ഒരുപാടുവർഷങ്ങൾക്ക് മുൻപാണ്.
കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായി ഒരേ സമയം മൂന്ന് സിനിമകളുടെ ചിത്രീകരണം നടക്കുന്നു.
കണ്ണൂരിലെ ഒരു പ്രശസ്തമായ ഹോട്ടലിലാണ് ഒട്ടുമിക്ക താരങ്ങളും താമസിച്ചിരുന്നത്. ചിലർ രണ്ട് സിനിമകളിലും അഭിനയിക്കുന്നുണ്ട്; മറ്റുചിലർ മൂന്ന് സിനിമകളിലും. ചിലർ ഒരു സിനിമയിൽ മാത്രമേ അഭിനയിക്കുന്നുള്ളു. വൈകുന്നേരമാകുമ്പോൾ ഷൂട്ടിംഗ് കഴിഞ്ഞ് വന്ന് എല്ലാവരുമൊത്തുകൂടും.
അങ്ങനെ ഒരു വൈകുന്നേരം എല്ലാവരുമൊരുമിച്ച് ഒാരോന്ന് പറഞ്ഞിരിക്കുമ്പോൾ ഒരാൾ വന്ന് പറഞ്ഞു: 'പറശിനിക്കടവ് മുത്തപ്പന്റെ അമ്പലം ഇവിടെ അടുത്താണ്. പോകാൻ ആഗ്രഹമുള്ള വിശ്വാസമുള്ളവരുണ്ടെങ്കിൽ നാളെ രാവിലെ പോകാം."
ഹിന്ദുക്കൾക്ക് മാത്രം പ്രവേശനമുള്ള അമ്പലമല്ല മുത്തപ്പന്റേത്. വിശ്വാസമുള്ള ആർക്കും അവിടെ പോയി തൊഴുത് പ്രാർത്ഥിക്കാം.ജാതിമത ഭേദമന്യേ അഭിനേതാക്കളെല്ലാവരും മുത്തപ്പന്റെ മുന്നിൽ പോയി പ്രാർത്ഥിക്കാൻ മനസ് കൊണ്ടൊരുങ്ങി.
മുത്തപ്പനോട് പ്രാർത്ഥിച്ചാൽ പ്രാർത്ഥിക്കുന്ന കാര്യം നടക്കുമെന്ന വിശ്വാസമായിരുന്നു അതിന് പിന്നിൽ.
അടുത്ത ദിവസം അതിരാവിലെ എല്ലാവരും മൂന്നുനാല് കാറുകളിലായി മുത്തപ്പന്റെ അനുഗ്രഹം വാങ്ങാനായി പുറപ്പെട്ടു. ഷൂട്ടിംഗിന് പോകാനായി പോലും രാവിലെ ഒമ്പത് മണിക്ക് റെഡിയാകണമെന്ന് പറഞ്ഞാൽ മുഖം കറുപ്പിക്കുന്നവർ പോലും പുലർച്ചെ തന്നെ കുളിച്ചൊരുങ്ങി രാവിലെ ആറര മണിയാകുംമുൻപേ കാറിൽ കയറി. മുത്തപ്പനെ കണ്ട് തിരിച്ച് വന്നിട്ടുവേണം ഷൂട്ടിംഗിന് പോകാൻ.
അമ്പലത്തിലേക്കുള്ള യാത്രയിൽ നാനാജാതി മതസ്ഥരുണ്ട്. അവിടെ ചെന്ന് കഴിഞ്ഞ് ചിലർ പേരും നാളും പറഞ്ഞ് പൂജ നടത്തി. നാളറിയാത്തവത്തവർ മുത്തപ്പന്റെ നാളിലും.
ശൈവ- വൈഷ്ണവ സങ്കല്പമായ മുത്തപ്പൻ പരബ്രഹ്മ സ്വരൂപനാണെന്നാണ് വിശ്വാസം.മുത്തപ്പനും തിരുവപ്പനും . മുത്തപ്പൻ പരമശിവന്റെ പ്രതിരൂപമാണ്. തിരുവപ്പൻ മഹാവിഷ്ണുവിന്റെയും.
ചില പ്രത്യേക ദിവസങ്ങളിലൊഴികെ മുത്തപ്പൻ മടപ്പുരയിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ള കുടുംബക്കാരിലാരെങ്കിലും മുത്തപ്പൻ തെയ്യക്കോലം കെട്ടാറുണ്ട്.
'ഇന്ന് മുത്തപ്പനുള്ള ദിവസമാണ് " ആരോ വന്ന് ഞങ്ങളോട് പറഞ്ഞു.
