vadanamkurussi

പതിനെട്ട് മാസത്തിനുള്ളിൽ അകത്തേത്തറ നടക്കാവ് റെയിൽവേ ഗേറ്റും ​ പാലക്കാട് - ഗുരുവായൂർ റൂട്ടിലെ വാടാനംകുർശി റെയിൽവേ ഗേറ്റും വികസനത്തിന് മുന്നിൽ തലകുനിക്കും. ഇവിടെ ഊഴം കാത്തുകിടന്നിരുന്ന വാഹനങ്ങളുടെ നീണ്ടനിര ഇനി ഭൂതകാലത്തിന്റെ ഓർമ്മകൾ മാത്രമാകും. ബ്രിട്ടീഷുകാർ റെയിൽപാത നിർമ്മിച്ചകാലം മുതൽ ഇതുവഴിയുള്ള യാത്ര സുഗമമായിരുന്നില്ല. തിരക്കേറിയ റൂട്ടിൽ റെയിൽവേ ഗേറ്റ് നിരന്തരം അടച്ചിടുന്നത് വലിയ യാത്രാക്ലേശമാണ് സൃഷ്ടിക്കുന്നത്. യാത്രക്കാരുടെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ രണ്ടിടത്തും മേൽപ്പാല നിർമ്മാണത്തിന് തുടക്കം കുറിച്ചത് വലിയ പ്രതീക്ഷയോടെയാണ് ജനം നോക്കികാണുന്നത്.

നാല് പതിറ്റാണ്ടുനീണ്ട ആവശ്യം

പാലക്കാടിന്റെയും മലമ്പുഴ മണ്ഡലത്തിന്റെയും ചിരകാല സ്വപ്നമാണ് അകത്തേത്തറ നടക്കാവ് മേൽപ്പാലം. പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒരു മേൽപ്പാലം വേണമെന്ന ആവശ്യത്തിന് നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. തുടർച്ചയായി നാലാംതവണയും വി.എസ്.അച്യുതാന്ദനൻ മലമ്പുഴയിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയപ്പോഴാണ് ഇതിനായി ആദ്യശ്രമം തുടങ്ങുന്നത്. തുടർന്ന് 2017 - 18 സംസ്ഥാന ബഡ്ജറ്റിൽ മേൽപ്പാലം നിർമ്മാണത്തിനായി തുകയും വകയിരുത്തി. അതേവർഷം ഒക്ടോബറിൽ തറക്കല്ലിട്ടെങ്കിലും പദ്ധതി സർക്കാരിന്റെ ചുവപ്പ് നാടയിൽ കുടുങ്ങിയത് കാലതാമസമുണ്ടാക്കി.

പാലക്കാട് - മലമ്പുഴ പാതയിൽ ഏറെ ഗതാഗതത്തിരക്കുള്ള മേഖലയാണ് നടക്കാവ് റെയിൽവേ ഗേറ്റ്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനോട് ചേർന്നുകിടക്കുന്ന ഗേറ്റ് ആയതിനാൽ ദിവസത്തിൽ പത്തു മണിക്കൂറും അടഞ്ഞു കിടക്കുമെന്നാണ് കണക്ക്. പത്തുമിനിട്ട് മുതൽ 25 മിനിട്ട് വരെ ഗേറ്റ് അടച്ചിടാറുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ നിരവധിപേർ മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഏകദേശം 40 പേർക്ക് ഇത്തരത്തിൽ ജീവൻ നഷ്ടമായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. 2020 ഒക്ടോബറിലായിരുന്നു അവസാന സംഭവം. ഗേറ്റ് അടച്ചതിനാൽ അപകടത്തിൽ ഗുരുതര പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ വൈകി. മൂന്ന് മിനിട്ട് മുമ്പ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്‌ടർമാർ പറഞ്ഞിരുന്നത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് സമീപമായതിനാൽ ഗേറ്റിന്റെ നിയന്ത്രണം സ്റ്റേഷൻ അധികൃതർക്കാണ്. സ്റ്റേഷനിൽ നിന്ന് റിലീസ് ചെയ്യാതെ ഗേറ്റ് തുറക്കില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പരമാവധി നഷ്ടപരിഹാരത്തുക

2016-17ലെ ബഡ്ജറ്റിൽ 36 കോടിയാണ് പാലം നിർമ്മാണത്തിനായി അനുവദിച്ചത്. വീണ്ടും നീണ്ടുപോയ നിർമ്മാണ നടപടികളിൽ വിവിധ സമരസമിതികളുടെ നേതൃത്വത്തിൽ നിരാഹാര സമരമടക്കം നടത്തിയാണ് നീക്കുപോക്കുണ്ടാക്കിയത്. തുടർന്ന് 2017 ഒക്ടോബർ ഒമ്പതിന് സ്ഥലം എം.എൽ.എ വി.എസ്.അച്യുതാനന്ദൻ തറക്കല്ലിട്ടു. സ്ഥലമേറ്റെടുപ്പിൽ കുരുങ്ങി മേൽപ്പാല നിർമ്മാണം വീണ്ടും അനിശ്ചിതത്വത്തിലായി.

