വീണ്ടും ഒരു വാലന്റൈൻസ് ദിനം കൂടി കടന്നുവരുന്നു. സ്നേഹമില്ലാത്ത ജീവിതം പൂക്കൾ മരിച്ച, സൂര്യപ്രകാശമില്ലാത്ത ഉദ്യാനം പോലെയാണെന്ന് ഓസ്കാർ വൈൽഡ് പറഞ്ഞിട്ടുണ്ട്. അതുപോലെയാണ് സിനിമയിലെ പ്രണയവും.പ്രണയ കഥകൾ ഇല്ലാത്ത ഒരു സിനിമാലോകം സങ്കല്പിക്കാൻ കൂടി കഴിയില്ല.പ്രണയവും വിരഹവും നഷ്ടവുമെല്ലാം എന്നും സിനിമയുടെ ഭാഗമാണ്. കാലം കടന്നുപോകും തോറും പ്രണയകഥകളുടെ തിളക്കം നഷ്ടമാകുന്നില്ല.
വിന്റേജ് റൊമാന്റിക് സിനിമകൾ
1900കൾ മുതൽ പരിശോധിച്ചാൽ വിന്റേജ് റൊമാന്റിക് സിനിമകൾക്ക് ഇന്നും സ്വീകാര്യത ചോർന്നിട്ടില്ലെന്ന് കാണാം. ലോക സിനിമയിലെ ഏറ്റവും മഹത്തായ പ്രണയകഥകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ഗോൺ വിത്ത് ദ വിൻഡ് ഒരു ഉദാഹരണം മാത്രം. കണക്കെടുത്താൽ ചിലപ്പോൾ തീരില്ല. ഏറ്റവും മികച്ചത് കണ്ടെത്താനും പ്രയാസമാണ്. അത്തരത്തിൽ ഹോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയകഥകളിൽ നിന്ന് തിരഞ്ഞെടുത്ത പത്ത് ജനപ്രിയ ചിത്രങ്ങളുടെ ഓർമകളിലൂടെ....
ഗോൺ വിത്ത് ദ വിൻഡ്
വർഷം : 1939
സംവിധാനം : വിക്ടർ ഫ്ലെമിംഗ്
അമേരിക്കൻ ആഭ്യന്തര യുദ്ധത്തെ ആസ്പദമാക്കി മാർഗ്രറ്റ് മിച്ചൽ എഴുതിയ നോവലിനെ ആധാരമാക്കിയാണ് ഹോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായ ഗോൺ വിത്ത് ദ വിൻഡിന്റെ പിറവി. വിവിയൻ ലേ, ക്ലാർക്ക് ഗേബിൾ, ലെസ്ലി ഹോവാർഡ്, ഒലീവിയ ഡി ഹാവിലാൻഡ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വിവിയൻ ലേയ്ക്ക് ഏറെ പ്രശംസനേടിക്കൊടുത്തതാണ് ചിത്രത്തിലെ സ്കാർലറ്റ് എന്ന കഥാപാത്രം. വിവിയന് തന്നെയാണ് അത്തവണത്തെ മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചതും. കൂടാതെ 13 നോമിനേഷനുകളിൽ നിന്ന് മികച്ച ചിത്രം, സംവിധായകൻ, സഹനടി ഉൾപ്പെടെ പത്ത് ഓസ്കാർ പുരസ്കാരങ്ങൾ ഗോൺ വിത്ത് ദ വിൻഡിന് ലഭിച്ചിരുന്നു.
