പുതു വർഷത്തിൽ രജീഷയ്ക്ക് കൈനിറയെ സിനിമകളാണ്. തമിഴിലും അരങ്ങേറ്റം നടത്തി .സിനിമ തിരക്കുകൾക്കിടയിൽ നിന്ന് രജീഷ വിജയൻ സംസാരിക്കുന്നു....
ആദ്യ സിനിമ അനുരാഗ കരിക്കിൻ വെള്ളത്തിലെ ഏലിയായി സ്വാഭാവിക അഭിനയ തികവുകൊണ്ട് രജീഷ വിജയൻ മലയാള സിനിമയിലേക്ക് വരവറിയിച്ചു. മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കി.ജൂണിലെ ജൂണും ഫൈനൽസിലെ ആലീസും പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു. ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിലെ മുൻനിരയിലേക്ക് താരമായി രജീഷ ഉയർന്നു. അഭിനയത്തോടുള്ള ആത്മാർത്ഥമായ അഭിനിവേശമാണ് രജീഷയുടെ സിനിമ ഗ്രാഫിന്റെ ഉയർച്ചയുടെ അടിസ്ഥാനം. ഓരോ കഥാപാത്രങ്ങളായും മാറുമ്പോൾ സ്വന്തം കൈയൊപ്പ് കൂടി രജീഷ അതിൽ പതിപ്പിക്കുന്നു. പുതിയ വർഷത്തിൽ രജീഷയ്ക്ക് കൈനിറയെ സിനിമകളാണ്. പുതിയ സിനിമ വിശേഷങ്ങളും ഒപ്പം തന്നെ സ്പർശിച്ച കഥാപാത്രങ്ങളെ കുറിച്ചും രജീഷ ആദ്യമായി തുറന്നു സംസാരിക്കുന്നു.....
ഖൊ ഖൊ വലിയ പ്രതീക്ഷ
കൊവിഡ് കാലത്ത് ആദ്യം ചെയ്ത സിനിമയായിരുന്നു റഹ്മാന്റെ (ഖാലിദ് റഹ്മാൻ )ലവ്.തികച്ചും പുതിയൊരു ചിത്രീകരണ അനുഭവമായിരുന്നു. ആദ്യമായാണ് ത്രില്ലർ സിനിമയുടെ ഭാഗമാവുന്നത്. വ്യത്യസ്തമായ ത്രില്ലർ വിഷയമായിരുന്നു. കൊവിഡ്കാലത്ത് എല്ലാ സുരക്ഷയോടും ഇരുപതോളംപേർ ചേർന്നാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഒരു ഫ്ളാറ്റിനുള്ളിലായിരുന്നു ഭൂരിഭാഗം ചിത്രീകരണവും. സിനിമ മേഖല ഇത്രയും വലിയ പ്രതിസന്ധിയിൽ നിൽകുമ്പോൾ അതിനെ എങ്ങനെ മറികടക്കുമെന്ന് ലവിലൂടെ തെളിയിച്ചു. ലോക്ക്ഡൗണിന് വേണ്ടി ഒരുക്കിയ സിനിമയല്ല. ആ സമയത്ത് ഇങ്ങനെയൊരു ചിന്ത വന്നു എന്നാൽ അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
ലവിന്റെ ചിത്രീകരണം പൂർത്തിയായി രാഹുൽ റിജി നായരുടെ ഖൊ ഖൊ യുടെ ചിത്രീകരണം തുടങ്ങുകയായിരുന്നു.ലവ് ചെയ്യുന്ന അത്ര എളുപ്പമായിരുന്നില്ല ഖൊ ഖൊ. ഒരു സ്പോർട്സ് ഡ്രാമയായതുകൊണ്ട് അതിലെ കഥാപാത്രത്തിന് വേണ്ടി പൂർണമായി മനസും ശരീരവും അർപ്പിച്ചിരുന്നു. ഒരു നോർമൽ ചിത്രം ഷൂട്ട് ചെയ്യുന്നതുപോലെ ഒരിക്കലും ഒരു സ്പോർട്സ് ചിത്രം ഷൂട്ട് ചെയ്യാൻ സാധിക്കില്ലല്ലോ. ചെയ്തെടുക്കാം കുറച്ചുകൂടെ പാടായിരുന്നു .എന്നാൽ ഒരു തടസവുമില്ലാതെ അതിന്റെ ചിത്രീകരണം പൂർത്തീകരിക്കാൻ സാധിച്ചു. മരിയ ഫ്രാൻസിസ് എന്നാണ് ഖൊ ഖൊ യിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. അത്ലറ്റിക്ക് കോച്ചിന്റെ വേഷമാണ്. ഒരു തുരുത്തിലെ ഗേൾസ് സ്കൂളിലാണ് മരിയയുടെ ആദ്യ പോസ്റ്റിംഗ്. അവിടുത്തെ കുട്ടികളുടെ ഖൊ ഖൊ ഗെയിംമിനോടുള്ള താല്പര്യം കൊണ്ട്. മരിയ അവിടെ നിന്നൊരു ഖൊ ഖൊ ടീമിനെ ഉയർത്തി കൊണ്ട് വരുന്നു.എന്നാൽ ഇത് പൂർണമായി സ്പോർട്സ് മൂവിയെന്നു പറയാനും സാധിക്കില്ല. പതിനഞ്ചു കുട്ടികളും ആ കോച്ചും തമ്മിലുള്ള വൈകാരികമായ ബന്ധങ്ങളിലൂടെയും ചിത്രം കടന്നു പോവുന്നുണ്ട്.
