാരായണപിള്ള വ്യവസായികൾക്ക് ബുദ്ധി ഉപദേശിക്കുന്നതിൽ മിടുക്കു കാട്ടിയിരുന്നു. തൊഴിലാളികളെ മുതലാളിമാരാക്കി സ്വന്തം വീട്ടിലിരുത്തി പണിയെടുപ്പിക്കുന്ന തന്ത്രം മറ്റൊരു കിഴക്കമ്പലത്തുകാരൻ വ്യവസായിക്ക് (സേവന ഫിലിപ്പോസ്) നാരായണപിള്ളയാണ് ഉപദേശിച്ചത്.ഇൗ തന്ത്രം ഫലപ്രദമായി ഉപയോഗിച്ചു വെന്നിക്കൊടി പാറിച്ചത് പിന്നീട് വി. ഗാർഡ് കൊച്ചൗസേപ്പാണ്. തൊഴിലാളി സംഘടനാ പ്രവർത്തനം ഉപജീവന മാർഗമാക്കി കൊണ്ടുനടന്നവർക്ക് ആദ്യമായി എട്ടിന്റെ പണികൊടുക്കുന്നതിന് നാണപ്പൻ ചേട്ടനോട് നന്ദിപറയണം. തൊഴിലാളി നേതാവിനും വീട്ടിലിരിക്കേണ്ട അവസ്ഥ വന്നു!

ജേക്കബേട്ടൻ പാത്രക്കമ്പനിയിൽനിന്നും അച്ചാറുകളിലേക്കും കളംമുണ്ടിലേക്കുമൊക്കെ കത്തിക്കയറി. അന്ന കിറ്റക്സായി വളർന്നു. കിഴക്കമ്പലം വീണ്ടും മാറുകയായിരുന്നു. കക്ഷിരാഷ്ട്രീയവും പലജാതി വർണക്കൊടികളും വലിച്ചെറിഞ്ഞ് അവർ ട്വന്റി- ട്വന്റിയുടെ ക്ഷേമക്കൊടി പാറിച്ചു. ഇടത്- വലത് പക്ഷങ്ങൾ വല്ലാതെ ഞെരുക്കിയിട്ടും അവർ പഞ്ചായത്തിലെ സാധാരണക്കാർക്ക് വിലക്കുറവിൽ ഭക്ഷണസാമഗ്രികളും ആരോഗ്യക്ഷേമവും നൽകി.

ബക്കറ്റ് പിരിവും കൂപ്പൺ മഹോത്സവവും ഇല്ലാതെയും നാടു നന്നാക്കാമെന്നവർ കാണിച്ചുകൊടുത്തു. ദേശീയ - അന്തർദ്ദേശീയ രാഷ്ട്രീയത്തിന്റെ ചട്ടുകമാകാതെയും നാടുനന്നാക്കാമെന്ന് തെളിയിച്ചു. കടമെടുത്ത് പുട്ടടിച്ചാൽ ആരും ചോദിക്കാൻ വന്നേക്കരുതെന്നാണല്ലോ സർക്കാരിന്റെ നവധനതത്വശാസ്ത്രം. ഇൗ സംഘടിത തട്ടിപ്പൊന്നും ട്വന്റി ട്വന്റിയിൽ നടപ്പില്ല.

സൗജന്യ നിരക്കിൽ ഭക്ഷണസാമഗ്രികൾ കൊടുക്കുന്ന ട്വന്റി ട്വന്റിയെ മറികടക്കാൻ സർക്കാർ സൗജന്യ കിറ്റുവിതരണം തുടങ്ങി. ക്ഷേമ പെൻഷനായി വോട്ടർമാർക്ക് അത്യാവശ്യം പോക്കറ്റുമണിയും കൊടുത്തു. അതോടെ കാര്യങ്ങൾ സുഗമമായി.

സ്വർണക്കടത്തും കമ്മിഷൻ പിരിവും ഇവന്റു മാനേജ്മെന്റും അഖില ലോക ബക്കറ്റ് പിരിവും, പാർട്ടിക്കാർക്ക് മാത്രമായി പ്രത്യേക പിൻവാതിലുകളും...

എന്ത് കുന്തമായാലും വേണ്ടില്ല, കിട്ടുന്നതിൽ പാതിയില്ലെങ്കിലും വേണ്ടില്ല. അഷ്ടിക്ക് ചിലത് തരുന്നുണ്ടല്ലോ എന്ന് ജനം ആശ്വസിച്ചു...

ഒരു രൂപയ്ക്ക് ചായയും അഞ്ചുരൂപയ്ക്ക് മസാലദോശയും സൂപ്പും എട്ടുരൂപയ്ക്ക് ബിരിയാണിയും കഴിക്കാൻ ദില്ലിയിലും തിരുവനന്തപുരത്തും പറ്റിയ ഇടങ്ങളുണ്ട്. പട്ടിണിപ്പാവങ്ങൾക്കൊന്നും അവിടെ പ്രവേശനമില്ല. അവർ തിരഞ്ഞെടുത്തയയ്ക്കുന്ന ജനാധിപത്യത്തിന്റെ രാജകുമാരന്മാർക്കുള്ളത്.

അവരെപ്പോലെ തങ്ങൾക്കും ഒരു രൂപയ്ക്ക് ചായയും സൗജന്യ കാർ-തീവണ്ടി-വിമാനയാത്രകളും ലഭ്യമാകുന്ന ഒരിക്കലും നടക്കാത്ത സ്വപ്നവും കണ്ട് കാത്തിരിക്കയാണ് പാവം വോട്ടർമാർ!

ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവും. വിപ്ളവം വന്നില്ലെങ്കിലും പൊതുടാപ്പുകളിൽ പാലും തേനും ഒഴുകും. സ്വപ്നം മറ്റൊരു തരത്തിൽ ക്രൂര യാഥാർത്ഥ്യമായി. പാലിനേക്കാൾ വില പച്ചവെള്ളത്തിനായി. പൊതുടാപ്പുകൾ മാഞ്ഞു. കക്ഷി രാഷ്ട്രീയത്തിന്റെ മൂന്ന് മുന്നണികളെയും വകഞ്ഞുമാറ്റി ഗ്രാമസ്വരാജിന്റെ നാലാം മുന്നണി നാടുനന്നാക്കാൻ നാമ്പെടുക്കുമോ!

കിഴക്കമ്പലത്തുനിന്നും ട്വന്റി ട്വന്റി പടരുകയാണ്. പലപേരി​ലും പല രൂപത്തി​ലും കൊടുവള്ളി​യി​ലെ കാരാട്ട് സഖാവ് കാണി​ച്ചുതന്ന വി​ജയവും ഒരു സൂചനയാണ്. സൗജന്യ കി​റ്റുവി​തരണം മാത്രമല്ല, കേരളത്തെ ഇനിയും പല പാഠങ്ങളും കിഴക്കമ്പലങ്ങൾ പഠിപ്പിച്ചേക്കും.

(9447575156).