മുകളിലത്തെ മുറിയിൽ നിന്ന് മുത്തപ്പൻ ഉടൻ താഴോട്ടിറങ്ങി വരുമെന്നറിഞ്ഞു. മുത്തപ്പനെ കാണാൻ ഭാഗ്യം കിട്ടിയതിൽ ഞങ്ങളെല്ലാവരും സന്തോഷിച്ചു.ദൈവത്തിന്റെ പ്രതിരൂപമായ മുത്തപ്പനെ നേരിട്ട് കണ്ട് പ്രാർത്ഥിക്കാം. ആഗ്രഹങ്ങൾ പറയാം.
അധികം വൈകാതെ മുത്തപ്പൻ തെയ്യത്തിന്റെ വേഷഭൂഷാദികളണിഞ്ഞ കുറുകിയ ഒരു മനുഷ്യൻ താഴേക്കിറങ്ങിവന്നു.
'ഇന്ന് വന്നത് നന്നായി. മുത്തപ്പനെ കാണാൻ പറ്റിയല്ലോ" ഞങ്ങൾ പരസ്പരം പറഞ്ഞു.
ഞങ്ങളെയെല്ലാവരെയും കണ്ടപ്പോൾ മുത്തപ്പനും സന്തോഷമായി.
'മുത്തപ്പൻ എല്ലാവരെയുമൊന്ന് അനുഗ്രഹിക്കണം." ആരോ ഒരാൾ മുത്തപ്പനോട് പറഞ്ഞു.
'എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് പറഞ്ഞോട്ടെ.
ആ ആഗ്രഹം സാധിക്കാനുള്ള അനുഗ്രഹം കൊടുക്കാം" മുത്തപ്പൻ പറഞ്ഞു.അങ്ങനെ ഒരു സംഭവമുണ്ടാകുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. പ്രസാദംവാങ്ങി തിരിച്ചു പോകാമെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. ഞങ്ങളെല്ലാവരും മുത്തപ്പന് അഭിമുഖമായി നിൽക്കുകയാണ്.കൂട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഞാനാണ്. എന്റെ തൊട്ട് പിന്നിലായി കുണ്ടറ ജോണി, ഭീമൻ രഘു, സുകുമാരി ചേച്ചി, വത്സലാമേനോൻ അങ്ങനെ ഒരുപാട് പേരുണ്ട്.
ആദ്യം നിൽക്കുന്നയാളെയായിരിക്കും മുത്തപ്പൻ ശരിക്കും അനുഗ്രഹിക്കുക. മറ്റുള്ളവരെയൊക്കെ ഒരുമിച്ച് അനുഗ്രഹിച്ച് വിടുകയേയുള്ളൂവെന്ന് എന്റെ തൊട്ടു പിന്നിലായി നിന്ന കുണ്ടറ ജോണിക്ക് തോന്നി. എനിക്ക് ചിന്തിക്കാൻ പറ്റുന്നതിന് മുൻപേ എന്നെ തള്ളിമാറ്റി ജോണി മുന്നിലേക്ക് കയറിനിന്നു.
'ഏയ്... ഇതെന്ത് പണി" ഞാൻ ചോദിച്ചു.
'നീയൊന്ന് അഡ്ജസ്റ്റ് ചെയ്യ്. ഞാനൊന്ന്..." കുണ്ടറ ജോണി എന്നോട് യാചിക്കുംപോലെ പറഞ്ഞു.
മുത്തപ്പൻ ജോണിയുടെ അടുത്തേക്ക് വന്നു. നല്ല ഉയരമുള്ള ജോണിയെ ഉയരം കുറഞ്ഞ മുത്തപ്പൻ എത്തിവലിഞ്ഞ് തലയിൽ കൈവച്ചു. 'മോന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?"
അപ്പോഴാണ് ജോണിക്ക് അതിന്റെ അപകടം മനസിലായത്. ഇത്രയും പേർ നിൽക്കുകയാണ്. 'എനിക്കൊരു സൂപ്പർ സ്റ്റാർ ആകണ"മെന്ന ആഗ്രഹമാണ് പറയാനുള്ളത്. പക്ഷേ പറഞ്ഞാൽ ആരെങ്കിലും കളിയാക്കുമോയെന്ന പേടിയുമുണ്ട്.
ജോണി നിവൃത്തിയില്ലാതെ തല കുനിച്ച് മുത്തപ്പന്റെ ചെവിയിൽ തന്റെ ആഗ്രഹം പറഞ്ഞു.
'സൂ..." എന്ന് തുടങ്ങുന്ന വാക്ക് മാത്രം ഞാൻ കേട്ടു. മറ്റൊന്നും കേട്ടില്ല. മുത്തപ്പനും കേട്ടില്ല: 'തെളിച്ച് പറ മോനേ. എന്താണ് ആഗ്രഹം."
മുത്തപ്പന്റെ ചോദ്യം കേട്ടപ്പോൾ ജോണിക്ക് സംഗതി കൈവിട്ട് പോയെന്ന് ബോധ്യമായി. സൂപ്പർ സ്റ്റാറാകണമെന്ന മോഹം പറഞ്ഞാൽ മറ്റുള്ളവർ കളിയാക്കാനുള്ള സാധ്യതയുണ്ട്.