കാസബ്ലാങ്ക
വർഷം : 1942
സംവിധാനം : മൈക്കൽ കർട്ടിസ
എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നാണ് കാസബ്ലാങ്ക. വിഖ്യാത അഭിനേതാക്കളായ ഇൻഗ്രിഡ് ബെർഗ്മാൻ, ഹംഫ്രി ബോഗാർട്ട് എന്നിവർ പ്രധാനവേഷത്തിലെത്തിയ കാസബ്ലാങ്ക ഒരു ത്രികോണ പ്രണയകഥയാണ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ച കാസബ്ലാങ്കയ്ക്ക് മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ എന്നീ വിഭാഗങ്ങളിൽ ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചു. മൊറോക്കൻ നഗരമായ കാസബ്ലാങ്കയാണ് ചിത്രത്തിന്റെ പശ്ചാത്തലം. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിച്ചിരുന്നവർ ഈ നഗരത്തിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ വച്ച് റിക്ക് ( ഹംഫ്രി ബോഗാർട്ട് ) തന്റെ പഴയ കാമുകിയായിരുന്ന ഇൽസയേയും ( ഇൻഗ്രിഡ് ബെർഗ്മാൻ ) ഭർത്താവായ വിക്ടർ ലാസ്ലോയേയും ( പോൾ ഹെൻറെയ്ഡ് ) കണ്ടുമുട്ടുകയും തുടർന്നുണ്ടായ ആകാംക്ഷാജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ. ലോകസിനിമാ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് കാസബ്ലാങ്കയ്ക്ക്.
ലവ് സ്റ്റോറി
വർഷം : 1970
സംവിധാനം : ആർതർ ഹില്ലർ
അമേരിക്കൻ എഴുത്തുകാരൻ എറിക് സീഗലിന്റെ നോവലിനെ ആസ്പദമാക്കിയുള്ള റൊമാന്റിക് ഹിറ്റ് ചിത്രം. ലൗസ്റ്റോറി എന്ന ഒറ്റ നോവലാണ് എറിക് സീഗലിനെ ലോകപ്രശസ്തനാക്കിയതും. നോവൽ സിനിമയാക്കി മാറ്റിയപ്പോഴും വമ്പൻ ഹിറ്റായിരുന്നു. സമ്പന്ന കുടുംബത്തിൽ ജനിച്ച ഒലിവറിന്റെയും സാധാരണ തൊഴിലാളി വർഗ കുടുംബത്തിൽപ്പെട്ട ജെന്നിഫറും തമ്മിലുള്ള പ്രണയ കഥയാണിത്. ഒലിവറിന്റെ കുടുംബത്തിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായിട്ടും ഒലിവർ ജെന്നിയെ തന്നെ വിവാഹം കഴിക്കുന്നു. എന്നാൽ ഇരുവരുടെയും സന്തോഷപൂർണമായ ജീവിതത്തിലേക്ക് വിധി വില്ലനായെത്തുന്നു. കാൻസർ ബാധിച്ച ജെന്നിഫർ മരണത്തിന് കീഴടങ്ങുന്നു. റയാൻ ഒനീൽ, ഏലി മക്ഗ്രോ എന്നിവരാണ് പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ' ഒലിവേഴ്സ് സ്റ്റോറി " എന്നൊരു സീക്വൽ ഉണ്ടായെങ്കിലും വിജയിച്ചില്ല.കമൽഹാസനും സെറീനവഹാബും അഭിനയിച്ച മദനോത്സവം എന്ന മലയാളചിത്രം ലൗവ് സ്റ്റോറിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതായിരുന്ന
പ്രെറ്റി വുമൺ
വർഷം : 1990
സംവിധാനം : ഗാരി മാർഷൽ
ജൂലിയ റോബർട്ട്സ് - റിച്ചാർഡ് ഗെരെ കോംപിനേഷനിൽ പിറന്ന മനോഹരമായ റൊമാന്റിക് ചിത്രം. ജൂലിയ റോബർട്ട്സിന് ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണിത്. വിവിയൻ ( ജൂലിയ ) എഡ്വേഡ് ലൂയിസ് ( റിച്ചാർഡ് ഗരെ ) എന്ന സമ്പന്നനായ ബിസിനസുകാരനെ കണ്ടുമുട്ടുകയും വിവിയന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാവുകയും ചെയ്യുന്നു. ഫെയറി ടെയിലുകളുടെ സമാപ്തി പോലെയാണ് ചിത്രം അവസാനിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ജൂലിയ റോബർട്ട്സിന് മികച്ച നടിയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു.
