മുകേഷ് കഥകൾ ഫ്ളാഷ് മൂവീസിൽ 100 -ാം ലക്കത്തിൽ
മമ്മൂട്ടിയും മോഹൻലാലും മുതൽ മലയാള സിനിമയിൽ മുകേഷ് കഥകൾക്ക്
'താരാരാധകർ" ഏറെയാണ്. 'ഇത്രയും കഥകളും സംഭവങ്ങളും തമാശകളും ഒാർത്തിരിക്കുന്നതെങ്ങനെയാണ്?" പലരും പലപ്പോഴും മുകേഷിനോട് ചോദിച്ചിട്ടുള്ള ചോദ്യം.
'പറയുന്ന കഥ അതിൽ തമാശ വേണമെന്നോ പറയുന്നതെല്ലാം തമാശക്കഥകളാകണമെന്നോ നിർബന്ധമില്ല. പക്ഷേ പറയുന്ന കഥകൾക്ക് എന്തെങ്കിലും തരത്തിലുള്ള പറയുന്ന സന്ദർഭവുമായി ബന്ധം വേണം. ആ ഒരു നിമിഷം ഞാൻ എപ്പോഴും പാലിച്ചിട്ടുണ്ട്. ഒരു സദസിൽ സംസാരിക്കുന്ന ഒരു വിഷയത്തിന്റെ അനുബന്ധമായുള്ള ഒരു വിഷയമായിരിക്കണം പറയേണ്ടത്. ഒരാൾ ബാങ്കിൽ പോയ കാര്യം പറയുമ്പോൾ ബാങ്കിൽ പോയ കാര്യം പറഞ്ഞപ്പോഴാണ് ഞാൻ ഉൗട്ടിയിൽ പോയപ്പോഴുള്ള ഒരു കാര്യം ഒാർമ്മവന്നതെന്ന് ഒരാൾ പറഞ്ഞാൽ അത് എത്ര വലിയ കഥയാണെങ്കിലും അതിൽ എത്ര വലിയ തമാശയാണെങ്കിലും ഏല്ക്കില്ല. ബാങ്കിൽപ്പോയ കാര്യം ഒരാൾ പറയുമ്പോൾ ബാങ്കുമായി ബന്ധപ്പെട്ട എന്തൊക്കെ കാര്യങ്ങൾ എന്റെ മനസിലുണ്ടെന്ന് ഞാൻ ഒാർത്തെടുക്കാൻ ശ്രമിക്കും. ആദ്യമൊന്നും പെട്ടെന്ന് ഒാർമ്മ വരില്ല. പിന്നീട് പലപ്പോഴും പല സംഭവങ്ങളും ഒാർത്തെടുക്കാൻ കഴിഞ്ഞു." മുകേഷ് കഥകളുടെ തുടക്കത്തെക്കുറിച്ച് മുകേഷ് പറയുന്നു.
മുകേഷ് കഥകൾക്ക് ഇത്രയും വലിയ ഒരു വരവേല്പ് പ്രതീക്ഷിച്ചിരുന്നോ?
ഇല്ലെന്നതാണ് സത്യം. 39 കൊല്ലമായി സിനിമയിൽ അഭിനയ രംഗത്ത് നിലനിൽക്കുന്ന ഒരാളാണ് ഞാൻ. ഇൗ കാലയളവിനിടയിൽ സിനിമകളോടൊപ്പം തന്നെ പല സ്ഥലങ്ങളിലായി നിരവധി സ്റ്റേജ് ഷോകളും മോഹൻലാലുമായി ചേർന്ന് 'ഛായാമുഖി" എന്ന നാടകവും കോടീശ്വരനും, ഡീൽ ഒാർ നോ ഡീലും ബഡായി ബംഗ്ളാവും അടക്കമുള്ള ടി.വി. ഷോകളും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ ഒരുപാട് പേർ എന്നെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത അനുമോദനങ്ങളും പ്രശംസകളുമാണ് മുകേഷ് കഥകൾ എനിക്ക് നേടിത്തന്നത്. ജീവിതത്തിൽ എനിക്ക് കിട്ടിയ ഒരു ബോണസായി ഞാനതിനെ കാണുന്നു.
ആദ്യമായി കഥ എഴുതിയത് പ്രീഡിഗ്രി കാലത്തല്ലേ?
