padmanabhaswamy-temple-

അനന്തപുരിയെന്ന പേരിൽ ചരിത്രത്താളുകളിൽ ഇടം നേടിയ തിരുവനന്തപുരത്തിന്റെ മായാത്ത അടയാളങ്ങളാണ് പദ്മനാഭസ്വാമി ക്ഷേത്രവും കവടിയാർ കൊട്ടാരവും. ഇപ്പോഴും ജനങ്ങളുടെ മനസിൽ തിരുവിതാംകൂർ ഭരിച്ച രാജാക്കൻമാരോടുള്ള ബഹുമാനവും ആദരവും മങ്ങാതെ നിൽക്കുന്നത് പ്രജാഹിതം അനുസരിച്ച് നാട് ഭരിക്കാൻ അവർ കാണിച്ച മഹാമനസുകൊണ്ടാണ്. അധികാരം ജനാധിപത്യത്തിന് വഴിമാറിയപ്പോഴും കൊട്ടാരത്തിലെ പിൻതലമുറക്കാരും ജനങ്ങളുടെ മനസിൽ രാജപദവിയോടെ കഴിയുന്നതും ഇതേ കാരണം കൊണ്ടാണ്.

ശ്രീ പദ്മനാഭ സ്വാമിക്ഷേത്രം ഒരു നഗരത്തിന്റെ കഥ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ വിവിധ കാലങ്ങളിലായി കൊട്ടാരത്തിലെത്തിയ വി ഐ പികളെ കുറിച്ച് വിവരിക്കുകയാണ് പൂയം തിരുനാൾ ഗൗരി പാർവതി ഭായി. രാജ്യത്തും വിദേശത്തുമുള്ള പ്രമുഖർ തിരുവനന്തപുരം നഗരത്തിലെത്തിയാൽ കവടിയാർ കൊട്ടാരത്തിൽ എത്തണമെന്ന ആഗ്രഹം പങ്കുവയ്ക്കാറുണ്ട്. ലോകമെമ്പാടും ആരാധകരുള്ള എ പി ജെ അബ്ദുൾ കലാം പ്രസിഡന്റായിരിക്കേ കവടിയാർ കൊട്ടാരത്തിൽ സന്ദർശനത്തിനെത്തിയ പ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് പൂയം തിരുനാൾ ഗൗരി പാർവതി ഭായി.

രാഷ്ട്രപതിയായിരിക്കവേ തിരുവനന്തപുരത്ത് സന്ദർശനത്തിനെത്തിയ എ പി ജെ അബ്ദുൾ കലാം കൊട്ടാരത്തിലും സന്ദർശനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തിന് ദിവസങ്ങൾക്കു മുൻപേ സുരക്ഷാ സജ്ജീകരണങ്ങൾക്കായി ഉദ്യോഗസ്ഥർ കൊട്ടാരത്തിലെത്തി. ഇവരോടായി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും പായസമെത്തിച്ചാൽ അദ്ദേഹം കഴിക്കുമോ എന്ന് കൊട്ടാരത്തിന്റെ ചുമതലയുള്ളവർ ചോദിച്ചപ്പോൾ അദ്ദേഹം കഴിക്കുമെന്ന മറുപടിയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 35 ലിറ്റർ പായസം പ്രത്യേകം തയ്യാർ ചെയ്ത് കൊട്ടാരത്തിൽ എത്തിച്ചു. ഭക്ഷണത്തിൽ വിഷമോ മറ്റോ കലർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ടേസ്റ്റേഴ്സ് എത്തിച്ചേർന്നു. രാഷ്ട്രപതിയുടെ സുരക്ഷ വിഭാഗത്തിലുള്ള ടേസ്റ്റേഴ്സ് ഈ പായസം കഴിച്ചപ്പോഴുണ്ടായ രസകരമായ അനുഭവമാണ് തമ്പുരാട്ടി ഇവിടെ പങ്കുവയ്ക്കുന്നത്.