രാഹുൽ എന്റെ സുഹൃത്താണ്. ഒരിക്കൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഖൊ ഖൊ യുടെ കഥ രാഹുൽ പറയുന്നത്. ഉത്തരേന്ത്യയിലായിരുന്നു എന്റെ സ്കൂൾ പഠനകാലം. അന്ന് ഞങ്ങൾ അവിടെ കളിക്കുമായിരുന്നു അത്. രാഹുൽ പറയുമ്പോഴാണ് അതൊരു ദേശിയ ഗെയിം ആണെന്ന് പോലും അറിയുന്നത്. സത്യം പറഞ്ഞാൽ സ്കൂൾ സമയത്ത് കളിച്ചിട്ടുണ്ടെങ്കിലും ഇതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു.ഇന്ത്യയിൽ തന്നെ ഒറിജിനേറ്റ് ചെയ്ത സ്റ്റാമിന വേണ്ട ഒരു ഗെയിം ആണെന്നൊക്കെ അറിഞ്ഞപ്പോൾ കൂടുതൽ താത്പര്യമായി. അപ്പോഴാണ് ഞാൻ രാഹുലിനോട് തിരക്കഥ വായിക്കാൻ ആവശ്യപ്പെടുന്നത്. തിരക്കഥയ്ക്ക് എന്നെ ആകർഷിക്കാൻ കഴിഞ്ഞതോടെ എല്ലാം പെട്ടന്നായിരുന്നു. ഒരാഴ്ച കൊണ്ട് സിനിമ ഓൺ ആയി. ഒരു മാസത്തിനുള്ളിൽ ഷൂട്ടിംഗ് തുടങ്ങി. പതിനഞ്ചു കുട്ടികളിൽ മമിത എന്ന കുട്ടിമാത്രമേ സിനിമ മേഖലയിൽ നിന്നുണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം റിയൽ ഖൊ ഖൊ താരങ്ങളായിരുന്നു. കുട്ടികൾ ഖൊ ഖൊ ഭാഗങ്ങൾ ഗംഭീരമാക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ അതല്ലാത്ത രംഗങ്ങളിലും അവർ ഗംഭീര പ്രകടനം നടത്തി. അധികം ടേക്കുകൾ പോലും പോവാതെ അവർ ഞെട്ടിച്ചു. അഭിനയത്തിൽ ഒരു മുൻ പരിചയവുമില്ലാത്ത കുട്ടികളാണ്. അവർ തമ്മിൽ പെട്ടന്നു കൂട്ടായി. അവർ ഞാനുമായി പെട്ടന്ന് സിങ്കായതുകൊണ്ട് ഷൂട്ടിംഗ് സമയത്ത് കൂടുതൽ സഹായകമായി. മൺട്രോ തുരുത്തിലായിരുന്നു ഭൂരിഭാഗം ഷൂട്ടിംഗും. എന്നും രാവിലെ അങ്ങോട്ട് ബോട്ടിൽ പോയി വൈകിട്ട് തിരിച്ചു വരുന്നതൊക്കെ നല്ല രസമായിരുന്നു.ഞാൻ കോച്ചായതുകൊണ്ട് ഖൊ ഖൊ ഗെയിം വലിയ രീതിയിൽ പഠിക്കേണ്ടി വന്നില്ല. അതിൽ നിയമങ്ങളെല്ലാം ചേർന്ന് തിയറികളാണ് കൂടുതലും പഠിച്ചത്. ഇതിനു മുൻപ് ചെയ്ത സ്പോർട്സ് മൂവി ഫൈനൽസിൽ ഞാൻ പ്ലെയറായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അത് കാര്യമായി പരീശീലിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനു വേണ്ടി ഒരു കോച്ചിന്റെ രൂപത്തിലേക്ക് മാറ്റാൻ ഡയറ്റും വർക്ക് ഔട്ട് നോക്കിയിരുന്നു. മൂന്ന് ലുക്കിൽ എത്തിയെങ്കിലും കോച്ചായുള്ള ഭാഗങ്ങളാണ് കൂടുതലും.
