''ഞാൻ ഏറെ സന്തോഷവതിയാണ്. അപകടത്തിനുശേഷമാണ് ജീവിതത്തെക്കുറിച്ച് കൂടുതൽ മനസിലായത്. മനസിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ട്. തീർച്ചയായും പരിമിതകളുണ്ടാകും, അതെല്ലാംകടന്നുപോകുമെന്ന ആത്മവിശ്വാസമുണ്ട്..." പ്രകാശം നിറയുന്ന പുഞ്ചിരിയോടെ, പ്രത്യാശയുള്ള ഉറച്ച ശബ്ദത്തിൽ ഡോ. മരിയ ബിജു വ്യക്തമാക്കുമ്പോൾ അറിയണം ആ മിടുക്കിയുടെ ജീവിതം...
ഡോ. മരിയ ബിജുവിന്റെ മനസ് നിറയെ സ്വപ്നങ്ങളാണ്, സ്കൂബാഡൈവ് ചെയ്യണം, മഞ്ഞുവീഴുന്ന സ്ഥലങ്ങളിലേക്ക് ബുള്ളറ്റിൽ യാത്ര പോകണം, ജീവിതത്തിന്റെ ഇരുട്ടിൽ വീണുപോകുന്നവരെ പിടിച്ചെഴുന്നേൽപ്പിക്കാൻ മോട്ടിവേഷണൽ സ്പീച്ച് നടത്തണം, ഒരുപാട് യാത്രകൾ വേണം, നല്ലൊരു ഡോക്ടർ ആകണം. പ്രസരിപ്പാർന്ന ജീവിതത്തിൽ അഞ്ചുവർഷങ്ങൾക്ക് മുമ്പ് അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് മരിയയുടെ ശരീരത്തിന്റെ പാതിഭാഗത്തെ മാത്രമാണ് തളർത്താൻ കഴിഞ്ഞത്. ആറുമാസം നീണ്ട തുടർച്ചയായ ചികിത്സകൾക്ക് ശേഷം മരിയ തിരിച്ചെത്തിയത് പണ്ടത്തേക്കാൾ നിറഞ്ഞ സന്തോഷമുള്ള, ഓരോ സംസാരത്തിനിടയിലും ഹൃദയം തുറന്നു ചിരിക്കുന്ന, മരിയയുടെ തന്നെ ഭാഷയിൽ 'ജീവിതം ഇപ്പോൾ നന്നായി പഠിച്ചു" എന്ന നിലപാടുള്ള മിടുക്കിയായാണ്. ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിച്ച് എം.ബി.ബി.എസ് മരിയ സ്വന്തമാക്കിയത് ആത്മവിശ്വാസം അടയാളപ്പെടുത്തിയ ജീവിതത്തിൽ നിന്നാണ്. മരിയയുടെ പ്രചോദിപ്പിക്കുന്ന ജീവിതമറിയാം.
കുഞ്ഞുനാൾ മുതൽ കണ്ട സ്വപ്നം
ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ളിക്ക് സ്കൂളിലെ എൽ.കെ. ജിയിലെ ആദ്യക്ലാസ് കഴിഞ്ഞെത്തിയ മരിയയോട് പപ്പയുടെ മമ്മി പറഞ്ഞത് ഒരൊറ്റകാര്യമായിരുന്നു, താൻ ആഗ്രഹിച്ചിട്ടും പഠിക്കാൻ കഴിയാതെ പോയ ഡോക്ടർ ജോലി കൊച്ചുമോൾ നേടണം. കൊച്ചുമനസിൽ ഡോക്ടർ എന്ന വാക്ക് പതിഞ്ഞു, കരിയറിൽ പിന്നീട് പ്ളാൻ ബി എന്നൊരു ചിന്തയും വന്നില്ല. ഒന്നാം ക്ളാസ് മുതൽ ഒമ്പതാം ക്ളാസ് വരെ ഷാർജയിലായിരുന്നു.
