തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ രണ്ടരലക്ഷം വീടുകളുടെ പൂർത്തീകരണം അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത പാർപ്പിട വികസന പദ്ധതിയാണ് ലൈഫ്. എല്ലാവർക്കും അന്തസോടെ ജീവിക്കാനുളള അവസരം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി വഴി രണ്ടരലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ ആരംഭിച്ച മിഷനുകളെല്ലാം വിജയമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആർദ്രം പദ്ധതി വഴിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ജനങ്ങൾക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയർത്തുകയാണ് സർക്കാർ ലക്ഷ്യം. പ്രത്യാശയോടെ സർക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവർക്ക് കൈതാങ്ങായി നിൽക്കുമെന്ന നിശ്ചയദാർഢ്യമാണുളളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന് ഒരുപാട് പരിമിതികളുണ്ടെന്നും അതിനെ അതിജീവിച്ച് പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രത കുറയുന്നതിനാൽ കൊവിഡ് വലിയ തോതിൽ ബാധിക്കുന്നുണ്ട്. കർശനമായ നടപടികളിലേക്ക് കടക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുതല സമിതികൾ പുനരുജ്ജീവിപ്പിക്കണം. മാസ്‌ക് ധരിക്കുകയും ശാരീരിക അലകം പാലിക്കുകയും ചെയ്യണം. അസുഖമുളളവരുടെ വീടുകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പുറത്തുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം വട്ടിയൂർക്കാവിലെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ടെത്തി. 2,50, 547 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തിയത്.