covid-vaccine-

ന്യൂഡൽഹി : കൊവിഡ് ലോകമെമ്പാടും പരത്തിയെന്ന ചീത്തപ്പേര് ചൈനയെ വേട്ടയാടുമ്പോൾ ആദ്യം വാക്സിൻ നൽകി പേരും സമ്പത്തുമുണ്ടാക്കാമെന്ന ചൈനയുടെ പദ്ധതിക്ക് ഇന്ത്യയുടെ വാക്സിനുകൾ വൻ തിരിച്ചടി നൽകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈന സ്വന്തമായി വികസിപ്പിച്ച സിനോവാക്സിൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കി ഉപയോഗിച്ച് തുടങ്ങുമ്പോഴും ബംഗ്ലാദേശുമായുള്ള സിനോവാക്സിൻ ഇടപാടുകൾ നിർത്തിവച്ചു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇതിന് പിന്നിൽ ഇന്ത്യയാണെന്ന കുറ്റപ്പെടുത്തലുകൾ ചൈനീസ് മാദ്ധ്യമങ്ങൾ നടത്തുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യയിൽ നിന്നും 5 ദശലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനുകൾ ബംഗ്ലാദേശിന് ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ 'വാക്സിൻ മൈത്രി' (വാക്സിൻ ഫ്രണ്ട്ഷിപ്പ്) സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരം രണ്ട് ദശലക്ഷം വാക്സിനുകൾ സമ്മാനമായി ബംഗ്ലാദേശിന് നൽകിയിരുന്നു. പുനെ ആസ്ഥാനമായിട്ടുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇതുവരെ മുപ്പത് ദശലക്ഷം വാക്സിൻ ഡോസുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓർഡറാണ് ലഭിച്ചിട്ടുള്ളത്. പ്രതിമാസം അമ്പത് ലക്ഷം വാക്സിനുകൾ ഇന്ത്യയിൽ നിന്നും ലഭ്യമാക്കാൻ പരിശ്രമിക്കുന്നതായി ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക് വെളിപ്പെടുത്തിയിരുന്നു.

ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും ഇന്ത്യൻ വാക്സിനായി മുറവിളി ഉയരുമ്പോൾ അസ്വസ്ഥരാകുന്നത് ചൈനയാണ്. കാരണം ചൈനീസ് വാക്സിൻ നിർമ്മാതാക്കൾ സിനോവാക്കിന്റെ ക്ലിനിക്കൽ ടെസ്റ്റ് കഴിഞ്ഞ ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായി ബംഗ്ലാദേശിൽ ആരംഭിക്കാൻ തയ്യാറെടുത്തതാണ്. എന്നാൽ ഈ പരീക്ഷണത്തിന്റെ ചിലവ് തങ്ങൾക്ക് വഹിക്കാനാവില്ലെന്ന് പറഞ്ഞ് ആ രാജ്യം കൈയ്യൊഴിയുകയായിരുന്നു. ഇതേ തുടർന്ന് പരീക്ഷണം ഒക്ടോബർ വരെ വൈകുകയും ചെയ്തു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് ഇതിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പരീക്ഷണ ചിലവിന്റെ നഷ്ടം നികത്തുന്നതിനായി സൗജന്യ വാക്സിനുകൾ നൽകാമെന്ന് ചൈനീസ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ബംഗ്ലാദേശ് വാക്സിനായി ഇന്ത്യയെ വിശ്വാസത്തിലെടുക്കുകയായിരുന്നു.

ദക്ഷിണേഷ്യയിലെ രാജ്യങ്ങളുമായുള്ള ചൈനയുടെ സഹകരണം ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നതെന്ന ആരോപണമാണ് ഇപ്പോൾ ചൈനീസ് വിദഗ്ദ്ധർ ഉന്നയിക്കുന്നത്. കോവിഡ് 19 വാക്സിനുകൾ അയൽ രാജ്യങ്ങൾക്ക് വ്യാപകമായി നൽകുന്ന ഇന്ത്യൻ നീക്കത്തെ സംശയത്തോടെയാണ് ചൈന വീക്ഷിക്കുന്നത്. അതേസമയം ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് എന്ന പെരുമ നേടി ലോകത്തിന്റെ വാക്സിൻ ഫാക്ടറിയായി ഇന്ത്യ മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യ 12 രാജ്യങ്ങളിലേക്ക് വാക്സിനുകൾ വിതരണം ചെയ്യാൻ തുടങ്ങി, വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഇതിനായി കരാർ ഒപ്പിടാൻ സാദ്ധ്യതയുമുണ്ട്. കോവിഡ് 19 വാക്സിനുകൾക്കായി ഇന്ത്യയെ 92 രാജ്യങ്ങൾ സമീപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ചൈനീസ് വാക്സിനെതിരായ ശബ്ദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നുണ്ട്.