sivasankar

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കള‌ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ കുറ്റപത്രത്തെ ചോദ്യം ചെയ്ത് ശിവശങ്കർ സമർപ്പിച്ച ഹർജി പിൻവലിച്ചു. കേസിൽ കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകിയതിനെ തുടർന്നാണിത്. തനിക്കെതിരായ അന്വേഷണം പൂർത്തിയായിട്ടില്ല. അഡീഷണൽ കു‌റ്റപത്രമുണ്ടാകും എന്നാണ് കോടതിയെ ഇ.ഡി അറിയിച്ചിരിക്കുന്നത്. അതിനാൽ കു‌റ്റപത്രം പൂർണമല്ലെന്നും ശിവശങ്കർ കോടതിയിൽ വാദിച്ചു. ആവശ്യമെങ്കിൽ ഭാവിയിൽ മ‌റ്റൊരു ഹർജി സമർപ്പിക്കുമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു.

കള‌ളപ്പണം വെളുപ്പിച്ച കേസിൽ ഉപാധികളോടെയായിരുന്നു ശിവശങ്കറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയിൽ പാസ്‌പോർട്ട് കെട്ടിവയ്‌ക്കണം,​ അന്വേഷണവുമായി സഹകരിക്കണം,​ സാക്ഷികളെ സ്വാധീനിക്കരുത്,​ അനുമതിയില്ലാതെ വിദേശത്ത് പോകരുത് എന്നിവയാണ് ഈ ഉപാധികൾ. എന്നാൽ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ശിവശങ്കർ ജയിൽമോചിതനായിട്ടില്ല.

അതേസമയം സ്വർണക്കടത്ത് കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കസ്‌റ്റംസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കസ്‌റ്റംസ് കേസിൽ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിച്ചു. സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്ന് കസ്‌റ്റംസിന്റെയും ഇ.ഡിയുടെയും കേസുകളിലുള‌ളത്. എന്നാൽ എൻ.ഐ.എ കേസിൽ ശിവശങ്കർ പ്രതിയായിരുന്നില്ല. എന്നാൽ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത ഡോളർ കടത്ത് കേസിൽ നാലാംപ്രതിയായ ശിവശങ്കറിന്റെ അറസ്‌റ്റ് മുൻപ് രേഖപ്പെടുത്തിയിരുന്നു. കാക്കനാട് ജയിലിലെത്തിയാണ് കസ്‌റ്റംസ് ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തത്.