ജീവിതത്തിൽ പകുതിഭാഗവും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കഴിയുന്നവരാണ് ഞങ്ങൾ സിനിമാക്കാർ. അഭിനയത്തിന്റെ ഇടവേളകളിൽ കസേര വലിച്ചിട്ടിരുന്ന് സിനിമാക്കഥകളെ വെല്ലുന്ന കഥകളും ഭാവാഭിനയവും തമാശകളുമൊക്കെയായി കഥകളങ്ങനെ വെള്ളം പനച്ചുവരുന്നപോലെ പനച്ച് പനച്ച് വരും സമയം പോകുന്നതേയറിയില്ല. ആരെയും വിശ്വസിപ്പിക്കുന്ന, രസിപ്പിക്കുന്ന തരത്തിൽ കഥകൾ പറയാൻ കഴിവുണ്ട് മുകേഷിന്. പൊട്ടിച്ചിരികൾക്കിടയിൽ നിന്ന് ടേക്കെടുക്കാൻ വിളിക്കുമ്പോൾ ചെറിയ സങ്കടത്തോടെയാണ് ഞങ്ങൾ എഴുന്നേറ്റ് പോകുന്നത്.