പാലക്കാട് 2, അകത്തേത്തറ വില്ലേജുകളിലെ 42ഓളം സ്ഥലം ഉടമകളിൽ നിന്നായി ഒരേക്കർ ഏഴ് സെന്റ് ഭൂമിയാണ് നിലവിൽ മേൽപ്പാലത്തിനായി ഏറ്റെടുത്തത്. ഇതിൽ ചിലർ മാത്രമാണ് ആദ്യഘട്ടത്തിൽ സമ്മതപത്രം കൈമാറിയത്. ചില ഉടമകൾ കോടതിയെ സമീപിച്ചതും നടപടികൾ വൈകാൻ ഇടയാക്കി. വി.എസ്.അച്യുതാനന്ദന്റെ നിർദ്ദേശപ്രകാരം സ്ഥലമുടമകൾക്ക് പരമാവധി നഷ്ടപരിഹാരത്തുക നൽകിയാണ് നിലവിൽ സ്ഥലം ഏറ്റെടുത്തത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. 18 മാസത്തിനകം പണി പൂർത്തിയാക്കാമെന്നാണ് ആർ.ബി.ഡി.സി.കെ.യുടെ ഉറപ്പ്.

മേൽപ്പാലം 690 മീറ്റർ നീളത്തിൽ

പാലക്കാട്‌ - കോയമ്പത്തൂർ റെയിൽപ്പാതക്ക് കുറുകെ രണ്ടുവരിപ്പാതയായി 10.90 മീറ്റർ വീതിയിലും 690 മീറ്റർ നീളത്തിലുമാണ് മേൽപ്പാലം നിർമ്മിക്കുക. കല്ലേക്കുളങ്ങര ആർച്ച് മുതൽ ആണ്ടിമഠം വരെയാണ് പാലം കടന്നുപോകുന്നത്. മേൽപ്പാലത്തിന് പുറമേ ഇരുവശത്തും ഒരു മീറ്റർ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റർ വീതിയിലായിരിക്കും ഗതാഗതം. മേൽപ്പാലത്തിന് പുറമെ ഇരുവശത്തും സർവീസ് റോഡും അഴുക്കുചാലും നിർമ്മിക്കും.

വാടാനാംകുറുശിയിൽ സ്റ്റീൽ ബ്രി‌ഡ്‌ജ്

പാലക്കാട് - നിലമ്പൂർ റൂട്ടുകളിലായി നിരന്തരം അടഞ്ഞു കിടക്കുന്ന റെയിൽവേ ഗേറ്റുകൾ യാത്രക്കാർക്ക് വലിയ തലവേദനയായിരുന്നു. ഏറെ തിരക്കുള്ള പാലക്കാട് - ഗുരുവായൂർ സംസ്ഥാന പാതയിൽ വാടാനാംകുറുശി റെയിൽവേ ഗേറ്റ് മണിക്കൂറിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും അടച്ചിടും. ആശുപത്രി ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ ഗതാഗത കുരുക്കിൽപ്പെടുന്നത് പതിവായതോടെയാണ് ഇവിടെയൊരു മേൽപ്പാലം വേണമെന്ന ആവശ്യം ഉയരുന്നത്. ജനങ്ങളുടെ നീണ്ടാകാല ആവശ്യം കിഫ്ബിയുടെ സഹായത്തോടെയാണ് യാഥാർത്ഥ്യമാകുന്നത്.

30 കോടി രൂപയാണ് മേൽപ്പാലത്തിനായി അനുവദിച്ചിട്ടുള്ളത്. ഇതുകൂടാതെ നാലുകോടി രൂപ സ്ഥലം ഏറ്റെടുക്കുന്നതിനും ലഭ്യമാക്കിയിട്ടുണ്ട്. സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിച്ചതായി ജനപ്രതിനിധികൾ പറയുന്നു. സ്ഥലം ഏറ്റെടുത്തവരിൽ പകുതിയിലധികം ആളുകൾക്കും തുക നൽകിക്കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കുന്നു. സാധാരണ കോൺക്രീറ്റ് നിർമ്മാണ രീതിയിൽ നിന്നും വ്യത്യസ്തമായി സ്റ്റീൽ കൂടുതൽ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. ആറുമാസത്തിനകം മേൽപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.