kerala-blasters

മികച്ച പ്രകടനം കാഴ്ചവച്ചിട്ടും വിജയിക്കാൻ കഴിയാത്തത് കേരള ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയാവുന്നു

ഐ.എസ്.എൽ ഏഴാം സീസണിൽ തോൽവിയറിയാതെ തുടർച്ചയായി അഞ്ചുമത്സരങ്ങൾ പൂർത്തിയാക്കിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ സ്വപ്നങ്ങൾ പൂവണിയുവാനുള്ള തടസങ്ങൾ മാറുന്നേയില്ള. കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച ബ്ളാസ്റ്റേഴ്സിന് പക്ഷേ മൂന്നെണ്ണത്തിൽ സമനില വഴങ്ങേണ്ടിവന്നു.ഈ സമനിലകളിലെല്ലാം മികച്ച പോരാട്ടമാണ് മഞ്ഞപ്പട കാഴ്ചവച്ചതെങ്കിലും നിർഭാഗ്യം കൊണ്ട് വിജയം അകന്നുനിന്നു. കഴിഞ്ഞ ദിവസം ജംഷഡ്പൂരിനെതിരെ നടന്ന മത്സരം തന്നെ ടീമിന്റെ ഭാഗ്യമില്ലായ്മയ്ക്ക് ഏറ്റവും വലിയ ഉദാഹരണം.

ഈ മത്സരത്തിന്റെ ആദ്യപകുതിയിൽ മൂന്ന് തവണ ബ്ലാസ്റ്റേഴ്സിന്റെ ഷോട്ടുകൾ എതിർ ഗോൾ പോസ്റ്റിൽ തട്ടിമടങ്ങി. അതിലൊരെണ്ണം ക്രോസ്ബാറിൽ തട്ടി താഴേക്കു വീണു ഗോൾവര കടന്നെങ്കിലും റഫറിയോ ലൈൻസ്മാനോ അതു കണ്ടില്ല. ബോക്സിന് പുറത്തുനിന്ന് റോക്കറ്റ് ഷോട്ടുതിർത്ത ഹൂപ്പർ വീണ്ടും വല കുലുക്കിയപ്പോൾ റഫറി ഓഫ്സൈഡും വിളിച്ചു. ആദ്യ പകുതി അവസാനിക്കാറായ സമയത്ത് ബ്ളാസറ്റേഴ്സ് തുരുതുരാ ആക്രമണം നടത്തിയിട്ടും ഗോൾ മാത്രം വന്നില്ല.

രണ്ടാം പകുതിയിൽ നിക്ക് ഫിറ്റ്സ്ജെറാൾഡിലൂടെ ജംഷഡ്പൂർ ചില ആക്രമണങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.മറുവശത്ത് ബ്ളാസ്റ്റേഴ്സും വെറുതെയിരുന്നില്ല.മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദ് ജംഷഡ്പൂരിനെതിരെ തകർപ്പൻ പാസുകളുമായി മിന്നിത്തിളങ്ങുകയായിരുന്നു. നിരവധി പാസുകളാണ് സഹൽ നൽകിയത്. മുന്നേറ്റത്തിൽ മറേയും ലാൽതതംഗ ഖാർലിംഗുമാണ് മഞ്ഞപ്പടയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.66-ാം മിനിട്ടിൽ ഇരുവരും ചേർന്ന് നടത്തിയ ഒരു നീക്കത്തിനൊടുവിലെ മറേയുടെ ഹെഡറും ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്കുപോയി.കഴിഞ്ഞ മത്സരങ്ങളിലൊക്കെ അവസാന സമയത്ത് സ്കോർ ചെയ്തപോലെയൊരു നീക്കം ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഇതോടെ 14 കളികളിൽ നിന്ന് 15 പോയിന്റുമായി ബ്ളാസ്റ്റേഴ്സ് എട്ടാംസ്ഥാനത്തായി.ഇത്രതന്നെ പോയിന്റുള്ള ജംഷഡ്പൂർ ഏഴാമതുണ്ട്. കഴിഞ്ഞ സമനിലകളിൽ രണ്ടെണ്ണമെങ്കിലും വിജയമായിരുന്നുവെങ്കിൽ മഞ്ഞപ്പട ആദ്യ നാലുസ്ഥാനങ്ങളിൽ ഇടംപിടിച്ചേനെ. അവശേഷി​ക്കുന്ന ആറ് മത്സരങ്ങളി​ലും വി​ജയം നേടുക എന്ന വലി​യ ലക്ഷ്യമാണ് കി​ബു വി​കുന പരി​ശീലി​പ്പി​ക്കുന്ന ബ്ളാസ്റ്റേഴ്സി​നുള്ളത്.
ബ്ളാസ്റ്റേഴ്സി​ന് അവസാന നാലി​ലെത്താനുള്ള വഴി​ സാങ്കേതി​കമായി​ അടഞ്ഞി​ട്ടി​ല്ലെങ്കി​ലും പ്രായോഗി​കമായി​ അതി​കഠി​നം തന്നെയാണ്. ആദ്യ ഘട്ടത്തി​ൽ തങ്ങളെ തോൽപ്പി​ച്ച ബഗാൻ,മുംബയ് ,ഒഡി​ഷ എന്നി​വരെയൊക്കെ ഇനി​യും നേരി​ടേണ്ടതുണ്ട്. അടുത്ത മത്സരം 31ന് എടികെ മോഹൻ ബഗാനെതിരെയാണ്. ഫെബ്രുവരി മൂന്നിന് മുംബയ്‌യെ നേരിടണം. ഈ മത്സരങ്ങളി​ലെ വി​ജയം കൊണ്ടുമാത്രമേ സെമി​യി​ലേക്ക് എത്താനാകൂ.

