ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്ഘാടന വേദിയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കേന്ദ്രവും കേരളവും ഒരുമിച്ച് ഭരിച്ചിട്ടും കോൺഗ്രസ് ഒന്നും ചെയ്‌തില്ലെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ആലപ്പുഴ ബൈപ്പാസ് നിർമ്മാണത്തിൽ കേന്ദ്രസർക്കാർ എല്ലാ സഹായവും ചെയ്‌തുവെന്നും സുധാകരൻ പറഞ്ഞു.
കേന്ദ്രവും കേരളവും തമ്മിൽ യോജിച്ച് പ്രവർത്തിച്ചതിന്റെ നേട്ടം കൂടിയാണ് ആലപ്പുഴ ബൈപാസ്. ഇതിന് പ്രത്യേക അവകാശവാദമൊന്നുമില്ല. ആത്മാർത്ഥതയും പ്രതിബദ്ധതയുമുണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും ചെയ്യാമായിരുന്നു. അപ്പോൾ കഴിഞ്ഞ സർക്കാർ ചെയ്യാതിരുന്നത് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടും പ്രതിബദ്ധത ഇല്ലാത്തതുകൊണ്ടുമാണ്. രാഷ്ട്രീയപ്രവർത്തനം മാത്രം നടത്തി ജീവിച്ചിട്ടുളള രാഷ്ട്രീയക്കാർക്ക് ഇതിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് ഒരു പാർട്ടിയും കേരളം ഭരിക്കുന്നത് വേറൊരു പാർട്ടിയുമാണ്. രണ്ടിടത്തും ഒരു കൂട്ടർ ഭരിച്ചപ്പോൾ എന്തുകൊണ്ട് ഇത് നടന്നില്ല എന്നല്ലേ അവർ പരിശോധിക്കേണ്ടത്. ലോഡു കണക്കിന് ഫ്ലക്‌സ് കൊണ്ടുവന്ന് വച്ചതുകൊണ്ട് ഒരു കാര്യവുമില്ല.
ഞങ്ങളാരും, താനോ തോമസ് ഐസക്കോ ഒരു ഫ്ലക്‌സ് പോലും വച്ചില്ല. ജനഹൃദയങ്ങളിൽ ഫ്ലക്‌സ് വയ്‌ക്കാൻ കഴിയില്ല. നിങ്ങൾക്ക് മരത്തിൽ കെട്ടാൻ മാത്രമേ പറ്റൂവെന്നും സുധാകരൻ പറഞ്ഞു.