nithin-gadkari

ആലപ്പുഴ: കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് കേന്ദ്രസർക്കാരിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. അരനൂറ്റാണ്ട് കാലത്തെ ജനങ്ങളുടെ സ്വപ്‌നമായ ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡ് ഗതാഗതം മെച്ചപ്പെടുത്താനുളള നിർദ്ദേശങ്ങൾ നൽകിയ മന്ത്രി കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ അർപ്പിക്കുന്നതായും പറഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന് വാഹനാപകടങ്ങളാണ്. പ്രതിവർഷം അഞ്ച് ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ വാഹനാപകടങ്ങൾ കുറയ്‌ക്കുന്നതിനുളള കർശന നടപടികൾ സ്വീകരിക്കണമെന്നും നിതിൻ ഗഡ്കരി മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

nithin-gadkari

കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണ് ആലപ്പുഴ ബൈപാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരനൂറ്റാണ്ട് കാത്തിരുന്ന പദ്ധതി ഇപ്പോൾ പൂർത്തിയാവുന്നത് ഏറെ സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഴുപതുകളിലാണ് ബൈപാസിനെ കുറിച്ചുളള ചർച്ചകൾ ആരംഭിച്ചത്. 17 കോടിയായിരുന്നു അന്നത്തെ എസ്റ്റിമേറ്റ്. ഇന്ന് 348 കോടി രൂപ ചെലവിലാണ് ബൈപാസ് നിർമ്മാണം പൂർത്തിയാക്കിയത്. നിർമ്മാണം പൂർണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തിയത്. എത്ര വലിയ പദ്ധതിയും മനോഹരമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് സാധിക്കുമെന്നത് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

nithin-gadkari

കേന്ദ്രമന്ത്രി പറഞ്ഞതുപോലെ വാഹനാപകടങ്ങൾ കുറയ്‌ക്കാനായുളള നടപടികളിലേക്ക് സർക്കാർ ഉടൻ നീങ്ങും. വാഹനാപകടങ്ങൾ അമ്പത് ശതമാനമായി കുറയ്‌ക്കാനുളള നടപടികൾ സ്വീകരിക്കും. അതിന് കേന്ദ്രവുമായി വിശദമായി ചർച്ച നടത്തും. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട റിംഗ് റോഡ് പദ്ധതിക്ക് സഹായം നൽകുന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.