ഗോസ്റ്റ്
വർഷം : 1990
സംവിധാനം : ജെറി സുക്കർ
പാട്രിക് സ്വെയ്സി, ഡെമി മൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ' ഗോസ്റ്റ് " റൊമാൻസിനൊപ്പം ഫാന്റസിയും ഇടകലർന്ന ചിത്രമാണ്. സ്വെയ്സി അവതരിപ്പിച്ച സാം വീറ്റ് എന്ന കഥാപാത്രം കൊലചെയ്യപ്പെടുന്നു. എന്നാൽ ആത്മാവായി മാറുന്ന സാം തന്റെ കാമുകിയായ മോളിയെ ( ഡെമി മൂർ ) അപകടത്തിൽ നിന്ന് രക്ഷിക്കാനായി ഒഡാ മേ ബ്രൗൺ ( വൂപി ഗോൾഡ്ബർഗ് ) എന്ന സ്ത്രീയുടെ സഹായം തേടുകയും ഒടുവിൽ തന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കുകയും മോളി അത് തിരിച്ചറിയുകയും ചെയ്യുന്നതാണ് കഥ. 1990ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഗോസ്റ്റ്.
ടൈറ്റാനിക്
വർഷം : 1997
സംവിധാനം : ജെയിംസ് കാമറൂൺ
1912 ഏപ്രിൽ മാസത്തിലെ തണുത്ത രാത്രി കന്നിയാത്രയിൽ തന്നെ അറ്റ്ലാൻഡിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ആർ.എം.എസ് ടൈറ്റാനിക് കപ്പലിന്റെയും കപ്പലിലെ യാത്രക്കാരായ ജാക്കിന്റെയും റോസിന്റെയും പ്രണയത്തിന്റെയും കഥ പറയുന്ന അതിമനോഹരമായ ടൈറ്റാനിക് എന്ന ചിത്രത്തെ പറ്റി അറിയാത്തവർ ആരും കാണില്ല. ജാക്കിന്റെയും റോസിന്റെയും കഥ പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ഇന്നും റൊമാന്റിക് സിനിമാലോകത്തെ അവിസ്മരണീയ സാന്നിദ്ധ്യമാണ്. റോമിയോ - ജൂലിയറ്റ്, ആന്റണി - ക്ലിയോപാട്ര, ഷാജഹാൻ - മുംതാസ് തുടങ്ങി പ്രണയ ജോഡികൾക്കൊപ്പമാണ് ജാക്കിനും റോസിനും ആരാധക മനസിലുള്ള സ്ഥാനം. ലിയനാർഡോ ഡികാപ്രിയോയുടെയും കേറ്റ് വിൻസ്ലറ്റിന്റെയും കരിയറിലെ വഴിത്തിരിവായതും ടൈറ്റാനിക്കാണ്. 14 നോമിനേഷനുകളും 11 പുരസ്കാരങ്ങളും സ്വന്തമാക്കി ഓസ്കാർ ചരിത്രത്തിൽ റെക്കോർഡ് സൃഷ്ടിച്ച ടൈറ്റാനികിന്റെ പശ്ചാത്തല സംഗീതവും അതിഗംഭീരമാണ്.