അതെ. കോളേജിലെ ഒരു അദ്ധ്യാപികയുമായുണ്ടായ അഭിപ്രായവ്യത്യാസത്തിൽ നിന്ന് ഉടലെടുത്തതായിരുന്നു ആ കഥ. പക്വതയില്ലാത്ത ആ പ്രായത്തിൽ മോശം പെരുമാറ്റംകൊണ്ട് വന്നു പോയ ഒരു വഴക്ക്. അത് വളർന്ന് വളർന്ന് ഒടുവിൽ അച്ഛനെ വിളിച്ചുകൊണ്ടുവന്നാലേ ക്ളാസിൽ കയറ്റൂവെന്ന ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ ഉത്തരവിലേക്കെത്തി. ആ ഉത്തരവിൽ ഞാനാകെ തകർന്നു. കാരണം കോളേജിൽ ചേർന്നപ്പോൾത്തന്നെ നടന്ന ഇൗ സംഭവം അച്ഛനറിഞ്ഞാൽ വീട്ടിൽ ഭൂകമ്പം നടക്കും. അതുകൊണ്ട് അച്ഛനോട് പറയാതെ കുറേദിവസം മുങ്ങിനടന്നു. പക്ഷേ പ്രൊഫസർ അച്ഛനെ വിളിപ്പിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എല്ലാവരുടെയും മുന്നിൽ വച്ച് അനുഭവിക്കേണ്ടിവന്ന അപമാനവും അച്ഛന്റെ വഴക്കും എന്നെ ഒരു പ്രതികാരദാഹിയാക്കി. എങ്ങനെ പ്രതികാരം ചെയ്യും. ഞാനൊരുപാട് ആലോചിച്ചു. ഒടുവിൽ ഒരുവഴി കണ്ടുപിടിച്ചു. കഥ എഴുതാം. യഥാർത്ഥ സംഭവം തന്നെ പേരുമാറ്റി തയ്യാറാക്കാം. വായിക്കുമ്പോൾ എല്ലാവർക്കും കഥയിലെ വില്ലത്തി ആരാണെന്ന് പിടികിട്ടും. അപ്പോൾ അവരെല്ലാവരും എന്നോട് മാപ്പ് ചോദിക്കുമെന്നല്ലാം ഞാൻ തെറ്റിദ്ധരിച്ചു.
അങ്ങനെ സാങ്കല്പിക പേരുകൾ വച്ച് കഥ എഴുതി. കഥ പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നോ?
ജനയുഗം പത്രത്തിന്റെ ചീഫ് എഡിറ്റർ കാമ്പിശേരി കരുണാകരൻ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. കാമ്പിശേരി മാമനെന്നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമായിരുന്നു. ഇടയ്ക്കിടെ ഞാൻ ജനയുഗത്തിന്റെ ഒാഫീസിൽ പോകുമായിരുന്നു. ജനയുഗത്തിന്റെ സിനിമാ മാസികയായ സിനിരമയ്ക്ക് വേണ്ടി ഉപയോഗിച്ച് കഴിഞ്ഞ സിനിമാതാരങ്ങളുടെ ഫോട്ടോകൾ കാമ്പിശേരി മാമൻ എനിക്കായി മാറ്റിവയ്ക്കുമായിരുന്നു.
അങ്ങനെ ഫോട്ടോസ് വാങ്ങാൻ പോയ ഒരു ദിവസം ഞാനൊരു കഥയെഴുതിയ കാര്യം കാമ്പിശേരി മാമനോട് പറഞ്ഞു. കൂട്ടുകാരനുണ്ടായ അനുഭവമാണെന്ന് പറഞ്ഞ് ഞാനാ കഥ മാമന് കൈമാറി. ജനയുഗത്തിൽ പ്രസിദ്ധീകരിക്കാനായി.
പിറ്റേ ദിവസം ഞാൻ കാണാൻ ചെന്നപ്പോൾ കാമ്പിശേരി മാമന്റെ മുഖത്ത് ചിരിയൊന്നുമില്ല. ഗൗരവഭാവത്തിലാണ്. അദ്ദേഹം എന്റെ തോളിൽ കൈയിട്ട് പിടിച്ച് പറഞ്ഞു: 'ഇത് നിന്റെ കൂട്ടുകാരന്റെ കഥയല്ല. നിന്റെ തന്നെ കഥയാണ്. നീ ആദ്യമായി എഴുതുന്ന കഥ ഗുരുവിനെ നിന്ദിച്ച് കൊണ്ടാവരുത്. അതൊരു ഗുരുത്വമില്ലായ്മയാണ്. നിന്നെ തിരുത്താനും നിനക്ക് ഒരു നല്ല ജീവിതമുണ്ടാകാനുമാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത്. നിനക്കത് ഇപ്പോ മനസിലാവില്ല. അതുകൊണ്ട് ഒരിക്കലും നീ ഇങ്ങനെയൊന്നും ചെയ്യരുത്. ഇൗ കഥ പ്രസിദ്ധീകരിച്ച് നീ സാഹിത്യ ലോകത്തേക്ക് കടക്കുന്നത് ഒരു അശുഭ ലക്ഷണമാണ്.
ആ കഥ പ്രസിദ്ധീകരിച്ചില്ല. വർഷങ്ങൾക്കു ശേഷമാണ് മുകേഷ് കഥകൾ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇന്ന് കാമ്പിശേരി മാമനില്ല.
