'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ" ഒരുക്കിയ സംവിധായകൻ ജിയോ ബേബിയുടെ അടുക്കള വിശേഷങ്ങൾ
കോട്ടയത്തിനടുത്ത് തലനാട് ഒരു വീടിന്റെ അടുക്കള. ഇവിടെ ഭാര്യ വീട്ടുപകരണമല്ല. രാവിലെ മുതൽ ഭർത്താവും അടുക്കള ജോലിയിൽ മുഴുകുന്നു. ഇത് ഒരു മഹത്തായ കാര്യമല്ലെന്ന് ഏറ്റവും നന്നായി അറിയുന്ന ആള് ഭർത്താവ് തന്നെയാണ്. ഇതേപോലെ ഒരു ഭർത്താവ് എല്ലാ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്നു ആദ്യം ആഗ്രഹിച്ച പെണ്ണിന്റെ പേര് ബീന. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷത്തിൽ എത്തുന്ന 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ" അഥവാ 'മഹത്തായ ഭാരതീയ അടുക്കള" കണ്ട് പെണ്ണുങ്ങൾ ഒരേപോലെ പറയുന്നു: ഇതിനും അപ്പുറം ഞങ്ങള് സഹിക്കുന്നുണ്ട്. അപ്പോൾ ആണുങ്ങൾക്കും പറയാനുണ്ട് - ഭാര്യയെ ഓർത്തു, അമ്മയെ ഓർത്തു. നാളെ മുതൽ അടുക്കളയിൽ കയറും എന്നൊക്കെ. 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചന്" രചനയും സംവിധാനവും നിർവഹിച്ച ജിയോ ബേബി എല്ലാം കേട്ട് അടുക്കളയിൽ നിന്ന് ചിരി തൂവുന്നു. പ്രിയപാതിയായ ബീന ഇന്ന് റസ്റ്റെടുക്കുന്നു .മക്കളായ മ്യൂസിക്കും കഥയും ബീനയുടെ അരികിൽ. ജിയോ ബേബിയുടെ അടുക്കള കഥ കേൾക്കാം.
''ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരു സ്ത്രീപക്ഷ സിനിമ എന്നതിലുപരി മനുഷ്യനെക്കുറിച്ചുള്ള ചിത്രമാണ്. വിവാഹത്തിലൂടെ സ്ത്രീകൾക്കു നഷ്ടമാകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. വീടിനുള്ളിൽ ലഭിക്കാത്ത സ്വാതന്ത്ര്യം വീടിനു പുറത്തിറങ്ങിയാൽ ലഭിക്കില്ലല്ലോ. ഭർത്താവിന്റെ നിയന്ത്രണങ്ങൾക്ക് അതീതമായി ജീവിക്കാൻ സ്ത്രീക്കു കഴിയുമോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഭാര്യയ്ക്കൊപ്പവും അല്ലാതെയും അടുക്കളയിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. എന്റെ അനുഭവങ്ങൾ, നിരീക്ഷണങ്ങൾ എല്ലാം ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഈ അടുക്കളയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയുടെ പ്രസക്തിയെക്കുറിച്ച് ആലോചിക്കുന്നത്.""
