മുകേഷ് കഥകളെല്ലാം ഞാൻ വായിച്ചിട്ടില്ല. പക്ഷേ വായിച്ചതിലും മുകേഷേട്ടൻ പറഞ്ഞ് കേട്ടതിലും ഞാൻ ഒരുപാട് ആസ്വദിച്ച ഒരു കഥയുണ്ട്.
മുകേഷേട്ടന്റെ ആദ്യത്തെ മെയിൻ സ്ട്രീം നാടകങ്ങളിലൊന്ന് കൊല്ലം ടൗൺ ഹാളിൽ അവതരിപ്പിച്ചതിനു ശേഷം ഗ്രീൻ റൂമിലേക്ക് കുറച്ച് പെൺകുട്ടികൾ മുകേഷേട്ടനെ പരിചയപ്പെടാനും ഒാട്ടോഗ്രാഫ് വാങ്ങിക്കാനുമൊക്കെയായി വന്നു.
മുകേഷേട്ടന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ അപ്പോൾ മുകേഷേട്ടനെ തടഞ്ഞു:
'നീ ഇപ്പോ അവർക്ക് പരിചയപ്പെടാനുള്ള ചാൻസും ഒാട്ടോഗ്രാഫും ഒന്നും കൊടുക്കരുത്. നാളെ പത്രങ്ങളിലും മറ്റും നിന്നെക്കുറിച്ചുള്ള വാർത്തകൾ വന്നശേഷം അവർ നിന്നെ കാണാൻ കഷ്ടപ്പെട്ട് വരണം. പെട്ടെന്ന് പരിചയപ്പെടാനുള്ള ചാൻസ് കൊടുക്കുന്നതിനേക്കാൾ കഷ്ടപ്പെട്ട് അവസരം കിട്ടിയാലേ അതിനൊരു വിലയുണ്ടാവൂയെന്ന് കൂട്ടുകാർ പറഞ്ഞത് കേട്ടപ്പോൾ മുകേഷേട്ടന്റെ കാലിന്റെ തള്ള വിരലിൽ നിന്ന് ഒരു തരിപ്പ് കയറിവന്നു. കൂട്ടുകാർ പറഞ്ഞത് ശരിയാണെന്ന് തോന്നി മുകേഷേട്ടൻ അന്ന് ആ പെൺകുട്ടികൾക്ക് പിടികൊടുക്കാതെ മാറിക്കളഞ്ഞു. പിറ്റേദിവസം രാവിലെ പത്രം നോക്കിയപ്പോൾ നാടകത്തെക്കുറിച്ചുള്ള വാർത്തയൊന്നും കണ്ടില്ല. അന്ന് വൈകിട്ടും പിറ്റേന്നുമൊക്കെ ആ പെൺകുട്ടികൾ വീണ്ടും പരിചയപ്പെടാനും ഒാട്ടോഗ്രാഫ് വാങ്ങാനും വന്നേക്കുമെന്ന പ്രതീക്ഷയിൽ മുകേഷേട്ടൻ നാടകം അവതരിപ്പിച്ച ടൗൺഹാളിന് മുന്നിൽ പോയി നിന്നുനോക്കി. പക്ഷേ ആരും വന്നില്ല. അതിൽ നിന്ന് മുകേഷേട്ടൻ മനസിലാക്കിയ കാര്യം 'നമ്മുടെ കൂട്ടുകാർ ഇതുപോലെ പല ഉപദേശങ്ങളും നമുക്ക് തരും. അത് കേൾക്കുമ്പോൾ കാലിന്റെ തള്ളവിരലിൽ നിന്ന് ഒരു തരിപ്പ് കയറിവരികയും ചെയ്യും. അപ്പോൾ മറ്റേ കാലുവച്ച് ചവിട്ടിപ്പിടിച്ച് ആ തരിപ്പ് ഒതുക്കിപ്പിടിക്കുക. എന്നിട്ട് നമ്മുടെ മനസിൽ തോന്നുന്നത് ചെയ്യുക."
മുകേഷേട്ടൻ പറഞ്ഞ ആ കഥയിലെ 'മോറൽ" എത്രകാലം കഴിഞ്ഞാലും എനിക്ക് മറക്കാൻ പറ്റില്ല.