ആദ്യമെഴുതിയ കഥ പ്രസിദ്ധീകരിക്കപ്പെട്ടില്ല. പക്ഷേ ഇന്ന് പല തമാശക്കഥകളും മുകേഷിന്റെ പേരിൽ അറിയപ്പെടുന്നുണ്ട്?
ഞാൻ പറഞ്ഞ കഥകളും തമാശകളുമാണെന്ന പേരിൽ ഞാനറിയാത്ത അസഹ്യമായ ചില കഥകളും തമാശകളും പലരും പലയിടത്തും പറയാറുണ്ട്. പലരും അത് എന്നോട് വന്ന് മുകേഷേട്ടന്റെ കഥയല്ലേ തമാശയല്ലേ അതെന്ന് എന്നോട് ചോദിക്കുമ്പോഴാണ് സത്യത്തിൽ ഞാൻ അതറിയുന്നത്. ഞാനറിയാത്ത കഥകളും തമാശകളും എന്റെ പേരിൽ ആരോപിക്കപ്പെടുന്നത് എന്റെ ഒരു ശാപമാണ്.
ഞാൻ കൊല്ലം എസ്.എൻ. കോളേജിൽ പഠിക്കുന്ന സമയം. കൊല്ലത്തുകാരുടെ മുന്നിൽ ഒരു തമാശ പറഞ്ഞ് ഫലിപ്പിക്കാൻ വലിയ പാടാണ്. ആരും വിട്ടുതരില്ല. നല്ല തമാശകൾ പറഞ്ഞാലും ചിരിക്കാതെ കടിച്ച് പിടിച്ചിരിക്കും. തമാശ പറഞ്ഞ് ഇവനങ്ങ് വലുതായി പോയാലോയെന്ന ചിന്തയാണ്. മോശം തമാശ പറഞ്ഞാൽ ശിക്ഷയുമുണ്ട്. ഒരാഴ്ചത്തേക്ക് അഭിപ്രായ സ്വാതന്ത്ര്യം പോലും കാണില്ല. ആ ഒരാഴ്ചയ്ക്കിടയ്ക്ക് എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേ 'മിണ്ടരുത്" എന്ന ശാസന കിട്ടും. 'നീ ശിക്ഷ അനുഭവിക്കുന്നയാളാണ്. ഒരാഴ്ച നീ മിണ്ടിപ്പോകരുത്."
തമാശക്കഥ പറഞ്ഞ് ഏൽക്കാതെ മുകേഷിനും അങ്ങനെ ശിക്ഷ കിട്ടിയിട്ടുണ്ടോ?
പിന്നേ... ഒരാഴ്ചയാകുമ്പോഴേക്കും നമുക്ക് ബോറടിക്കും. ഇതെന്തോന്ന് എന്ന് പരാതിപ്പെടുമ്പോൾ പരോൾ അനുവദിക്കുന്നത് പോലെ ശിക്ഷയിൽ ഒരു ഇളവ് കിട്ടും. 'പറയണ്ട, എന്തേലും പറയാനുണ്ടെങ്കിൽ അത് എഴുതിത്താ. ആ നിലവാരത്തിൽ എത്തിയാൽ നമുക്ക് നോക്കാം.
അങ്ങനെയൊക്കെയുള്ള പാഠങ്ങളിലൂടെയാണ് ഞാൻ കടന്നുവന്നത്. ഞാൻ പറഞ്ഞ ചില കഥകൾ ഏൽക്കാതെ പോയപ്പോഴൊക്കെ ശിക്ഷ കിട്ടിയിട്ടുണ്ട്. പറഞ്ഞ് വരുമ്പോഴേ നമുക്കറിയാം. ഇത് ഏൽക്കില്ലെന്ന്.
ഞാനൊരിക്കൽ ഒരു ടെക്നിക്ക് പ്രയോഗിച്ചു. അന്ന് സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന കൊമേഡിയനും തമാശക്കഥകളെഴുതുന്നയാളും അടൂർഭാസിയാണ്. ഞാൻ കൊല്ലത്തെ ഗ്യാംഗിന് മുന്നിൽ അടൂർഭാസിയുടെ ഒരു തമാശ സിനിരമ മാഗസിനിൽ വന്നതാണെന്ന് പറഞ്ഞ് എന്റെ പല തമാശകളും അവതരിപ്പിച്ചു.
അടൂർഭാസിയുടെ തമാശയ്ക്ക് ചിരിക്കാതിരിക്കാനാവാത്തതിനാൽ എല്ലാവരും പൊട്ടിച്ചിരിച്ചു. അങ്ങനെ കുറേക്കാലം അദ്ദേഹത്തിന്റെ ചെലവിൽ എന്റെ തമാശകൾ ഞാൻ വിറ്റഴിച്ചു. അതിന്റെ ശിക്ഷയാണ് പല അൽ ഗുൽത്ത് തമാശകളും പിന്നീട് എന്റെ പേരിൽ ആരോപിക്കപ്പെട്ടത്.