ജിബു (ജിബു ജേക്കബ് ) ചേട്ടന്റെ ചിത്രം എല്ലാം ശരിയാകും ഈ വർഷം ഉണ്ടാകും. ആസിഫാണ് (ആസിഫ് അലി )നായകൻ. ജിബു ചേട്ടന്റെ മുൻ ചിത്രങ്ങളെപോലെ തികച്ചും എന്റർടൈൻമെന്റ് ചിത്രമാണ് ഇതും.
വ്യത്യസ്തമായ കഥാപാത്രങ്ങൾതിരഞ്ഞെടുക്കും
എന്റെ മുന്നിൽ ഒരു തിരക്കഥ വരുമ്പോൾ ഞാൻ ഇതുവരെ ചെയ്യാത്ത സ്വഭാവ ഗുണമുള്ള കഥാപത്രമാണോയെന്ന് നോക്കാറുണ്ട്. അല്ലാതെ സ്ത്രീ കേന്ദ്രീകൃതമാണോ പുരുഷ കേന്ദ്രീകൃതമാണോ എന്നൊന്നും നോക്കാറില്ല. അതുപോലെ ഏതേലും തരത്തിൽ എന്നെ എക്സ്സൈറ്റ് ചെയ്യാൻ ആ തിരക്കഥയ്ക്ക് സാധിക്കണം. റഹ്മാന്റെ ലവിൽ കാര്യമായൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. പക്ഷേ അതെനിക്ക് ചെയ്യണമെന്ന് തോന്നി. എല്ലാ ജോണറിലും എല്ലാതരം കഥാപാത്രങ്ങളും ചെയ്യാനാണ് ആഗ്രഹം. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം. ഞാൻ ചെയ്യുന്ന കഥാപാത്രത്തിനോട് എനിക്കൊരു ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് തന്നെ അത് പ്രേക്ഷകരിലേക്ക് എത്തുമ്പോൾ നെഗറ്റീവായി അവരെ ബാധിക്കരുത്. അത് ഞാൻ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് അത്തരത്തിലുള്ള കഥാപാത്രം മാത്രമേ തിരഞ്ഞെടുക്കുകയുള്ളു.കൊമേർഷ്യൽ ഹിറ്റ് ഞാൻ കാര്യമാക്കാറില്ല. പക്ഷേ തിരക്കഥ മുഴവനായി നോക്കാറുണ്ട്.
വൈകാരികമായി ദിയ ബാധിച്ചു
വിധു ചേച്ചി (വിധു വിൻസെന്റ് ) സംവിധാനം ചെയ്ത സ്റ്റാൻഡ് അപ്പിലെ ദിയ എന്ന കഥാപാത്രം ചെയ്യുമ്പോൾ ഒരു വിങ്ങലായിരുന്നു ഉള്ളു നിറയെ. റേപ്പ് വിക്ടിം എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല സർവൈവർ എന്നാണ് പറയുന്നത്.ദിയ മാനസികമായി എന്നെ ഒരുപാട് തളർത്തിയിരുന്നു. ദിയയുടെ പല ഇമോഷണലിലും സ്റ്റക്കായി നിൽക്കുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ടും ആ കഥാപാത്രത്തിൽ നിന്ന് ഇറങ്ങിവരാൻ ബുദ്ധിമുട്ടായിരുന്നു. ഇമോഷണലി എന്നെ ഇത്രയധികം ബാധിച്ച മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ല. അത് കാമറയ്ക്ക് മുന്നിൽ അഭിനയിക്കുമ്പോൾ ഞാൻ ഇത്രയധികം വിഷമം അനുഭവിച്ചിട്ടുണ്ടെങ്കിൽ അത്തരത്തിൽ സർവൈവ് ചെയ്ത പെൺകുട്ടികളെ ക്കുറിച്ച് ഞാൻ നിരന്തരം ചിന്തിച്ചിരുന്നു.
