വഡോദര: ഭാര്യയുമായുളള വഴക്കിനെ തുടർന്ന് മകളെ കൊലപ്പെടുത്തി പ്രതികാരം ചെയ്‌തയാൾ പിടിയിൽ. ഗുജറാത്തിലെ അനന്ദ് ജില്ലയിൽ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ശൈലേഷ് പധിയാർ എന്നയാളാണ് തന്റെ അഞ്ചുവയസുകാരി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുടെ അവിഹിത ബന്ധത്തെ ചൊല്ലി ശൈലേഷും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. ഒരിക്കൽ വഴക്കിനിടെ മകൾ ശൈലേഷിന്റേതല്ലെന്ന് ഭാര്യ പറഞ്ഞു. ഇതോടെ ഭാര്യയോടുളള ഇയാളുടെ സംശയം വർദ്ധിച്ചു. പിന്നീട് തിങ്കളാഴ്‌ച ശൈലേഷ് മകളെയും കൂട്ടി പുറത്തുപോയി.
അടുത്തുളള കനാൽകരയിൽ മകളുമൊത്ത് എത്തിയ ശൈലേഷ് മകളോട് ചുളളി പെറുക്കാൻ ആവശ്യപ്പെട്ടു. കുട്ടി ചുളളി പെറുക്കുന്നതിനിടെ ബെൽറ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനു ശേഷം വീട്ടിലെത്തിയ ഇയാൾ മകളെവിടെയെന്ന് അന്വേഷിച്ചു. തുടർന്ന് മകളെ ആരോ തട്ടിക്കൊണ്ടുപോയതായി അറിയിച്ച് നാട്ടുകാർക്കൊപ്പം അന്വേഷണത്തിനിറങ്ങി.
പിന്നീട് മകളുടെ മൃതദേഹം കണ്ടെടുത്ത ശേഷം പൊലീസിനെ വിവരമറിയിച്ചു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ശൈലേഷാണെന്ന് ഉറപ്പിച്ചു. ശൈലേഷിനും ഭാര്യയ്‌ക്കും അവിഹിത ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.