എ വാക് ടു റിമംബർ
വർഷം : 2002
സംവിധാനം : ആഡം ഷാങ്ക്മാൻ
നിക്കോളാസ് സ്പാർക്ക്സിന്റെ ജനപ്രിയമായ നോവലാണ് എ വാക് ടു റിമംബർ എന്ന ചിത്രത്തിന്റെയും ആധാരം. ഷെയ്ൻ വെസ്റ്റ്, മാൻഡി മൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ് പോലെ ഒരു റൊമാന്റിക് ട്രാജിഡിയാണ് എ വാക്ക് ടു റിമംബറും. നിരൂപക പ്രശംസകൾ നേടിയെടുത്തില്ലെങ്കിലും ജനപ്രിയ റൊമാന്റിക് ചിത്രങ്ങളുടെ ലിസ്റ്റിൽ നിന്ന് എ വാക് ടു റിമംബറിനെ ഒഴിവാക്കാനാകില്ല. ' Love is like the wind, you can't see it
but you can feel it.. " തുടങ്ങി ചിത്രത്തിലെ ഡയലോഗുകൾ ഏറെ ശ്രദ്ധനേടി. ലുക്കീമിയ രോഗിയായ ജാമിയും ലണ്ടൻ കാർട്ടറും തമ്മിലുള്ള പ്രണയവും മരിക്കുന്നതിന് മുമ്പ് ജാമിയുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ ലണ്ടൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ദ നോട്ട്ബുക്ക്
വർഷം : 2004
സംവിധാനം : നിക്ക് കാസവെറ്റ്സ്
അമേരിക്കൻ നോവലിസ്റ്റ് നിക്കോളാസ് സ്പാർക്സിന്റെ നോവലിനെ ആധാരമാക്കി നിർമിച്ച ചിത്രമാണ് ദ നോട്ട്ബുക്ക്. റയാൻ ഗോസ്ലിംഗും റേച്ചൽ മക്ആഡംസുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ നോവ, എല്ലി എന്നിവരുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. കൗമാരകാലത്ത് മൊട്ടിട്ട എല്ലിയുടെയും നോവയുടെയും പ്രണയത്തെ ഇരുവരുടെയും സാമ്പത്തിക അന്തരം വേർപിരിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുകയും എല്ലാ പ്രതിസന്ധികളെ അതീജീവിച്ച് ഒന്നിച്ച് ജീവിക്കുകയും ഒടുവിൽ ക്ഷണിക്കാത്ത അതിഥിയായി കടന്നുവരുന്ന മറവിരോഗം കാണികളെ കണ്ണീരിലാഴ്ത്തുകയും ചെയ്യുന്നു.
എറ്റേണൽ സൺഷൈൻ
ഒഫ് ദ സ്പോട്ട് ലെസ് മൈൻഡ്
വർഷം : 2004
സംവിധാനം : മിഷെൽ ഗോൺഡ്രി
ജിം ക്യാരി, കേറ്റ് വിൻസ്ലറ്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജോയൽ ബാരിഷും ( ജിം ക്യാരി ) പ്രണയിനിയായ ക്ലമെൻറ്റൈനും ( കേറ്റ് വിൻസ്ലറ്റ് ) വേർപിരിയുകയും പരസ്പരം അവരുടെ ബന്ധത്തിന്റെ ഓർമകൾ മായിച്ചു കളയുകയും ചെയ്യുന്നു. എന്നാൽ ക്രമേണ ഇരുവരും വീണ്ടും കണ്ടുമുട്ടുന്നു. സൈക്കോളജിക്കൽ, സയൻസ് ഫിക്ഷൻ ഘടകങ്ങൾ കൂടി ചിത്രത്തിൽ കടന്നുകൂടിയിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് കേറ്റ് വിൻസ്ലറ്റിന് മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. 21ാം നൂറ്റാണ്ടിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി വരെ നിരൂപകർ വിശേഷിപ്പിച്ച ചിത്രമാണ് എറ്റേണൽ സൺഷൈൻ ഒഫ് ദ സ്പോട്ട് ലെസ് മൈൻഡ്.
ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ്
വർഷം : 2014
സംവിധാനം : ജോഷ് ബൂൺ
ഷെയ്ലിൻ വുഡ്ലി, ആൻസൽ എൽഗോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസ് റൊമാന്റിക് ചിത്രമെന്നതിലുപരി പ്രേക്ഷകരെ കരയിപ്പിക്കുന്ന കഥ കൂടിയാണ്. രണ്ട് കാൻസർ രോഗികൾക്കിടെയിലെ പ്രണയവും മരണത്തിനും ജീവിത്തിനുമിടയിലൂടെ അവർ കടന്നുപോകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ അവസാന ചിത്രമായ ദിൽ ബേചാരാ, ദ ഫോൾട്ട് ഇൻ അവർ സ്റ്റാർസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.