ശാരീരികമായി ജൂണും, ആലീസും
ജൂണിലെ ട്രാൻസ്ഫോർമേഷനുവേണ്ടി മുടി വെട്ടി ഷോർട്ടാക്കി, തടി കുറച്ചു. ഫൈനൽസിലെ ആലീസിന് വേണ്ടി സൈക്കിളിംഗ് പഠിച്ചു. സൈക്കിൾ ബാലൻസ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ അതൊന്നും വലിയ പാടായി തോന്നിയില്ല. എല്ലാം ഓരോ കഥാപാത്രത്തിന് വേണ്ടിയുള്ള ഹോം വർക്കായാണ് തോന്നിയിട്ടുള്ളത്. ശരീരികമായുള്ള ബുദ്ധിമുട്ടുകളെക്കാൾ കൂടുതൽ ചില കഥാപാത്രങ്ങൾ മാനസികമായി ബാധിക്കും. അത് മറികടക്കാനാണ് ബുദ്ധിമുട്ട്. ഫൈനൽസിന് വേണ്ടി എടുത്ത ട്രാൻസ്ഫോർമേഷനല്ല അതിൽ കാലിൽ അപകടം പറ്റിയതിന് ശേഷമുള്ള ചിത്രീകരണമായിരുന്നു ബുദ്ധിമുട്ടിയത്. കാലിൽ പരിക്ക് പറ്റിയതിന് ശേഷമാണ് ചിത്രത്തിലെ എഴുപത് ശതമാനത്തോളം സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ വേദനയായിരുന്നു. ഒരു സ്റ്റെപ്പ് പോലും കയറാൻ സാധിക്കാത്ത വേദനയായിരുന്നു പിന്നെ സൈക്ലിംഗിന്റെ കാര്യം പറയണ്ടല്ലോ.
തമിഴിൽ കർണൻ,മാരി സെൽവരാജ് സാറും ധനുഷും
പരിയേറും പെരുമാളും എന്ന സിനിമയുടെ സംവിധായകൻ മാരി സെൽവരാജ് സാറിന്റ സിനിമ. ധനുഷ് സാർ നായകൻ. ഇതിൽ കൂടുതൽ ഭാഗ്യമൊന്നും കിട്ടാനില്ല. ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു. മാരി സെൽവരാജ് സാർ ശരിക്കും ജീനിയാസാണ്. അദ്ദേഹത്തിന്റെ വർക്കിംഗ് സ്റ്റൈലെല്ലാം തികച്ചും വ്യത്യസ്തമാണ്. ഇതുവരെ ഞാൻ അത്തരത്തിലൊരു ചിത്രീകരണ സ്റ്റൈൽ അനുഭവിച്ചിട്ടില്ലെന്ന് പറയാം.ഒരു വർഷത്തോളം കർണൻ സിനിമയോടൊപ്പമായിരുന്നു യാത്ര.ഒരു നാടിന്റെ കഥയാണ്.
ദൃശ്യ ഭംഗിയിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധനുഷ് സാറെ കുറിച്ച് പ്രത്യേകം പറയേണ്ട ആവശ്യമില്ലലോ. അദ്ദേഹം അത്രയും കഴിവുള്ള നടനാണ്. ഞെട്ടിച്ചു കളയുന്ന രീതിയിലാണ് സാറിന്റെ അഭിനയ മികവ്. വളരെ സൈലന്റായ വ്യക്തിത്വമാണ്.
അധികമൊന്നും സംസാരിക്കാറില്ല പക്ഷേ ആക്ഷൻ പറയുമ്പോഴേക്കും പെട്ടന്നാണ് ആ കഥാപത്രത്തിലേക്ക് മാറുന്നത്.ഒരു നാടൻ തമിഴ് പെൺകുട്ടിയുടെ റോളാണ്. നല്ലൊരു അനുഭവമായിരുന്നു കർണനിൽ.
കോമഡി കഥാപാത്രവും,നെഗറ്റീവ് ഷെയ്ഡും
കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യമുണ്ട്. അതുപോലെ തന്നെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളും.പക്ഷേ അതിനു വേണ്ടി നോക്കി നിൽക്കുന്നില്ല. അത്തരത്തിലുള്ള കഥാപാത്രങ്ങൾ വന്നാൽ ചെയ്യും.
