തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങൾ വിശകലനം ചെയ്യാതെയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. തദ്ദേശ തിരഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി. രോഗനിയന്ത്രണത്തിന് സംസ്ഥാനത്ത് പൊലീസ് നടപടി ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. രോഗപരിശോധന കേരളത്തിൽ കുറവല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും കേരളത്തിലും മഹാരാഷ്‌ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,556 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച 153 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 123 മരണങ്ങളുണ്ടായി. ഇതിൽ 20 എണ്ണം കേരളത്തിലാണ്.ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,53,847 ആയി ഉയർന്നിരിക്കുകയാണ്.
രാജ്യത്താകെ കൊവിഡ് കുറയുന്നുണ്ടെങ്കിലും കേരളത്തിൽ വ്യാപനം വർദ്ധിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കിടെ 1,05,533 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 41,918ഉം കേരളത്തിലാണ്. ആകെ രോഗികളിൽ 39.7 ശതമാനവും കേരളത്തിലാണ്. രാജ്യത്ത് ഒരാഴ്‌ചയ്‌ക്കിടെ 18568 രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ കേരളത്തിൽ 2463 പേർ വർദ്ധിച്ചു. കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ രാജ്യത്തെ 147 ജില്ലകളിലും 14 ദിവസങ്ങൾക്കിടെ 18 ജില്ലകളിലും 21 ദിവസങ്ങളിൽ 6 ജില്ലകളിലം 28 ദിവസങ്ങൾക്കിടെ 21 ജില്ലകളിലും ഒരു കൊവിഡ് കേസും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.