പത്താം ക്ളാസായപ്പോൾ നാട്ടിലെത്തി മരട് ഗ്രിഗോറിയൻ സ്കൂളിൽ ചേർന്നു. ഷാർജയിൽ സ്കൂളിലെ ഗേൾസ് ക്രിക്കറ്റ് ടീമിലുണ്ടായിരുന്നു. ബാസ്ക്കറ്റ് ബാൾ, ടേബിൾ ടെന്നീസ് ഒക്കെ വലിയ ഇഷ്ടം. അത്യാവശ്യം ചിത്രം വരയ്ക്കും. വലിയ പഠിപ്പിസ്റ്റ് എന്നു പറയാൻ കഴിയില്ലെങ്കിലും അൽപ്പം ഉഴപ്പിയാലും അവസാന മണിക്കൂറിൽ നന്നായി പഠിച്ച് മാർക്ക് നേടുന്ന ആൾ. ആദ്യശ്രമത്തിൽ എം.ബി.ബി.എസ് കിട്ടിയില്ല, രണ്ടാംവട്ടം തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു. കോളേജിൽ അടിച്ചു പൊളിക്കണം, എല്ലാ ഇവന്റുകളിലും പങ്കാളിയാകണം. മരിയ പറയുന്നതു പോലെ കുന്നോളം മോഹങ്ങൾ.
എം.ബി.ബി.എസ് പഠനത്തിന്റെ ആദ്യവർഷമായിരുന്നു അപകടം സംഭവിച്ചത്. മോഡൽ പരീക്ഷയുടെ സമയമാണ്. 2016 ജൂൺ 5ന് രാത്രി എട്ടുമണിയായിട്ടുണ്ടാകും. ഹോസ്റ്റലിൽ ഭക്ഷണത്തിന് പോകാൻ തുടങ്ങുമ്പോഴാണ് മഴ പെയ്തത്. രണ്ടാം നിലയിൽ ഡ്രസുകൾ ഉണങ്ങാനിട്ടിട്ടുണ്ടായിരുന്നു. തുണികൾ എടുക്കുമ്പോഴേക്കും ഒരെണ്ണം കൈയിൽ നിന്നും താഴേക്ക് വീണു, അതെടുക്കാനുള്ള ശ്രമത്തിലായിരുന്നു വെള്ളത്തിൽ ചവിട്ടി മരിയ താഴേക്ക് വീണത്.
പാരച്യൂട്ടിൽ പറന്നെന്ന ബോദ്ധ്യം
അപകടത്തെക്കുറിച്ച് ആരു ചോദിച്ചാലും ഒരു ചിരിയോടെ മരിയ പറയുന്നത് പാരച്യൂട്ടിൽ പറന്ന തോന്നൽ എന്നാണ്. കുറച്ചു നേരം അപകടം ആരുമറിഞ്ഞില്ല. സുഹൃത്തുക്കൾ ഓടിയെത്തി അൽ അസർ ആശുപത്രിയിലേക്ക് തന്നെ മാറ്റി. നട്ടെല്ലിനും കഴുത്തിനും കൈയിലുമെല്ലാം സാരമായ പരിക്കുകൾ. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ മിഷനിലേക്ക് മാറ്റി, അവിടെ നിന്ന് സർജറിക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കും. ഇനി എഴുന്നേറ്റ് നടക്കാൻ പറ്റില്ലെന്ന കാര്യം ഐ.സി.