2020 നഷ്ടങ്ങളുടെ വർഷം
2020 മോശം വർഷമാണോ എന്ന് ചോദിച്ചാൽ അങ്ങനെ തന്നെയാണെന്ന് പറയേണ്ടിവരും. കാരണം ഒരുപാട് വേണ്ടപ്പെട്ടവരെ നഷ്ടമായി. ഒരുപാട് പേർക്ക് ജോലി നഷ്ടമായി. സ്ഥിരം ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാൻ കഴിയാത്ത അവസ്ഥ. പുറത്തിറങ്ങാൻ പറ്റാത്ത സമയം. അതുപോലെ മൂന്ന് നാലു നല്ല സിനിമകളുടെ ഭാഗമാവാനും സാധിച്ചു ഈ വർഷത്തിൽ. എന്റെ പട്ടിക്കുട്ടി ജീവിതത്തിലേക്ക് വന്ന വർഷം . ക്വാറന്റൈനിൽ നിന്നത് മറ്റൊരു അനുഭവം .
യാത്രകൾ സഹായിക്കാറുണ്ട്
ഓരോ സിനിമ കഴിയുമ്പോഴും ഒരു യാത്ര പോകാറുണ്ട്.ഓരോ സിനിമയിലും അതിലെ കഥാപാത്രങ്ങളിലും കുടുങ്ങി നിൽക്കാതെ മുന്നോട്ട് പോകാൻ ഓരോയാത്രകളും സഹായകമാകാറുണ്ട്. എന്നെകൊണ്ട് പറ്റുന്ന ദൂരത്തിൽ യാത്രപോകും. തിരിച്ചു വരുമ്പോഴേക്കും റീഫ്രഷാവും. ഒരുപക്ഷേ നടിയായില്ലെങ്കിൽ ട്രാവൽ ബ്ലോഗറാവുമായിരുന്നു.
നെഗറ്റിവിറ്റികൾക്ക് സ്പേസ് കൊടുക്കാറില്ല
നെഗറ്റിവിറ്റികളെ ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാൽ അല്ലെ പ്രശ്നം. എന്നെ അത്തരത്തിലുള്ളത് ബാധിക്കാറില്ല. അത് നമ്മുടെ ശ്രദ്ധ പോലും അർഹിക്കുന്നില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
ചില സന്തോഷ നിമിഷങ്ങൾ
ആദ്യമായി എന്റെ മുഖം ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ സന്തോഷം ജീവിതത്തിലെ മനോഹരമായ നിമിഷമാണ്. അതുപോലെ എന്റെ എല്ലാ വർക്കുകളും ആദ്യ ദിവസം തിയേറ്ററുകളിൽ കാണുമ്പോൾ ഇമോഷണലാവാറുണ്ട്. സിനിമ മാത്രമല്ല എന്റെ എല്ലാ പ്രവർത്തികളിലും എന്നെ ഇങ്ങനെ ആക്കിയെടുത്ത എന്റെ മാതാപിതാക്കൾ സന്തോഷിക്കുന്നത് കാണുമ്പോൾ ഞാൻ വളരെയധികം സന്തോഷിക്കാറുണ്ട്. അതുപോലെ എന്റെ ഓരോ കഥാപാത്രങ്ങളും സിനിമകളും പ്രേക്ഷകർ സ്വീകരിച്ചു എന്നറിയുമ്പോഴും സന്തോഷം നൽകാറുണ്ട്.
ഖൊ ഖൊ
പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന ഒരു കളിയാണ് ഖൊ ഖൊ.ഒൻപത് പേർമാത്രമാണ് കളിക്കളത്തിലുണ്ടാവുക.എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്.ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണിത്.ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഈ കായിക ഇനം കൂടുതൽ പ്രചാരത്തിലുള്ളത്.
മലയാള സിനിമയിൽ നടന്മാരെ അപേക്ഷിച്ച് നടിമാർക്ക് ലൈഫ് ഇല്ലെന്ന് തോന്നിയിട്ടുണ്ടോ ?
ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. മഞ്ജു ചേച്ചിയും ഉർവശി മാമും ശോഭന മാമും എല്ലാം ഇവിടെ മലയാള സിനിമയിൽ ഇപ്പോഴും നിലകൊള്ളുന്നുണ്ട്.സിനിമയിൽ നിന്ന് മാറി നിൽക്കണമെന്നത് ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അല്ലാതെ ഔട്ടായി പോവുന്നതല്ല. പലരും ഫാമിലിയും സിനിമയും ഒരുപോലെ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് വിചാരിച്ച് പിന്മാറുന്നതാണ്. അങ്ങനെ പോയ നടിമാർ തിരിച്ചു വരുമ്പോൾ മലയാള സിനിമയിൽ വലിയ സ്വീകാര്യതയുംലഭിക്കാറുണ്ട്.