ഫകുൻഡോ പെരേര ഗാരി​ ഹൂപ്പർ,ജോർദാൻ മറേ, വി​ൻസെൻഷ്യോ ഗോമസ് എന്നീ വി​ദേശ താരങ്ങൾക്കൊപ്പം മലയാളി​ താരംസഹൽ അബ്ദുൽ സമദും ഫോമി​ലേക്ക് എത്തി​യാൽ അസാദ്ധ്യമായി​ ഒന്നുമി​ല്ലെന്നാണ് കോച്ച് കി​ബു വി​കുന പറയുന്നത്. എന്നാൽ അതിനാെപ്പം ഭാഗ്യവും വേണമെന്ന് ആരാധകർ പറയുന്നു.

ഐ.എസ്.എൽ പോയിന്റ് നില

(ടീം,മത്സരം,പോയിന്റ് ക്രമത്തിൽ )

മുംബയ് സിറ്റി : 13-30

എ.ടി.കെ ബഗാൻ : 13-24

എഫ്.സി ഗോവ : 13-20

ഹൈദരാബാദ് : 13-18

നോർത്ത് ഈസ്റ്റ് : 13-18

ചെന്നൈയിൻ : 14-16

ജംഷഡ്പൂർ : 14-15

ബ്ളാസ്റ്റേഴ്സ് : 14-15

ബെംഗളുരു : 13-14

ഈസ്റ്റ് ബംഗാൾ : 13-12

ഒഡിഷ : 13-08

ബ്ളാസ്റ്റേഴ്സ് ഇതുവരെ

വി​ജയങ്ങൾ

2-0 Vs ഹൈദരാബാദ് (ഡി​സംബർ 27)

3-2 Vs ജംഷഡ്പൂർ (ജനുവരി​ 10)

2-1 Vs ബെംഗളുരു (ജനുവരി​ 20)

സമനി​ലകൾ

2-2 Vsനോർത്ത് ഈസ്റ്റ് (നവംബർ 26)

0-0 Vsചെന്നൈയി​ൻ (നവംബർ 29)

1-1 Vs ഈസ്റ്റ് ബംഗാൾ (ഡി​സംബർ 20)

1-1 Vs ഈസ്റ്റ് ബംഗാൾ ( ജനുവരി​ 15)

1-1 Vs എഫ്.സി​ ഗോവ ( ജനുവരി​ 23)

0-0 Vs ജംഷഡ്പൂർ ( ജനുവരി​ 27)

പരാജയങ്ങൾ

0-1 Vs എ.ടി​.കെ ബഗാൻ (നവംബർ 20)

1-3 Vs ഗോവ (ഡി​സംബർ 6)

2-4 Vsബെംഗളുരു (ഡി​സംബർ 13)

2-0 Vsമുംബയ് സി​റ്റി​ (ജനുവരി​ 02)

2-4 Vs ഒഡി​ഷ (ജനുവരി​ 07)

ബ്ളാസ്റ്റേഴ്സ് ഇനി​

Vs എ.ടി​.കെ ബഗാൻ (ജനുവരി​ 31 )

Vs മുംബയ് സി​റ്റി​ (ഫെബ്രുവരി​​ 3 )

Vsഒഡി​ഷ (ഫെബ്രുവരി​​ 11 )

Vs ഹൈദരാബാദ് (ഫെബ്രുവരി​​ 16 )

Vs ചെന്നൈയി​ൻ (ഫെബ്രുവരി​​ 21)

Vs നോർത്ത് ഈസ്റ്റ് (ഫെബ്രുവരി​​ 26)