യുവിൽ കിടക്കുമ്പോഴേ മരിയയ്ക്ക് മനസിലായിരുന്നു. അന്നേ മനസ് കൂടുതൽ ബലപ്പെട്ടു. എല്ലാം ദൈവത്തിന്റെ വലിയ പദ്ധതിയായി തന്നെ മനസിൽ കുറിച്ചിട്ടു. ആശുപത്രിയിലെ നീണ്ട നാളുകൾ. അമ്മയായിരുന്നു പ്രാണനായി കൂടെ. അച്ഛൻ ആശുപത്രിയിലും അനുജത്തിയെ നോക്കുന്നതിന് വീട്ടിലുമായി മാറി മാറി നിന്നു. തുടർന്നുള്ള റീഹാബിലിറ്റേഷൻ ചികിത്സ വെല്ലൂർ സി.എം.സി മെഡിക്കൽ കോളേജിലായിരുന്നു. തന്റെ പുസ്തകങ്ങൾ വേണമെന്ന് ഇടയ്ക്കെപ്പോഴോ മരിയ ആവശ്യപ്പെട്ടു. പിറ്റേന്ന് തന്നെ അവ എത്തിച്ചെങ്കിലും കുറച്ചു കൂടെ കാത്തിരിക്കാനായിരുന്നു ഡോക്ടർമാർ പറഞ്ഞത്. മെഡിക്കൽ വിദ്യാർത്ഥിയാണെന്നറിഞ്ഞപ്പോൾ ഡോക്ടർമാരും പഠിക്കേണ്ട കുറേ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അവിടെയുള്ള റീഹാബിലിറ്റേഷൻ വകുപ്പ് മേധാവി ഡോ. ജോർജ് തര്യന്റെ ഭാര്യ ഫിസിയോളജി പ്രൊഫസർ ഡോ. രേണു സമയം കിട്ടുമ്പോൾ മുറിയിലെത്തി പഠിപ്പിക്കുകമായിരുന്നു. കുറേയേറെ പ്രാർത്ഥനകൾ, എല്ലാവരുടെയും പിന്തുണ, മനസു തുളുമ്പുന്ന പ്രകാശം. എല്ലാമായപ്പോൾ മരിയ പുതിയ മരിയയായി.
അന്ന് കരഞ്ഞു, പിന്നെ പൊരുതി
''എങ്ങനെ ഇനി ജീവിക്കണമെന്ന് പരിശീലനം നൽകുന്ന റീഹാബിലിറ്റേഷൻ വെല്ലൂർ സി.എം.സിയിൽ തുടങ്ങിയപ്പോൾ തന്നെ എനിക്ക് ചുറ്റും കുറേ മനുഷ്യരുണ്ടായിരുന്നു, അവർ തളർന്നുപോകരുതെന്ന് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. റീഹാബിലിറ്റേഷൻ സെന്റർ ഫൗണ്ടർ മേരി വർഗീസിന്റെ ജീവിതകഥയും കുറേ പേർ എന്നോട് പറഞ്ഞിരുന്നു. പിന്നീടൊരിക്കലും ഞാൻ പുറകോട്ട് നോക്കിയിട്ടില്ല. എനിക്ക് അവിടെ ഒക്യുപേഷണൽ തെറാപ്പി തന്ന ഡോക്ടർ പറഞ്ഞത്, ഇനി ഒരു കാര്യത്തിലും മടി പാടില്ല, ഇനിയാണ് നീ പറക്കാൻ പോകുന്നത് എന്നായിരുന്നു. അതെനിക്ക് തന്ന ആത്മവിശ്വാസം അളവറ്റതാണ്. ഇങ്ങനെ ഒരു അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വന്നതിൽ ഞാനിന്ന് ഏറെ സന്തോഷവതിയാണ്, കാരണം ഞാൻ കുറേ പഠിച്ചു. നേരത്തെയുണ്ടായിരുന്ന ആളേ അല്ല അപകടത്തിനുശേഷമുള്ള ഞാൻ. എന്റെ കാഴ്ചപ്പാടുകളും ജീവിതത്തെ കുറിച്ചുള്ള ചിന്താഗതികളുമൊക്കെ മാറി. എന്തുകൊണ്ട് ഞാൻ എന്നൊരു ചോദ്യം പോലും എന്റെ കൈയിലില്ല. എന്തെങ്കിലും കാരണമുണ്ടായിരിക്കുമെന്ന് എനിക്കറിയാം. മാത്രമല്ല, അങ്ങനെ ഒന്നും ചിന്തിക്കാനുള്ള സമയവും കൈയിലുണ്ടായിരുന്നില്ല. എല്ലാസമയവും ഞാൻ തിരക്കിലായിരുന്നു, ഒന്നുകിൽ ഫോണിൽ എന്തെങ്കിലും ചെയ്യും, അല്ലെങ്കിൽ പുതുതായി എന്തെങ്കിലും പഠിക്കാൻ ശ്രമിച്ചിരുന്നു അപ്പോൾ. അങ്ങനെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്തു. ഫിസിയോ തെറാപ്പിയൊക്കെ ചെയ്യുമ്പോൾ നല്ല ക്ഷീണമായിരിക്കും, അതുകൊണ്ടു തന്നെ നന്നായി ഉറങ്ങും. ഡിസംബർ അഞ്ചാം തീയതി ഞാൻ വെല്ലൂരിൽ നിന്നും വീട്ടിൽ തിരിച്ചെത്തി. അൽ അസർ മെഡിക്കൽകോളേജ് മാനേജ്മെന്റ് എല്ലാ പിന്തുണയും നൽകി. എനിക്ക് സഞ്ചരിക്കാൻ വേണ്ടി കോളേജിൽ റാംപ് ഉണ്ടാക്കി, പ്രത്യേകം ഹോസ്റ്റലും സഹായിയെയും അവർ അനുവദിച്ചു. അമ്മ തന്നെയായിരുന്നു കൂടെ. പിന്നെ 24 മണിക്കൂറും ചുറ്റിലും സുഹൃത്തുക്കൾ എന്നെ പഠിപ്പിക്കാനും പാഠഭാഗങ്ങൾ വായിച്ചു തരാനും ഉണ്ടായിരുന്നു. ഫെബ്രുവരിയിലായിരുന്നു പരീക്ഷ. ബെഡ് സോർ ഇടയ്ക്ക് ബുദ്ധിമുട്ടിച്ചു, കത്തീറ്റർ ഇട്ടതിനാൽ യൂറിനറി ഇൻഫെക്ഷനും പരീക്ഷയ്ക്കിടയിൽ വന്നു. എനിക്ക് പഠിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ചില നേരങ്ങളിൽ കരഞ്ഞിട്ടുണ്ട്. പക്ഷേ, എല്ലാവരും ചേർന്ന് ആ വിഷമമൊക്കെ മാറ്റി തന്നു. എല്ലാ തിരക്കും മാറ്റിവച്ചാണ് സുഹൃത്തുക്കൾ രാവും പകലും കൂടെയിരുന്ന് നഷ്ടപ്പെട്ട പാഠ്യഭാഗങ്ങളൊക്കെ പറഞ്ഞു തന്നത്.