'സൂപ്പർ സ്റ്റാറാ.. നീയാ!" എന്നൊക്കെ പറഞ്ഞ് എക്കാലവും കളിയാക്കുമെന്ന് അറിയാവുന്ന ജോണി ആ ആഗ്രഹം മാറ്റിവച്ചു. ആ മുഖത്തുണ്ട് 'മറ്റൊരു ദിവസം ഒറ്റയ്ക്ക് വന്ന് ആ ആഗ്രഹം പറയാം." എന്ന തീരുമാനം.
'ഏറ്റവും നല്ല ആരോഗ്യമുള്ള ജീവിതമുണ്ടാകണം." ജോണി മുത്തപ്പനോട് പുതിയ ആഗ്രഹം പറഞ്ഞു.
'അങ്ങനെയാവട്ടെ." മുത്തപ്പൻ ജോണിയെ അനുഗ്രഹിച്ചു.
അനുഗ്രഹം കിട്ടിയതിൽ ജോണിക്ക് സന്തോഷമുണ്ട്. പക്ഷേ താൻ പറയാനിരുന്ന യഥാർത്ഥ ആഗ്രഹം ഇതല്ലല്ലോയെന്ന നിരാശയുമുണ്ട്.അടുത്ത ഉൗഴം എന്റേതാണ്. സൂപ്പർസ്റ്റാറാകണമെന്ന ആഗ്രഹം ഞാൻ പറഞ്ഞാൽ 'നീ പറഞ്ഞത് പോലെ ഞങ്ങളും പറഞ്ഞു"വെന്ന് എന്റെ പിന്നാലെ വരുന്നവർക്ക് പറയാം. ജോണിക്കാണ് ഞാനെന്ത് ആഗ്രഹമാണ് പറയാൻ പോകുന്നതെന്ന കാര്യത്തിൽ ഏറ്റവും കൂടുതൽ ആകാംക്ഷ.
'നീ പറയുന്നത് എനിക്കൊന്ന് കാണണ"മെന്ന ഭാവമാണ് ജോണിയുടെ മുഖത്ത്.
'പറ മോനേ. മോന്റെ ആഗ്രഹമെന്താ?" മുത്തപ്പൻ എന്നോട് ചോദിച്ചു.'മനസിലൊരു കാര്യം വിചാരിച്ചിട്ടുണ്ട്. അത് നടക്കണം. " ഞാൻ മുത്തപ്പനോട് പറഞ്ഞത് കേട്ട് തൊട്ടപ്പുറത്ത് നിന്ന ജോണി 'ശേ..."യെന്ന് പറഞ്ഞ് തന്റെ കൈകൾ തമ്മിൽ കൂട്ടിയിടിച്ചു.
'അങ്ങനെ പറഞ്ഞാൽ മതിയായിരുന്നു"വെന്ന ഇച്ഛാഭംഗം ജോണിയുടെ മുഖത്ത് നിറഞ്ഞു.
പിന്നീട് മുത്തപ്പന് മുന്നിലേക്ക് വന്ന എല്ലാവരും എന്റെ ഡയലോഗ് ആവർത്തിച്ചു: 'മനസിലൊരു കാര്യം വിചാരിച്ചിട്ടുണ്ട്. അത് നടക്കണം." എല്ലാവരും മനസിൽ വിചാരിച്ച കാര്യം സൂപ്പർസ്റ്റാറാവണമെന്നത് തന്നെയെന്ന കാര്യത്തിൽ എനിക്കൊട്ടു സംശയമില്ലായിരുന്നു.തിരിച്ച് പോകുംവഴി ഞാൻ പറഞ്ഞു: 'സൂപ്പർസ്റ്റാറാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതങ്ങ് സാധിച്ചുകൊടുക്കാമെന്ന് മുത്തപ്പൻ എന്നോട് പറഞ്ഞു."
എല്ലാവർക്കുമറിയാം മുത്തപ്പൻ എന്നോട് അങ്ങനെ പറയില്ലായെന്ന്. പക്ഷേ എല്ലാവരും ചിരിച്ചു. അതിൽ ഒരു കളങ്കവുമുണ്ടായിരുന്നില്ല. ഒറ്റ സീനിലഭിനയിക്കുന്ന ആളുകളുടെ മുതൽ മുഴുനീള വേഷം ചെയ്യുന്നവരുടെ വരെ മനസിലുള്ള മോഹം സൂപ്പർ സ്റ്റാറാകുകയെന്നത് തന്നെയാണ്. എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും എല്ലാ അഭിനേതാക്കളുടെ മനസിലും അങ്ങനെ ഒരാഗ്രഹമുണ്ട്. അതുണ്ടാവണം.
(വീണ്ടും തുടരാനായി തത്കാലം ഒരിടവേള)