ഇവിടത്തെ പണിഒരിക്കലും തീരില്ല
അടുക്കളയിൽ പെട്ടുപോയ പെണ്ണുങ്ങൾ ഇങ്ങനെ പറയാറുണ്ട്. ഇതു കേൾക്കാത്ത ആണുങ്ങൾ വിരളം. അടുക്കളയിൽ ജോലി ചെയ്യുമ്പോഴും ജിയോയ്ക്ക് മറ്റു കാര്യങ്ങൾ ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ അതിനു കഴിയാത്ത സ്ത്രീകളുടെ അവസ്ഥ പ്രവചനാതീതം. '' ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ പെണ്ണുങ്ങൾ ആഘോഷമാക്കുന്നു. ഇത്ര വലിയ സ്വകാര്യത കരുതിയില്ല. എന്നാൽ ചർച്ച ചെയ്യുമെന്ന് അറിയാമായിരുന്നു. അടുക്കളയിലെ എന്റെ അനുഭവങ്ങൾ ബീനയോടും സഹോദരി കരോളിനോടും കൂട്ടുകാരികളോടും പങ്കുവച്ചു. അവരുടെ അനുഭവം കൂടി എഴുത്തിനെ സഹായിച്ചു. ഹൃദയത്തിനുള്ളിൽ നിന്ന് സ്ത്രീകൾ ഈ സിനിമയോട് പ്രതികരിക്കുന്നു. 'ഒന്നും പറയാനില്ല സാർ" എന്ന് മിക്ക സ്ത്രീകളും കുറിച്ചു. അത് വിങ്ങൽ ആണ്. ഉള്ളിൽ തട്ടുന്ന അനുഭവം.""
ഒന്നു പുറത്തേക്ക് പോവാൻ പറ്റുന്നില്ല
അടുക്കള ജോലി നിസാരം എന്നാണ് മിക്ക ആണുങ്ങളുടെയും ഭാവം. രണ്ടുപേർക്കും കൂടി വീട്ടുജോലി പങ്കിടാം .എന്നാൽ 'എന്റെ ഓഫീസ് ജോലി നീ വന്നു ചെയ്യുമോ" എന്നു ചോദിക്കുന്ന ആണുങ്ങളാണ് അധികംപേരും. ''ഒരു വീട്ടിൽ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന സ്ഥലമാണ് അടുക്കള. അവിടെ പാചകത്തിനുശേഷമുള്ള ജോലികളാണ് ഏറ്റവും ദുഷ്കരം. എനിക്ക് പലപ്പോഴും അവിടം നരകമായാണ് തോന്നിയിട്ടുള്ളത്. ഉത്തരവാദിത്വത്തിന്റെയും കടമയുടെയും പേരിൽ എല്ലാം സഹിച്ചു ജീവിക്കുകയാണ് സ്ത്രീകൾ.ചില ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ല. നാലുവർഷം മുൻപ് അടുക്കള ജോലിയിൽ മുഴുകുമ്പോഴാണ് കഥ രൂപപ്പെടുന്നത്. നിമിഷയുടെ കഥാപാത്രത്തിന് ഞങ്ങൾ ഓരോരുത്തരുടെയും പേരാണെന്ന് ഒരുപാട് സ്ത്രീകൾ പറഞ്ഞു. ഈ സിനിമ ആണുങ്ങളിൽ ഒരു ചിന്ത ഉണ്ടാക്കുന്നുണ്ട്. ചിലർ അടുക്കള ജോലിയിൽ മുഴുകാൻ തുടങ്ങി.""
