murder-case

കൊച്ചി: പുല്ലേപ്പടിയിൽ റെയിൽവേ ട്രാക്കിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മാനാശ്ശേരി സ്വദേശികളായ പ്രദീപ്, മണിലാൽ, സുലു എന്നിവരാണ് പിടിയിലായത്. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.

ഫോർട് കൊച്ചി മനാശ്ശേരിയിൽ ജോബിയാണ് കൊല്ലപ്പെട്ടത്. കേസിൽ ജോബിയുടെ അയൽക്കാരനായ ഡിനോയിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം നടന്ന ദിവസം ഇരുവരും മദ്യപിച്ചിരുന്നു.മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന ജോബിയെ ഡിനോയ് കൈയിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി മറ്റ് മൂന്ന് പ്രതികളുടെ സഹായത്തോടെ മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഡിനോയിയുടെ പിതൃ സഹോദരൻ്റെ വീട്ടിൽ ഇവർ മോഷണം നടത്തിയിരുന്നു. ജോബിയുടെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നു.മോഷണക്കേസിൽ പിടിവീഴാൻ ഇത് കാരണമാകുമെന്ന് പേടിച്ചാണ് പ്രതി സുഹൃത്തിനെ കൊന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് നാട്ടുകാരാണ് റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ ജോബിയുടെ മൃതദേഹം കണ്ടത്. ട്രാക്കിലേക്ക് തല വച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു. സമീപത്ത് നിന്നും കത്തിക്കാൻ ഉപയോഗിച്ച ലൈറ്ററും, പെട്രോൾ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു. ആത്മഹത്യയാണെന്ന് ആദ്യം കരുതിയിരുന്നെങ്കിലും പരിശോധനയിൽ കൊലപാതകമാണെന്ന് കണ്ടെത്തി.