നിഴലുപോലെ പിന്തുണയുമായി അവർ
മരിയയുടെ അപ്പ ബിജു പീറ്റർ ദുബായ്യിൽ ബിസിനസാണ്, ഇപ്പോൾ നാട്ടിലുണ്ട്. അമ്മ സുനി ബിജു, അനുജത്തി മാരിയോൺ ബിജു ഇപ്പോൾ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥിയാണ്. അപ്പ ഇപ്പോൾ തന്റെ നട്ടെല്ലും അമ്മ ശ്വാസവുമാണെന്നാണ് മരിയ എല്ലാവരോടും പറയുന്നത്. ഒരിക്കലും ഒന്നും ചെയ്യാൻ മടി വിചാരിക്കരുത്, പരിശ്രമിച്ചുകൊണ്ടിരിക്കണം, തെറ്റു പറ്റുമോ എന്ന് ചിന്തിക്കേണ്ട, അതിന് പരിഹാരമുണ്ടല്ലോ എന്ന് ആലോചിച്ചാൽ മതി എന്ന് പറയുന്ന കുടുംബമാണ് കരുത്ത്. അനുജത്തി മാരിയോൺ പ്ളസ്ടുവിലായപ്പോഴാണ് അപകടമുണ്ടായത്. എപ്പോഴും കൂടെയുണ്ടായിരുന്ന അമ്മ ദൂരെയായപ്പോൾ തളർന്നെങ്കിലും പിടിച്ചു നിന്ന മാരിയോൺ ആണ് യഥാർത്ഥ പോരാളി എന്നാണ് മരിയ പറയുന്നത്. തന്നേക്കാൾ കൂടുതൽ അനുഭവിച്ചത് അനുജത്തിയാണെന്ന് പറയുമ്പോഴും ആ ആത്മബന്ധം അറിയാം. മാരിയോൺ പഠിക്കാൻ ആഗ്രഹിച്ചത് മറ്റൊരു കരിയർ ആയിരുന്നു, പക്ഷേ ഇപ്പോൾ മെഡിസിൻ പഠിക്കുന്നത് ചേച്ചിക്ക് വേണ്ടിയാണ്. ഉറച്ച ദൈവവിശ്വാസിയാണ് മരിയ, പക്ഷേ, എപ്പോഴും പ്രാർത്ഥിക്കാറില്ല, നമ്മളെ കുറിച്ച് ദൈവത്തിനറിയാം, എപ്പോഴും ആവശ്യങ്ങൾ ഉന്നയിച്ച് ബുദ്ധിമുട്ടിക്കേണ്ടതില്ല എന്ന നിലപാടാണ്. ഇപ്പോൾ അൽ അസർ കോളേജിൽ തന്നെ ഹൗസ് സർജൻസി ചെയ്യുകയാണ്. ഒരു ആശുപത്രിയിൽ രോഗി എത്തുമ്പോൾ സാധാരണ ചെയ്യേണ്ട കുറേ കാര്യങ്ങളുണ്ട്. അതൊക്കെ എങ്ങനെയാണ് ചെയ്യുക എന്നൊരു ചോദ്യങ്ങളുണ്ട് മരിയയുടെ മനസിൽ. സർജറി ആണ് അന്നും ഇന്നും ഇഷ്ടപ്പെട്ട സ്പെഷ്യലൈസേഷൻ. പക്ഷേ, വീൽചെയറിലിരുന്ന് അത് എത്രത്തോളം പ്രായോഗികമാകും എന്നതിനാൽ ഹൗസ് സർജൻസി അനുഭവങ്ങളും കൂടി ചേർത്ത് തുടർപഠനത്തിനുള്ള തീരുമാനമെടുക്കാം എന്ന ആലോചനയിലാണ്. ഇപ്പോൾ വിപണിയിലുള്ള സ്റ്റാന്റിംഗ് വീൽചെയറും പിന്തുണക്കുമെന്നാണ് പ്രതീക്ഷ. മരിയയുടെ അതേ അവസ്ഥയിലുള്ള ആസ്ട്രേലിയയിലുള്ള ഒരു ഡോക്ടറുടെ ജീവിതവും വെളിച്ചമായി മുന്നിലുണ്ട്. കുട്ടിക്കാലത്ത് ഏറെ കൊതിച്ച വയലിൻ പഠിത്തത്തിനും മരിയ ഇപ്പോൾ സമയം കണ്ടെത്തുന്നു. ആത്മവിശ്വാസം പകരുന്ന മനോഭാവവും എപ്പോഴും മുഖത്ത് ഒരു പുഞ്ചിരിയും കാത്തുസൂക്ഷിക്കുന്ന ഡോ. മരിയ ബിജു ജീവിതത്തിൽ പാറിപ്പറക്കാതിരിക്കുന്നത് എങ്ങനെയാണ്...