സംഗീതം ഒരുക്കി പാത്രങ്ങൾ
തട്ടിയും മുട്ടിയും പാത്രങ്ങൾ. അത് സംഗീത മയം . എല്ലാ അടുക്കളയിൽനിന്ന് ഇടയ്ക്ക് കേൾക്കുന്ന സംഗീതം.'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ പശ്ചാത്തല സംഗീതം ഒരുക്കി പാത്രങ്ങൾ. പശ്ചാത്തല സംഗീതം വേണ്ടെന്നും പാത്രങ്ങളുടെ ശബ്ദം മതിയെന്നും ചിത്രീകരണ സമയത്തുതന്നെ ജിയോ തീരുമാനിച്ചു. ചിത്രത്തിൽ എസ്. മൃദുല ദേവിയുടെ പാളുവ ഭാഷയിലെ പാട്ട് ഉൾപ്പെടുത്തി. പാട്ട് ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. ''സിനിമയിൽ കണ്ടതിനേക്കാൾ ഭീകരമാണ് മിക്ക അടുക്കളയിലെയും സ്ത്രീകളുടെ അവസ്ഥ. അവർ പുറത്തേക്ക് ഇറങ്ങി വരണം. സ്ത്രീകൾ സ്വതന്ത്രരാവട്ടെ. ഹിന്ദു വിശ്വാസത്തിൽ ജീവിക്കുന്ന ആളെയാണ് ഞാൻ വിവാഹം ചെയ്തിരിക്കുന്നത്. പല ഹിന്ദു കുടുംബങ്ങളിലും ഇപ്പോഴും ആർത്തവ സമയത്ത് സ്ത്രീകളെ മാറ്റിനിറുത്തുന്നു.ശബരിമലയ്ക്ക് പോവാൻ മാലയിടണമെന്നില്ല അതിന്. പഴയ കാലത്തേക്കാൾ മാറ്റം അതിൽ ഉണ്ടായി എന്നു വിശ്വസിക്കുന്നില്ല.കൂട്ടുകുടുംബം മാറി അണുകുടുംബ വ്യവസ്ഥ വന്നപ്പോൾ സ്ത്രീകൾ മാറിയിരുന്നാൽ ജോലികൾ നടക്കാത്ത അവസ്ഥയാണ്. അല്ലാതെ ആണുങ്ങളുടെ വിശാലമനസ്കത കൊണ്ടെന്ന് കരുതുന്നില്ല. ""
കോഴിക്കോടായിരുന്നു 'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ച"ന്റെ ലൊക്കേഷൻ. 'മിഥുനം" സിനിമ ചിത്രീകരിച്ച അതേ വീട് .ഇരുപത്തിയേഴ് ദിവസത്തെ ചിത്രീകരണം.സംവിധാനം ചെയ്യുന്ന സിനിമയിലും സുഹൃത്തുക്കളുടെ ചിത്രങ്ങളിലും ജിയോ അഭിനയിക്കാറുണ്ട്.മലബാർ ഭാഷ സംസാരിക്കുന്ന ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ ജിയോയുടെ വേഷം കോട്ടയത്തുകാരൻ വാടക ഗുണ്ട.
എത്ര രൂപയാണ് ബഡ്ജറ്റ്?
ജിയോ : അത് അടുക്കള രഹസ്യം
ഒടിടി ?
മറുപടി : 'ആചാരപരമായ" ഒരു ചിരി.
ജിയോ വന്ന വഴി
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പഠിക്കുമ്പോൾ ജിയോ ബേബി കലാപ്രവർത്തനരംഗത്ത് സജീവം. നാടകം തലയിൽ കയറിയപ്പോൾ ബികോമിന് തോറ്റു. പിന്നീട് ജയം.ചങ്ങനാശേരി സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷനിൽ സിനിമാ പഠനം. സ്വവർഗ അനുരാഗികളെ കുറിച്ച് ഒരുക്കിയ ഷോർട്ട് ഫിലിം സംവിധാനം ചെയ്തതിന് കോളേജിൽനിന്ന് പുറത്താക്കി. ആ പുറത്താക്കലാണ് ഗുരുവിനെ തേടാതെ സിനിമ സംവിധാനം ചെയ്യുക എന്ന തീരുമാനത്തിൽ എത്തിക്കുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു പെൺകുട്ടികൾ ,കുഞ്ഞുദൈവം എന്നീ സ്വതന്ത്ര സിനിമകൾ . ടൊവിനോ തോമസ് നായക വേഷത്തിൽ എത്തിയ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് കഴിഞ്ഞ ഓണത്തിന് ചാനൽ റിലീസിന് വന്നു. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനും സ്വതന്ത്ര സിനിമയെന്ന് ജിയോ വിശേഷിപ്പിക്കുന്നു. സുഹൃത്തുക്കൾ ചേർന്ന് നിർമ്മണം. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചനിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു പേരുണ്ട്. ക്രിയേറ്റീവ് ഹെഡ് : ബീന ജിയോ.