തിരുവനന്തപുരം: ഇന്ത്യയുടെ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾകലാമിന്റെ പേരിൽ നഗരസഭ പ്രഖ്യാപിച്ച എ.പി.ജെ അബ്ദുൾ കലാം പാർക്ക് മാർച്ചിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. തുമ്പ വി.എസ്.എസ്.സിക്ക് സമീപത്ത് സ്റ്റേഷൻ കടവിലെ ഏക്കറിലാണ് പാർക്ക് നിർമ്മിക്കുന്നത്. നിർമ്മാണം അവസാനഘട്ടത്തിലാണ്. കഴിഞ്ഞ വർഷം നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നതാണെങ്കിലും കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികളെ തുടർന്ന് നീളുകയായിരുന്നു. അടൽ മിഷൻ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്ക് സ്ഥാപിക്കുന്നത്. 5.5 കോടിയാണ് നിർമ്മാണച്ചെലവ്.
ന്യൂട്രീഷൻ പാർക്ക്, വിത്ത് ബാങ്ക്, തുറന്ന ജിംനേഷ്യം, വായനശാല, സൈക്കിൾ ട്രാക്ക് എന്നിവയെല്ലാം ഇതോടനുബന്ധിച്ച് ഒരുക്കും.വിവിധതരം സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുവേണ്ടി പാർക്കിൽ വിത്ത് ബാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിൽ പൊതുജനങ്ങളെക്കൂടി പങ്കാളിയാക്കും. പരിസ്ഥിതിപ്രവർത്തക അനിത ശർമയുടെ സഹായത്തോടെയാണ് വിത്ത് ബാങ്ക് ഒരുക്കുന്നത്. നഗരസഭയുടെ ഓപ്പൺ ജിംനേഷ്യവും സ്ഥാപിക്കും. ഔഷധ ഗുണങ്ങളുള്ള ചെടികൾക്കും മരങ്ങൾക്കും മുൻഗണന നൽകിയാണ് ന്യൂട്രീഷൻ പാർക്ക് ഒരുക്കുന്നത്. കുട്ടികൾക്ക് കളിക്കാനും സമയം ചെലവിടാനുമായി ചെറിയ കളിയിടവും ഒരുക്കുണ്ട്. പാർക്കിലെത്തുന്നവർക്ക് സ്വസ്തമായ വായന പ്രദാനംചെയ്യുന്ന ചെറിയ വായനശാലയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
പാർക്കിൽ പുല്ലും മറ്റും നട്ടു പിടിപ്പിച്ച് ഹരിതാഭമാക്കിയിട്ടുണ്ട്. 1.5 കിലോമീറ്റർ നീളമുള്ള സൈക്കിൾ ട്രാക്ക്, ടോയ്‌ലറ്റ് കോംപ്ളക്സ്, നടപ്പാത, എക്‌സിബിഷൻ സെന്റർ എന്നിവ ഉൾപ്പെടുന്നതാണ് പാർക്കിലെ ഗ്രീൻ സ്‌പേസ്. മുൻ മേയറും വട്ടിയൂർക്കാവ് എം.എൽ.എയുമായ വി.കെ.പ്രശാന്തിന്റേതാണ് ഈ ആശയം. നേരത്തെ മാലിന്യങ്ങൾ തള്ളാൻ മാത്രം ഉപയോഗിച്ചിരുന്ന പാർവതി പുത്തനാർ - സ്റ്റേഷന കടവ് റോഡിലെ സ്ഥലമാണ് പാർക്കിനായി ഏറ്റെടുത്തത്. ഇതിനായി 16 സെന്റാണ് വി.എസ്.എസ്.സി കോർപ്പറേഷന് കൈമാറിയത്. അഞ്ഞൂറോളം വിവിധ ചെടി വർഗങ്ങളും മരങ്ങളുമാണ് പാർക്കിൽ സംരക്ഷിക്കുക.ട്രാൻസ്ജെൻഡറുകൾക്കായി ടോയ്‌ലറ്റ് സൗകര്യം, അഗ്രോ ബാസാർ തുടങ്ങിയ സൗകര്യങ്ങളും പാർക്കിൽ ഒരുക്കും. പാർക്കിൽ എ.പി.ജെ.അബ്ദുൾ കലാമിന്റെ പ്രതിമ സ്ഥാപിക്കും. പാർക്കിലേക്കുള്ള നടപ്പാത ഇതിനോടകം പൂർത്തിയായിട്ടുണ്ട്.